കുട്ടനാട്ടിലെ ജലാശയങ്ങളില്‍ പോള നിറഞ്ഞു യാത്രാ ദുരിതം

Friday 7 October 2016 3:48 pm IST

കുട്ടനാട്: ജലാശയങ്ങളില്‍ പോള നിറഞ്ഞതോടെ കുട്ടനാട്ടിലെ യാത്രാക്‌ളേശം രൂക്ഷമായി. കടത്തു സര്‍വീസുകള്‍ പ്രതിസന്ധിയില്‍. പല പ്രദേശങ്ങളിലും യാത്രാബോട്ടുകള്‍ കടന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടുന്നു. പോളകള്‍ ബോട്ടുകളുടെ പ്രൊപ്പല്ലറുകളില്‍ കുരുങ്ങുന്നതാണ് പ്രധാന പ്രശ്‌നം. കാവാലം മുതല്‍ കിടങ്ങറ വരെയുള്ള പ്രദേശം പൂര്‍ണമായും പോള തിങ്ങി നിറഞ്ഞു കിടക്കുകയാണ്. ആഴ്ചകളായി പോള തിങ്ങി നിറഞ്ഞു കിടക്കുന്നതിനെ തുടര്‍ന്നു ആലപ്പുഴ –ചങ്ങനാശേരി, കാവാലം –കിടങ്ങറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കു പോള തിങ്ങിയതിനെ തുടര്‍ന്നു കൃത്യസമയത്തു സര്‍വീസ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. രണ്ടാഴ്ചയില്‍ അധികമായി പ്രധാന ജലാശയത്തില്‍ പോള നിറഞ്ഞു കിടക്കുകയാണ്. ഇതെ തുടര്‍ന്ന് ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു മല്‍സ്യ ബന്ധനം പോലും നടത്താന്‍ സാധിക്കുന്നില്ല. പോള നീക്കം ചെയ്യുന്നതിനായി കാവാലത്ത് ആറിനു കുറുകെ വടം കെട്ടിയിട്ടുണ്ടെങ്കിലും ഒഴുക്കിന് അനുസരിച്ചു ക്രമീകരിക്കാന്‍ ആരും ഇല്ലാത്തതിനെ തുടര്‍ന്ന് ഇതും ഫലപ്രദമായിട്ടില്ല. പഞ്ചായത്തിന്റെ സഹകരണത്തോടെ ആറിനു കുറുകെ വടം കെട്ടി ഒഴുക്കിന് അനുസരിച്ചു പോള നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നു ആവശ്യം ഉയരുന്നു. കാവാലം മുതല്‍ കിടങ്ങറ വരെയുള്ള പ്രദേശത്തെ കടത്തുവള്ള സര്‍വീസുകളെയും കാവാലം –തട്ടാശേരിയിലെ ജങ്കാര്‍ സര്‍വീസിനെയും പോള കാര്യമായി ബാധിച്ചിട്ടുണ്ട്. കാവാലം, കൃഷ്ണപുരം, വടക്കന്‍ വെളിയനാട്, മിഖായേല്‍ പള്ളി, പുലിമഹം, കുന്നങ്കരി തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍വീസ് നടത്തുന്ന കടത്തുവള്ളങ്ങള്‍ക്കു പോളയെ തുടര്‍ന്നു പലപ്പോഴും സര്‍വീസ് നടത്താന്‍ സാധിക്കാത്ത നിലയിലാണ്. കാവാലം, കൃഷ്ണപുരം, വടക്കന്‍ വെളിയനാട്, മിഖായേല്‍ പള്ളി കടത്തുവള്ള സര്‍വീസുകളെ ആശ്രയിച്ച് ഒട്ടേറെ സ്‌കൂള്‍ കുട്ടികളാണു യാത്രചെയ്യുന്നത്. എന്നാല്‍ പമ്പയാറ്റില്‍ പോള നിറഞ്ഞതോടെ പല കടത്തുകളും സ്‌കൂള്‍ സമയത്തു മാത്രമേ സര്‍വീസ് നടത്തുന്നുള്ളു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.