ഇടത്താവളത്തിന്റെ പേരില്‍ അയ്യപ്പസേവാ സംഘത്തില്‍ തമ്മിലടി

Saturday 8 October 2016 12:48 am IST

തളിപ്പറമ്പ്: ശബരിമല ഭക്തര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കാനായി തളിപ്പറമ്പിനടുത്ത് നെല്ലിയോട് ക്ഷേത്ര പരിസരത്ത് നടത്തിവരുന്ന അയ്യപ്പ സേവാസംഘത്തിന്റെ ഇടത്താവളത്തിന്റെ പേരില്‍ സംഘടനയില്‍ തമ്മിലടി. അയ്യപ്പ സേവാസംഘം ജില്ലാ സംഘടനാ സെക്രട്ടറിയെ സംഘടനയില്‍ നിന്നും പുറത്താക്കി. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിച്ചാണ് സംഘടനയിലെ ചില നേതാക്കള്‍ വ്യത്യസ്ത ചേരിയില്‍ അണിനിരന്ന് തമ്മിലടി തുടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബക്കളം നെല്ലിയോട് ക്ഷേത്രപരിസരത്ത് നടന്നുവരുന്ന അയ്യപ്പഭക്തന്മാര്‍ക്കുള്ള ഇടത്താവളത്തിന്റെ പേരില്‍ ചിലര്‍ മുതലെടുക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഈ വര്‍ഷവും മണ്ഡല കാലാരംഭം മുതല്‍ ഇവിടെ ഇടത്താവളം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉദ്ഘാടനം ആര് നടത്തണമെന്ന് പേരില്‍ ഇരുവിഭാഗവും ചേരിതിരിഞ്ഞതോടെയാണ് തമ്മിലടി തുടങ്ങിയത്. ഒരുവിഭാഗത്തിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ ചെയര്‍മാനുമായ കൊയ്യം ജനാര്‍ദ്ദനനും മറുവശത്ത് അയ്യപ്പസേവാ സംഘത്തിന്റെ ജില്ലാ സംഘടനാ സെക്രട്ടറി കെ.വി.മണികണ്ഠന്‍ നായരുമാണ്. ഈ വര്‍ഷവും നവംബര്‍ 17 മുതലാണ് ഇടത്താവളം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മണികണ്ഠന്‍ നായര്‍ അയ്യപ്പസേവാ സംഘം സംസ്ഥാന പ്രസിജഡണ്ടും മുന്‍ എംപിയുമായ സി.ഹരിദാസ് ഉദ്ഘാടകനായി എത്തുമെന്ന് പറയുമ്പോള്‍ കൊയ്യം ജനാര്‍ദ്ദനന്‍ പറയുന്നത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ്. കൊയ്യം ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ 17 മുതലും മണികണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ 15 മുതലുമാണ് ഇടത്താവളം ആരംഭിക്കുക എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മണികണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ഇതിനായി നെല്ലിയോട് സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഇടത്താവളത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവും മറ്റുമായ പ്രശ്‌നങ്ങളാണ് സംഘടനയിലെ രണ്ടു നേതാക്കള്‍ കൊമ്പുകോര്‍ക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുന്നയിക്കാന്‍ തുടങ്ങിയതോടെ രണ്ടുവര്‍ഷമായി മികച്ച രീതിയില്‍ നടന്ന പരിപാടിക്ക് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.