പാലക്കാടിനിത് ആധിയുടെ ചൂടുകാലം

Sunday 9 April 2017 12:50 pm IST

തുലാവര്‍ഷത്തിന് മുമ്പ് വര്‍ഷങ്ങള്‍ക്കിടെ ഇത് ആദ്യമായി പാലക്കാട്ട് റെക്കോര്‍ഡ് ചൂട്. 35 ഡിഗ്രി സെല്‍‌ഷ്യസാണ് കഴിഞ്ഞ നാല് ദിവസമായി പാലക്കാട്ട് രേഖപ്പെടുത്തിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇത്തവണ ചൂട് നേരത്തേതന്നെ റെക്കോര്‍ഡ് ഭേദിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കാലത്ത് രേഖപ്പെടുത്തിയ കൂടിയ ചൂട് 31 മുതല്‍ 32 ഡിഗ്രി സെല്‍‌ഷ്യസ് വരെയായിരുന്നു. മഴയുടെ കുറവ് തന്നെയാണ് ചൂട് കൂടാന്‍ കാരണം. തുലാവര്‍ഷവും കുറയുമെന്നാണ് മുന്നറിയിപ്പ്. ചൂട് തുടര്‍ന്നാല്‍ ഭൂമിക്കടിയിലെ അവശേഷിക്കുന്ന വെള്ളവും വറ്റിപ്പോകും. ജില്ലയിലെ ഏഴ് അണക്കെട്ടുകളും വറ്റിവരണ്ട അവസ്ഥയിലാണ്. കാര്‍ഷിക ആവശ്യത്തിനും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന മലമ്പുഴ അണക്കെട്ടിലാകട്ടെ ഒരു മാസത്തേയ്ക്കുള്ള വെള്ളം മാത്രമാണുള്ളത്. പാലക്കാട് നഗരസഭയിലേക്കും സമീപത്തെ ഏഴ് പഞ്ചായത്തുകളിലേയ്ക്കുമുള്ള കുടിവെള്ളത്തിന്റെ ഏക ആശ്രയം മലമ്പുഴ അണക്കെട്ടാണ്. ഈ വര്‍ഷം ഭാരതപുഴയിലേക്ക് മലമ്പുഴ അണക്കെട്ടില്‍ നിന്നും മൂന്നു തവണ വെള്ളം തുറന്നു വിടുകയുണ്ടായി. ഇതുമൂലം ഒന്നാം വിള കൃഷി ചെയ്യുന്നതിനും പഞ്ചായത്തുകളില്‍ കുടിവെള്ളം മുട്ടില്ലാതെ ലഭിക്കുന്നതിനും കാരണമായി. എന്നാല്‍ രണ്ടാം വിളയ്ക്ക് ഇത്തരമൊരു സംവിധാനം ഉണ്ടാകില്ലെന്ന് ഇതിനകം അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു. ഏകദേശം ഇരുപതിനായിരം ഹെക്ടര്‍ പ്രദേശത്തെ കൃഷിയാണ് മലമ്പുഴ അണക്കെട്ടിനെ ആശ്രയിച്ച് നടത്തുന്നത്. തുലാവര്‍ഷം കനിഞ്ഞില്ലെങ്കില്‍ രണ്ടാം വിളയെടുപ്പ് അസാധ്യമാകും. മലമ്പുഴയില്‍ നിന്നും വെള്ളവും ലഭിക്കില്ല. ഇതേ അവസ്ഥയാണ് ജില്ലയുടെ കിഴക്കന്‍ മേഖലകളിലും അനുഭവപ്പെടുക. പറമ്പിക്കുളം-ആളിയാര്‍ അണക്കെട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് കിഴക്കന്‍ മേഖലകളില്‍ കൃഷി ചെയ്യുന്നത്. ഈ അണക്കെട്ടിലും വെള്ളത്തിന്റെ അളവ് കുറഞ്ഞ് കഴിഞ്ഞു. തന്മൂലം ഏകദേശം അമ്പതിനായിരം ഹെക്ടര്‍ പ്രദേശത്ത് കൃഷി ഇറക്കുക അസാധ്യമാകും. മലമ്പുഴ, പറമ്പിക്കുളം - ആളിയാര്‍ അണക്കെട്ടുകള്‍ പോലെ തന്നെ പരിതാപകരമാണ് മറ്റ് അണക്കെട്ടുകളും. പറമ്പിക്കുളം-ആളിയാര്‍ അണക്കെട്ടില്‍ നിന്നും കേരളത്തിന് അര്‍ഹമായ വെള്ളം ലഭിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരമാവും. എന്നാല്‍ തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും അനുകൂലമായ സ്ഥിതിയല്ല കാര്യങ്ങള്‍. ഇത് സംബന്ധിച്ച് താമസിയാതെ ചര്‍ച്ച നടത്താന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. നാ‍ലര പതിറ്റാണ്ട് മുമ്പുണ്ടാക്കിയ കരാര്‍ അനുസരിച്ചുള്ള വെള്ളമാണ് കേരളത്തിന് ഇപ്പോഴും ലഭിക്കുന്നത്. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറാണിത്. കാലാനുസൃതമായി ഇത് പുതുക്കാന്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ തയാറായിട്ടില്ല. ഇത് സംബന്ധിച്ച് അല്‍പ്പമെങ്കിലും ചര്‍ച്ച നടന്നത് മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ്. ചര്‍ച്ച ഫലപ്രദമാവുകയും കരാറിലെ പകുതിയെങ്കിലും വെള്ളം കിട്ടുകയും ചെയ്താല്‍ ചിറ്റൂര്‍ പ്രദേശത്തെ കാര്‍ഷികമേഖലയ്ക്ക് പരിഹാരമാവും. അതേസമയം മലമ്പുഴയില്‍ നിന്നും വെള്ളം കിട്ടിയില്ലെങ്കില്‍ പാലക്കാട്, കൊല്ലം‌കോട്, ആലത്തൂര്‍, മലമ്പുഴ പ്രദേശങ്ങളില്‍ രണ്ടാം വിള ഇറക്കാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ പാടങ്ങളെല്ലാം വറ്റിവരണ്ട് കഴിഞ്ഞു. കര്‍ഷകര്‍ക്ക് വിത്തിടാന്‍പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. വിത്തിടാനെങ്കിലും മലമ്പുഴയില്‍ നിന്നും വെള്ളം എത്തിക്കണമെന്ന് വിവിധ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.