അംജദ് അലിഖാന് ഭൂമി കൊടുത്തില്ല: മൊയ്തീന്‍

Sunday 9 October 2016 12:34 am IST

തിരുവനന്തപുരം: സരോദ് മാന്ത്രികന്‍ ഉസ്താദ് അംജദ് അലിഖാന് സംഗീതവിദ്യാലയം തുടങ്ങാന്‍ തിരുവനന്തപുരത്തെ വേളിയില്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് ടൂറിസംമന്ത്രി സി. മൊയ്തീന്‍ 'ജന്മഭൂമി'യോടു പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് ഭൂമി നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകമാത്രമാണുണ്ടായത്. സംഗീതവിദ്യാലയ ട്രസ്റ്റിന് രേഖാമൂലം ഭൂമി നല്‍കിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സത്യം ഇതായിരിക്കെ രാജ്യാന്തര സംഗീത വിദ്യാലയം ആരംഭിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ഭൂമി ഇപ്പോള്‍ തിരിച്ചെടുത്തെന്ന സൂര്യാകൃഷ്ണമൂര്‍ത്തിയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. നല്‍കാത്ത ഭൂമി എങ്ങനെ തിരികെയെടുക്കും? കഴിഞ്ഞ ദിവസം പ്രമുഖ പത്രത്തില്‍ ഭൂമി സര്‍ക്കാര്‍ തിരികെയെടുത്തു എന്ന് വാര്‍ത്ത വന്നിരുന്നു. അതേ പത്രത്തില്‍ തന്നെ 'സ്ഥലം തിരിച്ചെടുത്തതിലുള്ള' പ്രതിഷേധ ലേഖനവും കൃഷ്ണമൂര്‍ത്തി എഴുതി. നല്‍കാത്ത ഭൂമിയുടെ പേരില്‍ അംജദ് അലിഖാനെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളുടെ പൊള്ളത്തരമാണിതോടെ വെളിച്ചത്തായത്. അംജദ് അലിഖാന്‍ രൂപവത്കരിച്ച ട്രസ്റ്റില്‍ കൃഷ്ണമൂര്‍ത്തിയും അടുപ്പക്കാരും അംഗങ്ങളാണ്. ഒരിടത്തും സര്‍ക്കാര്‍ ഭൂമി അജംദ്അലിഖാനോ അദ്ദേഹമുള്‍പ്പെടുന്ന ട്രസ്റ്റിനോ നല്‍കിയിട്ടില്ലെന്ന് മൊയ്തീന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്ത് രാജ്യാന്തര സംഗീതവിദ്യാലയം ആരംഭിക്കാന്‍ അലിഖാന് വേളിയില്‍ ഭൂമി നല്‍കാന്‍ വാക്കാല്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിന്റെ നിയമപരമായ നടപടികളിലേക്ക് നീങ്ങുകയോ ഭൂമി പതിച്ചു നല്‍കുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഇത്തരത്തില്‍ നിരവധി ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ട്. പലതിലും വലിയ തോതിലുള്ള ക്രമക്കേടുകളാണ് ഉണ്ടായിട്ടുള്ളത്. ഇതെല്ലാം അന്വേഷിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഭൂമി പതിച്ചു നല്‍കാന്‍ അന്നു കൈക്കൊണ്ട തീരുമാനങ്ങളെല്ലാം സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് വേളി. അവിടെ വിപുലമായ ടൂറിസം വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് കൂടുതല്‍ സ്ഥലം ആവശ്യമായി വരും. സംഗീതവിദ്യാലയം തുടങ്ങുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കില്ല, അതിനെല്ലാ സഹായവും ചെയ്യും. എന്നാല്‍ സുതാര്യമായ നടപടിക്രമങ്ങളുണ്ടാകണമെന്ന് മൊയ്തീന്‍ പറഞ്ഞു. അംജദ് അലിഖാന് നല്‍കിയ ഭൂമി തിരികെയെടുത്തുവെന്നും മുന്‍സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയെന്നുമൊക്കെ ഇപ്പോള്‍ വരുന്ന വാര്‍ത്തകളൊന്നും സത്യമല്ലെന്ന് ടൂറിസം സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. ശരിയായ കാര്യങ്ങള്‍ അറിയാതെയാണ് പലരും ഇതേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.