മനസ് തകര്‍ന്ന് ഒരു നാട്

Friday 7 October 2016 10:23 pm IST

കാഞ്ഞിരപ്പള്ളി: ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയുടെ മനസ് തകര്‍ന്നു. വേദന നിറഞ്ഞ മുഖമായിരുന്നു പിന്നെ ഈ നാടിന്. തോപ്രാംകുടി മുരിക്കാശേരിയില്‍ വാഹനാപകടത്തില്‍ മരിച്ചത് കാഞ്ഞിരപ്പള്ളി സ്റ്റാന്റിനു സമീപത്തെ റേഷന്‍ വ്യാപാരിയായ മാത്യുവിന്റെ കുടുംബമാണെന്ന് അറിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ ഒന്നാകെ കടയ്ക്ക് മുമ്പിലേക്ക് എത്തി. ഈ സമയം മരണവാര്‍ത്ത അറിയാതെ അപകടത്തെ കുറിച്ച് ബന്ധുക്കളോട് ഫോണില്‍ വിളിച്ചു അന്വേഷിക്കുന്നതിന്റെ തിരക്കലായിരുന്നു മാത്യു. ഒടുവില്‍ പോലീസും അടുത്ത ബന്ധുക്കളുമെത്തി മരണ വിവരം അറിയിച്ചതോടെ മനസ്തളര്‍ന്ന അദ്ദേഹത്തെ ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപേയി. അപകടത്തില്‍ കൊച്ചുപറമ്പില്‍ മാത്യുവിന്റെ (മാത്തുക്കുട്ടി) ഭാര്യ അച്ചാമ്മ(72) മകന്‍ ഷാജു(45) മകള്‍ ജെയ്‌നമ്മ(33) ഷാജുവിന്റെ മകന്‍ ഇവാന്‍(ഒന്നര), കാര്‍ ഡ്രൈവര്‍ മണ്ണാര്‍ക്കയം നെടുംപ്ലാക്കില്‍ ടിജോ (കുട്ടാപ്പി22) എന്നിവരാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ ഒന്നിച്ച് അണക്കരയിലുള്ള ധ്യാനകേന്ദ്രത്തിലും ബന്ധുവിന്റെ വീട്ടിലും പോയി മടങ്ങും വഴിയായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ ഒരുമിച്ച് വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് യാത്രതിരിച്ചത്. മരണവാര്‍ത്തയറിഞ്ഞ് കൊച്ചുപറമ്പില്‍ വീട്ടുമുറ്റത്തേയ്ക്ക് നിരവധിയാളുകള്‍ എത്തി തുടങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയവരോട് കണ്ണീരോടെയാണ് അയല്‍വാസികള്‍ വിവരങ്ങള്‍ പറഞ്ഞത്. ആരോടും പരിഭവവും പിണക്കവുമില്ലാത്ത നാട്ടുകാര്‍ക്ക് ഏറെ പരോപകാരികളായിരുന്നു ഇവരെന്ന് പറയുമ്പോള്‍ അയല്‍വാസികളുടെ വിതുമ്പല്‍ പൊട്ടികരച്ചിലായി മാറി. അപകടത്തില്‍ മരണപ്പെട്ട ഇവാനെന്ന ഒന്നരവയസുകാരന്‍ അയല്‍വാസികളുടെയും പൊന്നോമനയായിരുന്നു. മുണ്ടക്കയം 35ാം മൈല്‍ മെഡിക്കല്‍ ട്രസ്റ്റ് ആശപുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌ക്കാരിക്കും. ജൈനാമ്മയുടെ ഭര്‍ത്താവ് മൂവാറ്റുപുഴ നമ്പ്യാപറമ്പില്‍ അഡ്വ. സിറിള്‍ (മനോജ്) മൂവാറ്റുപുഴ ബാറിലെ അഭിഭാഷകനാണ്. അച്ചാമ്മ കപ്പാട് കൈതോലില്‍ കുടുംബാംഗമാണ്. ഷാജുവിന്റെ ഭാര്യ റിന്‍സി എഴുകുംവയല്‍ കണിയാംപറമ്പില്‍ കുടുംബാംഗം. അച്ചാമ്മയുടെ മകന്‍ ബിജു(43), ഷാജുവിന്റെ ഭാര്യ റിന്‍സി (36), ഷാജുവിന്റെ മക്കളായ ക്രിസ്റ്റോ(10) കെവിന്‍ (എട്ട്), കെല്‍വിന്‍ (മൂന്ന്), ജെയ്‌നമ്മയുടെ കുട്ടി സെറ എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുശോചിച്ചു. സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലിലെ ആത്മീയ, ഭൗതിക കാര്യങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ഇവരുടെ വേര്‍പാട് ഇടവകയ്ക്കും രൂപതയ്ക്കും ഏറെ വേദനാജനകമാണെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.