കുട്ടനാട്ടിലെ മുഞ്ഞബാധ; നഷ്ടപരിഹാരം നല്‍കും

Friday 7 October 2016 9:33 pm IST

കുട്ടനാട്: മുഞ്ഞബാധിച്ച് കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മുഞ്ഞ ബാധിച്ച് നശിച്ച കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഞ്ഞ ബാധിച്ചും വരിനെല്ല് (കള) കൂടുതലായി വളര്‍ന്നും കൃഷി നശിച്ചിട്ടുണ്ട്. കൃഷിക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കും. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ല. സഹായ പാക്കേജ് പ്രഖ്യാപിക്കും. സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി തയാറാക്കാന്‍ മൂന്നു പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പിനികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷി നശിച്ച കര്‍ഷകര്‍ക്ക് പരമാവധി ആനുകൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. കാര്‍ഷിക ഇന്‍ഷുറന്‍സിന് തുറന്ന ലേലം നടത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതനുസരിച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പിനികളാണ് മുന്നിലുള്ളത്. സ്വകാര്യകമ്പിനികള്‍ ഇന്‍ഷുറന്‍സ് തുക അനുവദിക്കുന്നതു സംബന്ധിച്ച് പരാതികളുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് ആവശ്യമെങ്കില്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച മാറ്റം വരുത്തും. മുഞ്ഞബാധമൂലം കൃഷി നശിച്ചവരുടെ പട്ടിക കൊയ്ത്തിനു മുമ്പ് തയാറാക്കാന്‍ കൃഷി ഓഫീസര്‍മാക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. പാടശേഖരസമിതികളുമായും കര്‍ഷകരുമായും സംസാരിച്ച് കൃഷി ഓഫീസര്‍ നേരിട്ട് കൃഷി നശിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് നഷ്ടം കണക്കാക്കണം. പട്ടിക തയാറാക്കണം. ഇതിന് കൂടുതല്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമെങ്കില്‍ മറ്റിടങ്ങളില്‍ നിന്ന് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.ചേന്നങ്കരി തോട്ടുവാത്തല പള്ളി, കൈനകരിയിലെ ഇരുമ്പനം, ചമ്പക്കുളം പടച്ചാല്‍, ചെമ്പടി ചക്കംങ്കരി, കണ്ടങ്കരി പാട്ടത്തി വരമ്പിനകം, എടത്വ പേരിശേരി പുത്തന്‍ വരമ്പിനകം എന്നീ പാടശേഖരങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.