അഷ്ടാംഗയോഗം പരിശീലിക്കുന്നവര്‍ ചെയ്യുന്ന യജ്ഞം ഇങ്ങനെയാണ്. ജ്ഞാനേന്ദ്രിയങ്ങളുടെ കര്‍മങ്ങള്‍-കാണുക, കേള്‍ക്കുക, ഘ്രാണിക്കുക, സ്പര്‍ശിക്കുക, രസം അറിയുക എന്നിവ. കര്‍മേന്ദ്രിയങ്ങളുടെ കര്‍മങ്ങള്‍-വമനം, വാങ്ങുക, നടക്കുക, മലമൂത്ര വിസര്‍ജനം ചെയ്യുക എന്നിവ.
അഞ്ചുപ്രാണങ്ങളുടെ കര്‍മങ്ങള്‍. പ്രാണന് മേല്പ്പോട്ട് ഗമിക്കുക, അപാനന്‍-മലമൂത്രങ്ങളെ കീഴ്പോട്ട് തള്ളുക, വ്യാനന്‍-ശരീരത്തിന്റെ എല്ലായിടത്തും വ്യാപിച്ച് അവയവങ്ങളെ മടക്കുകയും നിവര്‍ത്തുകയും ചെയ്യുക, ഉദാനന്‍- തൊടാനും ഛര്‍ദ്ദിക്കാനും സഹായിക്കുക, സമാനന്‍- നാം കുടിച്ച വെള്ളവും കഴിച്ച ഭക്ഷണവും സമീകരിക്കുക-യോജിപ്പിക്കുക. ഈ കര്‍മങ്ങളെല്ലാം ധ്യാന യോഗി ആത്മ-സംയമ യോഗാഗ്നിയില്‍ ഹോമിക്കുന്നു.
ആത്മസംയമ യോഗാഗ്നി- മനസ്സിനെ നിയന്ത്രിക്കുക എന്നാല്‍- മറ്റു പ്രവൃത്തികളില്‍നിന്ന് പിന്തിരിപ്പിച്ച്, പ്രത്യഗാത്മാവില്‍ ഉറപ്പിച്ചുനിര്‍ത്തുക. ഇതിനെ യോഗം എന്ന് പറയുന്നു. ഈ യോഗം എല്ലാ അശുഭങ്ങളെയും ദഹിപ്പിക്കുന്നതുകൊണ്ട് അഗ്നി എന്ന് പറയപ്പെടുന്നു. ഈ അഗ്നി ജ്വലിക്കണമെങ്കില്‍, ശ്രീകൃഷ്ണഭഗവാനെ ധ്യാനത്തിന് വിഷയമാക്കണമെന്ന് ‘ജ്ഞാന ദീപിനേ’- എന്ന പദത്താല്‍ സൂചിപ്പിക്കുന്നു. ജ്ഞാനം എന്നാല്‍-എല്ലാ ഇന്ദ്രിയ വ്യാപാരങ്ങളും ഭഗവാന്ന് അധീനമാണ് എന്നുതന്നെ. എല്ലാ ഇന്ദ്രിയ വ്യാപാരങ്ങളും ഭഗവത് പൂജയായി ചെയ്യുന്നുവെന്നു ശ്ലോക താല്പര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: