കൃഷ്ണമൂര്‍ത്തി ഹിന്ദി നാടകം മോഷ്ടിച്ചു

Sunday 9 October 2016 12:24 am IST

അസല്‍ മേല്‍വിലാസം: കോര്‍ട്ട്മാര്‍ഷല്‍ നാടകം ഭോപ്പാലിലെ ഭാരത് ഭവനില്‍ അവതരിപ്പിച്ചപ്പോള്‍

കൊച്ചി: ഹിന്ദി നാടകകൃത്തും നോവലിസ്റ്റും കഥാകൃത്തുമായ സ്വദേശി ദീപക് എഴുതിയ പ്രശസ്ത നാടകം, ‘കോര്‍ട്ട് മാര്‍ഷല്‍’, സൂര്യ കൃഷ്ണമൂര്‍ത്തി മോഷ്ടിച്ച്, ‘മേല്‍വിലാസം’ എന്ന പേരില്‍ നാടകമാക്കി അവതരിപ്പിച്ചു; അദ്ദേഹം രചിച്ച കഥയെന്ന നിലയില്‍, അതു ചലച്ചിത്രവുമായി.സംഗതി പ്രശ്‌നമാവുമെന്ന ഘട്ടത്തില്‍, നാടകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, കടപ്പാട് വച്ച് തടിതപ്പി.

1942 ല്‍ ജനിച്ച്, 26 കൊല്ലം അംബാല ഗാന്ധി സ്മാരക കോളേജില്‍ ഇംഗ്ലീഷ് പഠിപ്പിച്ച ദീപക്, 1991 ലാണ് ‘കോര്‍ട്ട് മാര്‍ഷല്‍’ എഴുതിയത്. പട്ടാളത്തിലെ ജാതിക്കെതിരായ ആക്രമണമാണ്, നാടകം. ഇത്, മലയാളത്തില്‍ മോഷ്ടിച്ച് ‘മേല്‍വിലാസം’ ആക്കിയ കൃഷ്ണമൂര്‍ത്തി അതില്‍ ഒരു മുരുക്കുംപുഴക്കാരനെ പട്ടാളക്കാരനാക്കി; അയാളാണ് നാടകത്തിന്റെ ഉള്ളടക്കം പറഞ്ഞുകൊടുത്തതെന്ന് അവകാശപ്പെട്ടു; ബന്യാമിന്, നജീബ് എന്നൊരാള്‍ ‘ആടുജീവിതം’ പറഞ്ഞുകൊടുത്തത് എന്ന മട്ടില്‍, രക്ഷപ്പെടാനുള്ള ആ ശ്രമം, അമ്പേ പാളി.

തൃശൂരില്‍ നളിനി ചന്ദ്രന്റെ ഹരിശ്രീ സ്‌കൂളില്‍ കൃഷ്ണമൂര്‍ത്തി നാടകം അവതരിപ്പിച്ചപ്പോള്‍, സദസ്സില്‍ നിന്ന് രണ്ട് ഹിന്ദി അധ്യാപകര്‍ എഴുന്നേറ്റു. മൂര്‍ത്തി അവതരിപ്പിച്ചത്, തങ്ങള്‍ പഠിപ്പിക്കുന്ന ഹിന്ദി നാടകമാണെന്ന് അവര്‍ വെളിവാക്കി. മൂര്‍ത്തി ‘നളിനി ഓപ്പ’ എന്നു വിളിക്കുന്ന നളിനി ചന്ദ്രന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഇതില്‍ ഒരധ്യാപകന്, പിന്നീട് ഇരിങ്ങാലക്കുടയില്‍ നിന്നു ഭീഷണിയുണ്ടായി. ഈ ഹിന്ദി അധ്യാപകര്‍ ‘കോര്‍ട്ട് മാര്‍ഷല്‍’ പരിഭാഷപ്പെടുത്തിയിറക്കിയെങ്കിലും, അതു ശ്രദ്ധിക്കപ്പെട്ടില്ല.

1942 ല്‍ ജനിച്ച സ്വദേശ് ദീപക് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല എന്നത്, കൃഷ്ണമൂര്‍ത്തിക്ക് ആശ്വാസകരമാണ്. വിഷാദരോഗം പിടിപെട്ട അദ്ദേഹം, ഓര്‍മ ഇത്തിരി തിരിച്ചുകിട്ടിയപ്പോള്‍, ‘മേനേ മണ്ടു നഹിന്‍ ദേഖാ’ എന്ന പേരില്‍ ഓര്‍മകള്‍ എഴുതി. ഇത്, ‘ശകലിത സ്മരണകള്‍’ എന്ന പേരില്‍ ‘മാതൃഭൂമി’ പുറത്തിറക്കി. അദ്ദേഹം 15 പുസ്തകം പ്രസിദ്ധീകരിച്ചു.

പട്ടാളത്തില്‍ ജൂനിയര്‍ റാങ്കിലുള്ള രാമചന്ദര്‍ ഒരുനാള്‍ തോക്കെടുത്ത് രണ്ടു സീനിയര്‍ ഓഫീസര്‍മാരെ വെടിവെയ്ക്കുന്നതും അതില്‍ ഒരാള്‍ മരിക്കുന്നതും തുടര്‍ന്നു രാമചന്ദറിന്റെ വിചാരണ (കോര്‍ട്ട് മാര്‍ഷല്‍)യുമാണ് ദീപകിന്റെ നാടകം. പ്രതിഭാഗം വക്കീലായ ബികാഷ് റേ ആഴത്തിലേക്ക് കടന്ന്, സത്യം അനാവരണം ചെയ്യുന്നു. ഉത്തരേന്ത്യയിലാകെ, ഈ നാടകം അവതരിപ്പിക്കപ്പെട്ടു. അതു കണ്ടാല്‍ തന്നെ, നാം മൂര്‍ത്തിയെ പ്രാകും. ക്യാപ്റ്റന്‍ വികാസ് റോയ് എന്ന പേരുതന്നെ, മൂര്‍ത്തിയുടെ മോഷണമുതലിലുണ്ട്.

2006 ജൂണ്‍ രണ്ടിനു രാവിലെ നടക്കാന്‍ പോയ സ്വദേശി ദീപക്, ഇന്നുവരെ മടങ്ങിവന്നിട്ടില്ല. മനഃശാസ്ത്രത്തില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നു പറയുന്ന രോഗമായിരുന്നു, അദ്ദേഹത്തിന്. കടുത്ത വിഷാദം; ചിലപ്പോള്‍, ഹൈപ്പോമാനിയ എന്ന സര്‍ഗശേഷിയുടെ ഉറവ പൊട്ടല്‍. 2005 ലാണ് മൂര്‍ത്തിയുടെ നാടകം തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ അരങ്ങേറിയത്; ദീപക്, മൂര്‍ത്തിയെ അനേ്വഷിച്ച് ഇറങ്ങിയതാണോ എന്നറിയില്ല.

മോഷണം, മൂര്‍ത്തി ഒന്നില്‍ ഒതുക്കിയില്ല. മൂര്‍ത്തി, അദ്ദേഹത്തിന്റേതെന്ന് അവകാശപ്പെടുന്ന (അദ്ദേഹത്തിന് എഴുതാന്‍ അറിയില്ല) നാടകങ്ങള്‍, സംഗീത നാടക അക്കാദമി ചെയര്‍മാനായിരിക്കെ, അക്കാദമിയെക്കൊണ്ടുതന്നെ പുസ്തകമായി ഇറക്കാന്‍ ശ്രമിച്ചു. എതിര്‍പ്പു വന്നപ്പോള്‍, തൃശൂര്‍ കറന്റ് ബുക്‌സ് ഇറക്കി. ഇത് കോഴിക്കോട്ട് എം.ടി. വാസുദേവന്‍നായര്‍ പ്രകാശനം ചെയ്യുമ്പോഴാണ്, അദ്ദേഹം, തന്റെ ‘ഇരുട്ടിന്റെ ആത്മാവ്’ മോഷ്ടിച്ച്, മൂര്‍ത്തി നാടകമാക്കിയതു ശ്രദ്ധിച്ചത്. വേദിയില്‍ പ്രസംഗിക്കുമ്പോള്‍ മൂര്‍ത്തിയെ എംടി വിമര്‍ശിച്ചു. ”നിങ്ങള്‍ക്ക് മോഷ്ടിക്കാന്‍ ആരവകാശം തന്നു? ചോദിക്കാനുള്ള മര്യാദയെങ്കിലും വേണ്ടേ?”, എംടി പൊട്ടിത്തെറിച്ചു.

എംടിക്ക് തന്നോട് എതിര്‍പ്പില്ലെന്നു കാട്ടാന്‍, എംടിയുടെ പേരില്‍ ഒരു വ്യാജ സന്ദേശം മൂര്‍ത്തി, അക്കാദമി ഭരണസമിതി അംഗങ്ങളെ കാണിച്ചു. ‘മേല്‍വിലാസം’ രചന, സംവിധാനം ഇപ്പോഴും മൂര്‍ത്തി തന്നെ; പുസ്തകത്തിന്റെ രചനയും അദ്ദേഹം തന്നെ. തിരുവനന്തപുരം ഭാഷയില്‍, തന്നെ, തന്നെ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.