കടലില്‍ വെച്ച് നിയമം കൈയിലെടുത്താല്‍ കര്‍ശന നടപടി: ഫിഷറീസ് ഡയറക്ടര്‍

Saturday 8 October 2016 8:02 pm IST

  തൃക്കരിപ്പൂര്‍: കടലില്‍ വെച്ച് ഏതെങ്കിലും വിഭാഗം മത്സ്യ തൊഴിലാളികള്‍ നിയമം കൈയിലെടുത്താല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടര്‍ ജയനാരായണന്‍ പറഞ്ഞു.മത്സ്യ തൊഴിലാളികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മടക്കര തുറമുഖത്തെത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ മത്സ്യബന്ധന തുറമുഖത്തെത്തിയ ഫിഷറീസ് ഡയറക്ടര്‍ തൊഴിലാളികളോടും നാട്ടുകാരോടുമായി സംഭവം ചോദിച്ചറിഞ്ഞു. കടലില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയാല്‍ കോസ്റ്റല്‍ ഗാര്‍ഡിനെയും ബന്ധപ്പെട്ട വകുപ്പിനെയും വിവരമറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം തൊഴിലാളികളെ ബോധിപ്പിച്ചു. ഇതിനുപകരം കയ്യേറ്റമടക്കമുള്ള കാര്യങ്ങള്‍ നടത്തിയാല്‍ അവരുടെ ബോട്ടുകളും തോണികളും പിടിച്ചെടുക്കുന്നതടക്കമുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മത്സ്യബന്ധന യാനങ്ങളില്‍ കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം. തൊഴിലാളികള്‍ക്ക് ഐ ഡി കാര്‍ഡ് വേണം. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഫോട്ടോ പതിച്ച രേഖകള്‍ അനിവാര്യമാണ്. പൊടിമീന്‍ പിടിക്കുന്നത് നിയമ വിരുദ്ധമാണ് തുടങ്ങിയ കാര്യങ്ങള്‍ തൊഴിലാളികളെ ബോധ്യപ്പെടുത്തേണ്ട ആവശ്യകതെയെപ്പറ്റിയും ഫിഷറീസ് ഡയറക്ടര്‍ പറഞ്ഞു. സാധാരണയായി കടലില്‍ നിന്നും പിടികൂടുന്ന മത്തിക്ക് 14 സെന്റീമീറ്ററെങ്കിലും വലിപ്പം വേണം, അയില 14 സെന്റീമീറ്റര്‍ വലുപ്പമുള്ളതായിരിക്കണം. പുതിയാപ്ല. ചൂര എന്നിവ 31, 12 സെന്റീ മീറ്റരില്‍ കുറയാന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ക്ക് ഈ കാര്യത്തില്‍ വേണ്ടത്ര അറിവ് ഇല്ലെന്നാണ് വസ്തുത . ഇത്തരത്തിലുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി 20 ന് രാവിലെ 11 മണിക്ക് കടലില്‍ മത്സ്യ ബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി മടക്കരയില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മടക്കരയില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികള്‍ തമ്മില്‍ ഏഴിമല കടലില്‍ വെച്ച് സംഘര്‍ഷം ഉണ്ടാവുകയും നിരവധി ബോട്ടുകള്‍ ആക്രമിക്കപ്പെടുകയും, തൊഴിലാളികള്‍ക്ക് പരിക്കു പറ്റുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫിഷറീസ് ഡയറക്ടര്‍ മടക്കര തുറമുഖത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.