സൂര്യ കൃഷ്ണമൂര്‍ത്തി തട്ടിപ്പില്‍

Saturday 8 October 2016 9:46 am IST

കൊച്ചി: കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍, സൂര്യ കൃഷ്ണമൂര്‍ത്തി നടത്തിയ തട്ടിപ്പുകളെപ്പറ്റി വിജിലന്‍സ് അന്വേഷിക്കും. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ രണ്ടുമൂന്നു നാള്‍ക്കകം തീരുമാനിച്ചശേഷമുള്ള കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. കൃഷ്ണമൂര്‍ത്തി, സരോദ് വാദകന്‍ അംജദ് അലിഖാനെ മുന്‍നിര്‍ത്തി, ഗുരുകുല സംഗീത വിദ്യാലയത്തിന്റെ ട്രസ്റ്റ് സ്വകാര്യ സ്വത്താക്കാന്‍ ശ്രമം നടത്തിയതു കണ്ടെത്തി, അതിന് അനുവദിച്ച രണ്ടേക്കര്‍ സ്ഥലം തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ടൂറിസം വകുപ്പ് തീരുമാനിച്ചിരുന്നു. സംഗീത നാടക അക്കാദമിയെ ഇടയ്ക്ക് നിര്‍ത്തി, ടൂറിസം വകുപ്പില്‍ നിന്ന് പുസ്തക പ്രദര്‍ശനത്തിന്റെ പേരില്‍, കൃഷ്ണമൂര്‍ത്തി സ്വകാര്യ സ്വത്തായി കൊണ്ടുനടക്കുന്ന സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിക്ക് 65 ലക്ഷം രൂപ മാറ്റിയെടുത്തതും അന്വേഷിക്കുന്നു. ദക്ഷിണേന്ത്യാ പുസ്തക പ്രദര്‍ശനത്തിനാണ്, ടൂറിസം വകുപ്പ് 65 ലക്ഷം രൂപ നീക്കിവച്ചിരുന്നത്. ഈ പ്രദര്‍ശനം, സാഹിത്യ അക്കാദമിക്ക് നടത്താമായിരുന്നു. എന്നാല്‍, സംഗീത നാടക അക്കാദമിയുടെയും സൂര്യ സൊസൈറ്റിയുടെയും അമരക്കാരന്‍ എന്ന നിലയില്‍, കൃഷ്ണമൂര്‍ത്തി ഒരു നിയമവിരുദ്ധ കളി കളിച്ചു. സൂര്യ സൊസൈറ്റി പുസ്തക പ്രദര്‍ശനം നടത്തും. സൊസൈറ്റിക്ക് അതിന് പണം നല്‍കാന്‍ കഴിയാത്തതിനാല്‍ ടൂറിസം വകുപ്പ് സംഗീത നാടക അക്കാദമിക്ക് ചെക്ക് നല്‍കും. ഇങ്ങനെ 65 ലക്ഷം രൂപയുടെ ചെക്ക് അക്കാദമിക്ക് കിട്ടിയ ഉടന്‍, കൃഷ്ണമൂര്‍ത്തി അന്നത്തെ സെക്രട്ടറി പി.വി. കൃഷ്ണന്‍ നായരെ വിളിച്ച് മൊബൈല്‍ ഫോണില്‍ നിര്‍ദേശം നല്‍കി: ചെക്ക് സ്വീകരിച്ച്, അത്രയും തുകയ്‌ക്കൊരു ചെക്ക്, സൂര്യ സൊസൈറ്റിക്ക് നല്‍കുക. കൃഷ്ണമൂര്‍ത്തിയുടെ ഹനുമാനായിരുന്ന കൃഷ്ണന്‍ നായര്‍, ഈ നിര്‍ദ്ദേശം അതേപടി അനുസരിച്ചെന്ന്, അക്കാദമി രേഖകള്‍ വ്യക്തമാക്കുന്നു. അംജദ് അലിഖാന്റെ കാര്യത്തിലാകട്ടെ, അദ്ദേഹത്തിന് ഗുരുകുല സംഗീത വിദ്യാലയം തുടങ്ങാനുള്ള ട്രസ്റ്റില്‍ താന്‍ അംഗമാണെന്ന വിവരം, കൃഷ്ണമൂര്‍ത്തി അക്കാദമി ഭരണസമിതി അംഗങ്ങളില്‍ നിന്ന് മറച്ചുവച്ചു. അലിഖാന്‍ രംഗത്തെത്തും മുന്‍പേ, കൃഷ്ണമൂര്‍ത്തി മൂന്നേക്കര്‍ സ്ഥലത്തിന്റെ കാര്യം ഉമ്മന്‍ചാണ്ടിയോട് സംസാരിച്ച്, കോഴിക്കോട്ടും എറണാകുളത്തും സ്ഥലം നോക്കി. ഒടുവില്‍ തിരുവനന്തപുരം വേളിയില്‍ രണ്ടേക്കര്‍ കണ്ടെത്തി. ട്രസ്റ്റില്‍, മൂര്‍ത്തിയുടെ സഹായിയായ പ്രദീപും അംഗമാണെന്ന് പറയപ്പെടുന്നു. മൈക്ക് ഓപ്പറേറ്ററായ പ്രദീപിന്, അക്കാദമിയില്‍ നിന്ന് സൗണ്ട് എന്‍ജിനീയര്‍ക്കുള്ള അവാര്‍ഡും മൂര്‍ത്തി കൊടുത്തിരുന്നു.അലിഖാന്റെ ഗുരുകുലത്തിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ യോഗ്യതയില്ലാത്ത അക്കാദമിയെ സ്വന്തം നിലയില്‍ മൂര്‍ത്തി ഏജന്‍സിയാക്കി, ഗുരുകുലത്തിന് അക്കാദമിയുടെ പണം, ഭരണസമിതി അറിയാതെ ചെലവാക്കി. ഇങ്ങനെ ചെലവാക്കിയ പണം, കൃഷ്ണന്‍ നായരില്‍ നിന്ന് പിടിച്ചുവാങ്ങണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന മെയ് 19 ന് തലേന്ന് മൂര്‍ത്തി തിണ്ണമിടുക്കു കാട്ടിയാണ്, ഗുരുകുലത്തിന് കല്ലിട്ടത്. തിരുവനന്തപുരത്തെ സഹകരണ ബാങ്ക് ടവറിലെ വേദിയില്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കലക്ടര്‍ ബിജു പ്രഭാകര്‍, നടന്‍ മധു എന്നിവരുടെ സാന്നിധ്യത്തില്‍ പുതിയ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് കല്ലിട്ടതായി പുറകിലെ സ്‌ക്രീനില്‍ എഴുതിക്കാണിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ വന്നശേഷം, അലിഖാനെക്കൊണ്ട്, സീതാറാം യെച്ചൂരി, പിണറായി വിജയന്‍ എന്നിവരുമായി മൂര്‍ത്തി സംസാരിപ്പിച്ചു; സ്വന്തം വീട്ടില്‍ നാട്യമണ്ഡപം, ചെയര്‍മാനായി ഒരൂഴം കൂടി കിട്ടാന്‍ വിജയനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചു. എന്നാല്‍, മന്ത്രി എ.സി. മൊയ്തീനും ടൂറിസം വകുപ്പും തട്ടിപ്പു കണ്ടെത്തിയതോടെ, കള്ളി വെളിച്ചത്തായി. വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കാനാവില്ലെന്ന് അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. ജനറല്‍ കൗണ്‍സില്‍ വന്നശേഷമേ തീരുമാനമുണ്ടാകൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.