താരഭീകരന്‍

Sunday 16 October 2016 10:15 am IST

അബ്ദുള്‍ റഷീദ് സലിം സല്‍മാന്‍ഖാന്‍ ആകെ ആവേശത്തിലാണ്. ഫവാദ് ഖാനും മഹിറാ ഖാനും സനം സയീദുമടക്കമുള്ള പാക്കിസ്ഥാന്‍ താരങ്ങള്‍ക്കുവേണ്ടിയാണ് സല്‍മാന്‍ മസില്‍ പെരുപ്പിക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെ ബോളിവുഡിലെ പാക്ക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞപ്പോഴാണ് സല്‍മാന് നൊന്തത്. സല്‍മാന് നൊന്തതോടെ പലരും പിന്നണിപ്പാട്ടുമായി രംഗത്തിറങ്ങി. പാക്കിസ്ഥാനില്‍ നാലാള്‍ ചാവുന്ന ഏതാക്രമണത്തിലും നടുങ്ങുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന ബോളിവുഡിലെ പാക്ക് താരങ്ങളും സല്‍മാനടക്കമുള്ള പിന്തുണക്കാരും ഉറിയിലും പത്താന്‍കോട്ടിലും ഭീകരാക്രമണമുണ്ടായപ്പോള്‍ ഏത് മാളത്തിലായിരുന്നു എന്ന മറുചോദ്യവുമുയര്‍ന്നു. ആര്‍ട്ടിസ്റ്റുകള്‍ ടെററിസ്റ്റുകളല്ലെന്നായിരുന്നു പ്രാസമൊപ്പിച്ച് സല്‍മാന്റെ മറുപടി. താരങ്ങള്‍ ഭീകരരാണെന്ന് ആരും പറഞ്ഞില്ല. സംസ്ഥാനത്തെയും രാജ്യത്തെയും സര്‍ക്കാരുകള്‍ അവരെ വിലക്കണമെന്നും പറഞ്ഞില്ല. എന്നിട്ടും സല്‍മാന്‍ അടക്കമുള്ളവരുടെ രോഷം ഭാരതസര്‍ക്കാരിനോടായിരുന്നു. അഭിനയിക്കാനെത്തുന്ന സഹതാരങ്ങളോട് കാട്ടുന്ന പ്രേമമാണ് സല്‍മാന്റെ മറുപടിയിലുള്ളതെന്ന് വ്യാഖ്യാനവുമുണ്ടായി. സല്‍മാന്‍ഖാന്‍ മുമ്പും ഇതേപോലെ പ്രകോപിതനായിട്ടുണ്ട്. മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ അസൂയയും അസഹിഷ്ണുതയും പൊറാഞ്ഞ് രാജ്യംവിട്ടുപോകാന്‍ തുനിഞ്ഞ അമീര്‍ഖാന്റെയും, രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് വല്ലാതെ തിരിച്ചറിഞ്ഞ ഷാരുഖ് ഖാന്റെയും സിനിമകള്‍ സഹിഷ്ണുതയേറെയുള്ള ഭാരതീയര്‍ കണ്ടുകണ്ടാണല്ലോ ഈ താരങ്ങളൊക്കെ ഉണ്ടായത്. എന്നിട്ടും രാഷ്ട്രം അയല്‍പക്കഭീകരവാദത്തെ നേരിടുന്ന സന്നിഗ്ധഘട്ടത്തിലും ഖാന്റെ ചോരയ്ക്കു നിറം പച്ചയാണെങ്കില്‍ എന്തുപറയാനാണ്. മാനും മനുഷ്യനും ഒരുപോലെയാണ് സല്‍മാന്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിനും ബേക്കറിക്കുമുന്നില്‍ ഉറങ്ങിക്കിടന്ന പാവപ്പെട്ടവനെ കാര്‍ കയറ്റിക്കൊന്നതിനും പോലീസ് പിടികൂടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തയാളാണ് സല്‍മാന്‍. എല്ലാം കഴിഞ്ഞിട്ടും മസിലും പെരുപ്പിച്ച് ഷര്‍ട്ടുമഴിച്ചിട്ട് ബിഗ്‌സ്‌ക്രീനില്‍ അഴിഞ്ഞാടിയപ്പോഴൊക്കെ ബോക്‌സ് ഓഫീസ് ഹിറ്റാക്കാന്‍ കൂട്ടുനിന്ന ഇന്ത്യന്‍ പ്രേക്ഷകന്റെ ദേശീയവികാരത്തിനുമേല്‍തന്നെ കാറിത്തുപ്പുകയാണ് അയാള്‍ ചെയ്തത്. പാക്ക് ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തിയപ്പോഴും സല്‍മാന് നൊന്തത് ഭാരതം കണ്ടതാണ്. കൊലചെയ്യപ്പെട്ട ഭാരതീയരെ ഓര്‍ത്തായിരുന്നില്ല ആ വേദന. മുംബൈ ഭീകരാക്രമണം ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ടതിലെ അസഹിഷ്ണുതയായിരുന്നു അയാള്‍ക്ക്. അജ്മല്‍ കസബും കൂട്ടരും പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഉന്നംവെച്ചതെന്നും അതുകൊണ്ടാണ് രാജ്യം അതിനെതിരെ പ്രതികരിക്കുന്നതെന്നുമായിരുന്നു തലച്ചോറിലും മസിലുള്ള ഇയാളുടെ കണ്ടെത്തല്‍. യാക്കൂബ്‌മേമനെ തൂക്കിക്കൊന്നപ്പോള്‍ യച്ചൂരി ബ്രാഹ്മണനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുമൊപ്പം നിന്ന് തേങ്ങിയ ഹൃദയമാണ് സല്‍മാനില്‍ നമ്മള്‍ കണ്ടത്. ടൈഗര്‍ മേമനെ കിട്ടാത്തതുകൊണ്ട് നിരപരാധിയായ സഹോദരനെ രാജ്യം വധിച്ചുവെന്നായിരുന്നു ഈ പരമനിഷ്‌കളങ്കന്റെ വാദം. ഹിന്ദുമുസല്‍മാനെന്ന് സ്വയം ബ്രാന്‍ഡ് ചെയ്തുകൊണ്ടാണ് അബ്ദുള്‍ റഷീദ് സലിം സല്‍മാന്‍ഖാന്‍ ബോളിവുഡില്‍ താരമാകുന്നത്. തിരക്കഥാകൃത്ത് സലിംഖാന്റെയും അയാള്‍ കല്ല്യാണം കഴിച്ച് മതംമാറ്റിയ സുശീലാചരകിന്റെയും മൂത്ത സന്താനമാണ് ഇപ്പോള്‍ ഈ മണ്ണിന്റെ വായുവും അന്നവും വെള്ളവും കൊണ്ട് പെരുപ്പിച്ച മസിലുമായി രാജ്യത്തിനെതിരെ കൊഞ്ഞനംകുത്തുന്നത്. സുശീല പിന്നീട് സല്‍മ ഖാനെന്ന് പേര് മാറ്റി. സലിംഖാന്റെ പൂര്‍വികര്‍ ഇന്‍ഡോറിലേക്ക് കുടിയേറിയ അഫ്ഗാന്‍ പഠാണികളായിരുന്നു. സുശീലയുടെ അച്ഛന്‍ കശ്മീരുകാരനായ ബല്‍ദേവ് സിങ് ചരകും. ഈ പാരമ്പര്യം ആവര്‍ത്തിച്ചുപറഞ്ഞ് സിനിമാക്കച്ചവടത്തില്‍ രക്ഷപ്പെടാമെന്ന കുറുക്കന്‍ബുദ്ധിയാണ് സല്‍മാന്‍ ആദ്യകാലത്ത് പ്രയോഗിച്ചത്. സിനിമ കാണുന്നതില്‍ മാത്രമല്ല ഒന്നിലും മതവും ജാതിയും പരിഗണിക്കാത്ത ശരാശരി ഭാരതീയനെ മതത്തിന്റെ പേരില്‍ പ്രകോപിപ്പിക്കാനും പ്രലോഭിപ്പിക്കാനുമാണ് അയാള്‍ ശ്രമിച്ചത്. സല്‍മാന്‍ മാത്രമല്ല, പത്താന്‍കോട്ടിലും ഉറിയിലും പാക്കിസ്ഥാന്‍ ഭീകരര്‍ കടന്നാക്രമണം നടത്തി ഒളിച്ചുകടന്നപ്പോള്‍ വായുംപൂട്ടി ഇരുന്ന രാജ്യത്തെ നിലയവിദ്വാന്മാരോരോന്നായി ഇപ്പോള്‍ ഓരിയിട്ടുതുടങ്ങിയിട്ടുണ്ട്. ഉറിയിലെ ഭീകരാക്രമണത്തിന് മിന്നലാക്രമണത്തിലൂടെ ഭാരതം ഉശിരന്‍ മറുപടി നല്‍കിയപ്പോഴാണ് തെളിവ് ചോദിച്ച് കുറുക്കന്മാര്‍ മാളം വിട്ട് പുറത്തിറങ്ങിയത്. അമ്മയെക്കാള്‍ അയല്‍ക്കാരനെ വിശ്വസിക്കുന്ന ഇമ്മാതിരി പടപ്പുകള്‍ സ്വന്തം പിതൃത്വത്തിന്റെ തെളിവിന് വീഡിയോ ടേപ്പ് ചോദിക്കുന്ന കാലവും നമ്മള്‍ കാണേണ്ടിവരും. നവാസ് ഷെറീഫിന്റെയും ഹഫീസ് സെയ്ദിന്റെയും മൈക്കും നാക്കുമായി, ഉണ്ട ചോറിന് നന്ദി കാട്ടാത്ത, നാലാംകിട കൂലിക്കാരായി മാറിയ നെറികെട്ടവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസുകാരന്‍ സഞ്ജയ് നിരുപം മുതല്‍ ആപ്പ് നേതാവ് അരവിന്ദ് കേജരിവാള്‍ വരെയുള്ള രാഷ്ട്രീയക്കാരുണ്ട്. ഉറിയില്‍ സൈനികര്‍ പുതിയ സൈനികദളത്തിനായി ക്യാമ്പൊഴിയുന്ന തക്കം നോക്കി ഇരുളിന്റെ മറവില്‍ പതിയിരുന്ന് ഭീകരര്‍ ആക്രമിച്ചതിന്റെ മുറിവേറ്റ് ഭാരതമൊന്നാകെ വിറങ്ങലിച്ചപ്പോള്‍ ആ മുറിവ് തലോടാന്‍, താങ്ങായി ഒരു വാക്കുരിയാടാന്‍ തയ്യാറാകാത്തവരാണ് ഇപ്പോള്‍ പാക്കിസ്ഥാനൊപ്പം ചേര്‍ന്ന് ഭാരതത്തോട് തെളിവ് ചോദിക്കുന്നത്. ജനാധിപത്യത്തിന്റെ മറപറ്റി ദല്‍ഹിയിലെ അധികാരക്കസേര പിടിച്ചെടുത്ത അരാജകവാദിയാണ് അരവിന്ദ് കെജരിവാളെന്ന് പണ്ടേക്കുപണ്ടേ വിവരമുള്ളവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. രാജ്യത്തിനെതിരായി സംസാരിച്ചും രാജ്യത്തെ ഒറ്റിക്കൊടുത്തും മാത്രം പാരമ്പര്യമുള്ള യെച്ചൂരി ബ്രാഹ്മണന്റെ പാര്‍ട്ടിക്കും സൈനിക നടപടി ദഹിച്ചിട്ടില്ല. സല്‍മാന്‍ ഊരിയ വാള്‍ ഏറ്റെടുത്ത് മറ്റൊരു നടന്‍ ചോദിച്ചത് ഇവരോടൊക്കെ സൈന്യത്തില്‍ ചേരാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചോ എന്നാണ്. ബാരാമുള്ളയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ചോരവാര്‍ന്ന് അവസാന യാത്ര തുടങ്ങുംവരെ ശത്രുവിനെ നേരെ വെടിയുതിര്‍ത്ത ധീരജവാന്‍ ഇറ്റാവക്കാരന്‍ നിതീഷിന്റെ ബലിദാനത്തോടായിരുന്നു ആ പ്രതികരണം. ഓംപുരി അതിന് പിന്നീട് രാജ്യത്തോട് മാപ്പ് പറഞ്ഞെങ്കിലും ഇമ്മാതിരി പ്രതികരണങ്ങള്‍ക്ക് പിന്നിലെ രോഗാണുവിനെ കാണാതിരുന്നുകൂടാ. ഉറിക്ക് ഭാരതം നല്‍കിയ മറുപടി ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ ഭീകരതയ്‌ക്കെതിരായ ശരിയായ സമീപനം എന്നാണ് വിലയിരുത്തിയത്. അഫ്ഗാനിസ്ഥാനും ബംഗ്ലദേശും ഭൂട്ടാനും നേപ്പാളും ശ്രീലങ്കയും അടക്കമുള്ള സാര്‍ക്ക് രാജ്യങ്ങള്‍ ഭാരതത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അഫ്ഗാന്‍ ആവശ്യപ്പെട്ടതാണ് ഭാരതം ചെയ്തതെന്ന് മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി വിളിച്ചുപറഞ്ഞു. യൂറോപ്യന്‍ യൂണിയനും റഷ്യയും അമേരിക്കയും ജപ്പാനും ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകം ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. ഭാരതത്തിന്റെ സൈനിക നടപടി ദഹിക്കാതെ പോയ ഏക രാജ്യം പാക്കിസ്ഥാനാണ്. പിന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും സിനിമയിലെയും പാക്ക് ഏജന്റുമാര്‍ക്കും. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലാണ് ഐഎസ് ഭീകരര്‍ സുരക്ഷിത താവളം കണ്ടെത്തുന്നതെന്നത് യാദൃച്ഛികമല്ല. പാര്‍ട്ടി ഭരിക്കുന്നതും പാര്‍ട്ടി ഗ്രാമങ്ങള്‍ ഭരിക്കുന്നതും ഇപ്പോള്‍ അവരാണ്. അവര്‍ക്ക് കുഴലൂതാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ മത്സരിക്കുന്നത്. സ്വന്തം റിപ്പോര്‍ട്ടര്‍മാര്‍ക്ക് ശരീരം കേടാകാതെ കോടതി വാര്‍ത്തയെടുക്കാനുള്ള അവകാശം നേടിയെടുക്കാന്‍ ആവാത്ത വാഴപ്പിണ്ടി നട്ടെല്ലുകാരാണ് സൈന്യത്തിന് സ്റ്റഡിക്ലാസെടുക്കുന്നത്. പനപോലെ വളര്‍ത്തി വാഴ്ത്തിയെടുത്ത മിന്നല്‍പ്പിണറായി തലങ്ങുംവിലങ്ങും വെട്ടുമ്പോള്‍ മുതലാളിമാര്‍ രാഷ്ട്രപതിഭവനിലേക്കോടിയെന്നാണ് വാര്‍ത്ത. മാധ്യമവിലക്കില്‍ രാഷ്ട്രപതിക്ക് ആശങ്കയെന്ന് ഒരു മുതലാളി. മാധ്യമമേധാവികള്‍ക്കാണ് ആശങ്കയെന്ന് അടുത്ത മുതലാളി. കാശ്മീരിലെ കൊടുംഭീകരനെ പോരാളിയെന്ന് വിളിക്കുന്ന വിവരക്കേടിന് ശമ്പളം കൊടുക്കുന്നവനെക്കുറിച്ചാണ് ഇപ്പോള്‍ മലയാളികള്‍ക്കാകെ ആശങ്ക.