സ്വാശ്രയ ഫീസ് വിജ്ഞാപനം താല്‍ക്കാലികം

Friday 7 October 2016 2:15 am IST

 

ജെ.എം.ജയിംസ്

കൊച്ചി: സര്‍ക്കാരുമായി കരാറൊപ്പിടാത്ത കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഉയര്‍ന്ന ഫീസ് വാങ്ങാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെങ്കിലും, അതു നടപ്പാവില്ല. സ്വാശ്രയ പ്രവേശന/ഫീസ് നിയന്ത്രണത്തിനുള്ള ജയിംസ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസേ ഈടാക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ”ഇപ്പോഴത്തെ സാഹചര്യം താല്‍ക്കാലികം മാത്രമാണ്,” ജെ.എം.ജയിംസ് ‘ജന്മഭൂമി’യോടു പറഞ്ഞു.

കണ്ണൂര്‍, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് 10 ലക്ഷവും കരുണയ്ക്ക് ഏഴരലക്ഷവും മെറിറ്റ് സീറ്റില്‍ ഫീസ് വാങ്ങാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കുകയും അത് മാനേജ്‌മെന്റുകള്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കണ്ണൂരിനും കരുണയ്ക്കും ഈ അനുമതി ഹൈക്കോടതി നേരത്തെ നല്‍കിയിരുന്നു. അതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്റെ ഇടവേളയിലാണ്, സര്‍ക്കാര്‍ വിജ്ഞാപനം. ആ അടിസ്ഥാനത്തില്‍, എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും ഉയര്‍ന്ന ഫീസ് ഈടാക്കാനാവില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു, ജയിംസ്.

ഹൈക്കോടതി താല്‍ക്കാലികമായി നിശ്ചയിച്ചു നല്‍കിയ ഫീസാണിതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതി പറഞ്ഞതനുസരിച്ചാണ്, വിജ്ഞാപനവും. സര്‍ക്കാര്‍ ശരിയായ ഫീസ്, ഓരോ മെഡിക്കല്‍ കോളജും നേരിടുന്ന ചെലവിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചു നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് നിശ്ചയിക്കുന്നത് ജയിംസ് കമ്മറ്റിയുടെ ചുമതലയാണ്.

മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനം നടത്താന്‍ ഇന്നുവരെ സമയം നല്‍കിയിരുന്നുവെന്ന് ജയിംസ് പറഞ്ഞു; അതുകൊണ്ടാണ് വിജ്ഞാപനം വന്നതും, തങ്ങള്‍ പ്രത്യേകാവധി അപേക്ഷ പിന്‍വലിക്കുന്നതായി മെഡിക്കല്‍ കോളജുകള്‍ സുപ്രീംകോടതിയെ അറിയിച്ചതും.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തില്‍ അപകാത കണ്ടതിനാല്‍ പ്രവേശനങ്ങള്‍ ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ട്രാവന്‍കൂര്‍, പി.കെ.ദാസ്, ശ്രീഗോകുലം മെഡിക്കല്‍ കോളജുകള്‍ പ്രവേശന വിവരങ്ങള്‍ മുഴുവന്‍ ലഭ്യമാക്കിയില്ലെന്നും കമ്മിറ്റി കണ്ടിരുന്നു.

നടത്തിയ പ്രവേശനങ്ങള്‍ റദ്ദാക്കിയ കമ്മിറ്റി, നീറ്റ് റാങ്ക് പട്ടികയില്‍ അര്‍ഹതയുള്ളവര്‍ക്ക് പ്രവേശന കമ്മിഷണര്‍ പ്രവേശനം നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. മൊത്തം പട്ടിക നോക്കാനായിരുന്നു, നിര്‍ദ്ദേശം. കേന്ദ്രീകൃത കൗണ്‍സലിംഗില്‍ ഈ കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും അപേക്ഷ നല്‍കിയവര്‍ക്കും അപേക്ഷ നിരസിക്കപ്പെട്ടവര്‍ക്കും പങ്കെടുക്കാമെന്നായിരുന്നു, ജയിംസ് കമ്മിറ്റി നിര്‍ദ്ദേശം.

എന്നാല്‍, ഇങ്ങനെ എല്ലാവരെയും പരിഗണിക്കേണ്ട എന്നാണ് ഇന്നലെ ഹൈക്കോടതി നല്‍കിയ ഉത്തരവ്. നീറ്റ് റാങ്ക് പട്ടിക നോക്കി, മെറിറ്റ് നോക്കി അപേക്ഷിച്ചവര്‍ക്ക് മാത്രം കൗണ്‍സലിംഗ് നടത്തുക. സീറ്റുകള്‍ ഒഴിവുവന്നാല്‍ അങ്ങനെ കിടക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.