ഇടത്-വലത് മുന്നണികള്‍ തീവ്രവാദികളെ താലോലിയ്ക്കുന്നു; ജോര്‍ജ് കുര്യന്‍

Saturday 8 October 2016 9:03 pm IST

സ്വന്തം ലേഖകന്‍ തൊടുപുഴ: അധികാരം നിലനിര്‍ത്താന്‍ ഇടത്-വലത് മുന്നണികള്‍ തീവ്രവാദികളെ താലോലിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ ആരോപിച്ചു. ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ നടന്ന ഭീകരതയ്‌ക്കെതിരെയുള്ള പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭീകരവാദത്തിന്റെ വിളനിലമാണെന്ന് ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി പറയുന്നതാണ്. മാറിമാറി കേരളം ഭരിച്ച യുഡിഎഫും എല്‍ഡിഎഫും അധികാരം നിലനിര്‍ത്താന്‍ തീവ്രവാദികളെ ള പ്രീണിപ്പിക്കുന്ന സമീപനമാണ് നടത്തിയത്. ഇപ്പോള്‍ കേരളത്തില്‍ ഐ.എസിന് വേണ്ടി യുദ്ധം ചെയ്ത തീവ്രവാദികളെ ദേശീയ അന്വേഷണ ഏജന്‍സി പിടികൂടി. സിപിഎം നേതാവ് ടി.കെ ഹംസ തീവ്രവാദികളെ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. തീവ്രവാദികളെ പരസ്യമായി ന്യായീകരിച്ചിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ച ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാനാഗ്രഹിക്കാത്തതിനാലാണ് പാര്‍ട്ടി തീവ്രവാദത്തെ തള്ളിപ്പറയാത്തതെന്നും ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു. മുന്നണികള്‍ ഇതേ നയം തുടര്‍ന്നാല്‍ കേരളത്തില്‍ അരക്ഷിതാവസ്ഥയുണ്ടാകും. ഈ സാഹചര്യം വന്നാല്‍ ജനങ്ങള്‍ ഏറെ ക്ലേശിക്കേണ്ടിവരും. മുന്നണികള്‍ രാജ്യദ്രോഹികളെ പ്രീണിപ്പിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയാനാണ് ബിജെപി ഇത്തരത്തില്‍ സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ഇന്ന് സംസ്ഥാന തലത്തില്‍ കുപ്രസിദ്ധിയുടെ തലത്തിലേക്ക് നീങ്ങുകയാണ്. ആറ് വര്‍ഷം മുന്‍പ് അധ്യാപകന്റെ കൈവെട്ട് കേസിലൂടെയാണ് തൊടുപുഴ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പിന്നീട് ഐ.എസ് തീവ്രവാദിയെ തൊടുപുഴയില്‍ നിന്നും പിടികൂടി. തീവ്രവാദികള്‍ക്ക് സുഖകരമായി കഴിയാവുന്ന ഇടമായി പ്രദേശം മാറുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ് തൊടുപുഴയിലെ ഈ രണ്ട് സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.എ വേലുക്കുട്ടന്‍, പി.പി സാനു, കെ.എന്‍ ഗിരിജാകുമാരി ,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എസ് അജി, ഷാജി നെല്ലിപ്പറമ്പന്‍, വൈസ് പ്രസിഡന്റ് പി.ആര്‍ വിനോദ്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അന്നമ്മ കുരുവിള, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന്‍, ജനറല്‍ സെക്രട്ടറിമാരായ എസ് .പത്മഭൂഷണ്‍ണ്‍ കെ. എം സിജു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.