മഹാനവമി

Sunday 9 April 2017 12:42 pm IST

ഭാരതത്തിലെ ദേശീയോത്സവങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് നവരാത്രി ഉത്സവം. അതിന്റെ ഭാഗമായുള്ള മഹാനവമി ആഘോഷങ്ങള്‍ക്ക് ഇന്ന് നാടെങ്ങും ഒരുങ്ങുകയാണ്. ജാതിമതഭേദമന്യേ എല്ലാ സ്ഥാപനങ്ങളിലും ഇന്ന് മഹാനവമി ആഘേഷിക്കുന്നു. ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഇന്നലെ വൈകുന്നേരം പുസ്തകങ്ങള്‍ പൂജയ്ക്ക് വച്ച് കഴിഞ്ഞു. ഇന്നാണ് ആയുധപൂജ. ഓരോ മനുഷ്യനും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട തൊലഴിലധിഷ്ഠിത ഉപകരണങ്ങള്‍ ഇന്ന് പൂജിക്കും. ഇത് സര്‍വ്വൈശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ സ്ഥാപനങ്ങള്‍ മാത്രമല്ല വീടുകളും വാഹനങ്ങളും എല്ലാം തന്നെ ശുചീകരിച്ച് പൂജയ്ക്കായി വച്ചു. ഇന്ന് വൈകുന്നേരമാണ് പ്രധാന പൂജ. നാളെയാണ് വിജയദശമി. ഭാരതീയ പാരമ്പര്യമനുസരിച്ച് എല്ലാവിധ പൊതുചടങ്ങുകള്‍ക്ക്, പ്രത്യേകിച്ച് കലകള്‍ക്ക് തുടക്കം കുറിക്കുന്നത് നാളെയാണ്. ഉപകരണങ്ങളെ ആരാധനയോടെ സമീപിക്കണം ആയുധപൂജ കേവലം ഒരാചാരമോ അനുഷ്ഠാനമോ അല്ല. നവരാത്രിയിലെ അതിപ്രധാനമായൊരു ഭാഗമാണ് ആയുധപൂജ. നമ്മുടെ സംസ്‌കാരത്തിലെ ഒരു സവിശേഷതയാണത്. നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണമെന്തായാലും, പ്രവൃത്തി തുടങ്ങുന്നതിനു മുമ്പായി അതിനെ വന്ദിച്ചിരിക്കണം. നിലമുഴുന്ന കര്‍ഷകന്‍ കലപ്പയെ തൊട്ടുവണങ്ങിയിട്ടേ അയാളുടെ പണി തുടങ്ങുകയുള്ളു. അതുപോലെത്തന്നെ പുസ്തകത്തെ വന്ദിച്ചിട്ടേ നമ്മള്‍ വായന തുടങ്ങു. എല്ലാ തരം പണി ആയുധങ്ങള്‍ക്കുമുള്ള പൂജയാണ്, ആയുധപൂജ. അതില്‍ കലയെന്നോ, കൃഷിയെന്നോ, വിദ്യയെന്നോ, വ്യവസായമെന്നോ, യുദ്ധമെന്നോ ഉള്ള വ്യത്യാസങ്ങളില്ല. നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളേയും നന്ദിയോടും ആദരവോടുംകൂടി സമീപിക്കുക. മനസ്സില്‍ സ്നേഹവും കൂറുമില്ലെങ്കില്‍ അവ വേണ്ടതുപോലെ പ്രയോജനപ്പെടുകയില്ല എന്നാണ് വിശ്വാസം. ഉപകരണത്തിന്റെ മനസ്സു കുളിര്‍ന്ന് അവ ഉപയോഗിക്കുന്നതിന് വേണ്ട ഫലം തരുന്നു. ഉദാ:- ഒരു വാദ്യോപകരണം ഉപയോഗിക്കുന്ന വിധം അനുസരിച്ചായിരിക്കും അതിന്റെ നാദമാധുര്യം. ചിലര്‍ വായിക്കുമ്പോള്‍ ഹൃദയം അലിയുന്നതായി തോന്നും. മറ്റു ചിലര്‍ വെറുതെ ഒച്ചയുണ്ടാക്കുന്നതായേ തോന്നൂ. സമീപനത്തില്‍ വരുന്ന വ്യത്യാസമാണ് അതിനുകാരണം. ഏതുപകരണം കൈയ്യിലെടുക്കുമ്പോഴും അതിനെ നിസ്സാരമായി കാണരുത്, ഗൗരവപൂര്‍വം തന്നെ സമീപിക്കണം. അപ്പോള്‍ മാത്രമേ അത് വേണ്ടവിധം കൈകാര്യം ചെയ്യാന്‍ സാധിക്കൂ. ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുമ്പോഴാണല്ലോ ശരിയായ ഫലം കൈവരിക. അങ്ങനെയാവുമ്പോള്‍ പ്രവൃത്തി എന്തായാലും അത് സുഖകരമായൊരനുഭവമാകും. ജീവിതസാഫല്യം നിര്‍ണയിക്കുന്നത് എത്രത്തോളം സമ്പാദിച്ചു എന്നു കണക്കാക്കിയിട്ടല്ല. എത്ര സന്തോഷത്തോടെ, സംതൃപ്തിയോടെ ജീവിച്ചു എന്നതാണ് ജീവിതത്തെ ധന്യമാക്കുന്നത്. ഓരോ ഉപകരണത്തേയും ആദരവോടെ സമീപിച്ചാല്‍ അത് ജീവിതത്തില്‍ തുഷ്ടിയും തൃപ്തിയും പ്രദാനം ചെയ്യുന്നു. ഓരോ തവണയും ഉപകരണം കൈയ്യിലെടുക്കുമ്പോള്‍ ഓര്‍മിക്കുക 'തൊടുന്നത് ഈശ്വരനെയാണ്', ഈശ്വരനുമായി അങ്ങനെ സദാ സമ്പര്‍ക്കം പുലര്‍ത്തുകയാണ്. ഏതു മേഖലയിലായാലും 'കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളെ ആരാധനാ മനോഭാവത്തോടെ സമീപിക്കൂ' എന്ന ഓര്‍മപ്പെടുത്തലാണ് ഓരോ ആയുധപൂജയും. നമ്മള്‍ ഉപയോഗിക്കുന്ന വൈവിധ്യമാര്‍ന്ന ഉപകരണങ്ങളില്‍വെച്ച് ഏറ്റവും മഹത്വമേറിയത് നമ്മുടെതന്നെ മനസ്സും, ബുദ്ധിയും, ശരീരവുമാണ്. സ്വന്തം ശരീരത്തേയും മനസ്സിനേയും ശ്രദ്ധാപൂര്‍വ്വം സമീപിക്കാന്‍ ആയുധപൂജ നമ്മളെ പഠിപ്പിക്കുന്നു. നവരാത്രി പുരാണത്തിലൂടെ മഹിഷാസുരനെ വധിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച്, ബ്രഹ്മാവും മഹേശ്വരനും ഇന്ദ്രാദികളും കൂടി വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനെ കണ്ടു. ''ഒരു സ്ത്രീയില്‍ നിന്നേ മഹിഷാസുരന് മരണം സംഭവിക്കൂ''എന്ന വരം താന്‍ മഹിഷാസുരന് നല്‍കിയിട്ടുണ്ടെന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനോട് പറഞ്ഞു. ആ വരം കിട്ടിയ മഹിഷാസുരന്‍ ''സ്ത്രീ വെറും അബലയല്ലേ?''എന്ന ചിന്തയാല്‍ മരണഭയം കൂടാതെ അഹങ്കാരിയായി. എന്തു ചെയ്യണമെന്ന് ഏവരും ചിന്തിച്ചു നില്‍ക്കുമ്പോള്‍ ബ്രഹ്മാവിന്റെ മുഖത്തുനിന്നും അതിയായ ഒരു തേജസുണ്ടായി. രക്തനിറത്തിലുള്ള അതിന്റെ പ്രകാശം സഹിക്കുവാന്‍ കഴിയാത്തതായിരുന്നു. അപ്പോള്‍ മഹേശ്വരന്റെ ദേഹത്തുനിന്നും ഉഗ്രവും ഭയങ്കരവുമായ വെളുത്ത നിറത്തില്‍ ഒരു ഘോരരൂപിണി, മലപോലെ തമോഗുണിയായി പ്രത്യക്ഷയായി. അതുപോലെ, വിഷ്ണുശരീരത്തില്‍നിന്നും നീല നിറത്തില്‍ ആശ്ചര്യമായ ഒരു രൂപവും ഉണ്ടായി. അതുകണ്ട ദേവന്മാര്‍ ഓരോരുത്തരും ആശ്ചര്യചകിതരായി. അപ്പോള്‍ വീണ്ടും ഇന്ദ്രന്‍, വരുണന്‍, കുബേരന്‍, യമന്‍, വഹ്നി മുതലായ ദിക്പാലകരില്‍നിന്നും തേജസുകള്‍ ഉണ്ടായി. ഇവയെല്ലാം ഒന്നായിത്തീര്‍ന്നു. അത് എല്ലാ ശ്രേഷ്ഠമായ ഗുണങ്ങളുമുള്ള ഒരു സ്ത്രീയായിത്തീര്‍ന്നു. സകലദേവന്മാരില്‍നിന്നുമുണ്ടായ അവള്‍-ശ്രീ മഹാലക്ഷ്മി- മൂന്ന് ഗുണങ്ങളുള്ളവളാണ്. മൂന്ന് ലോകത്തേയും വശീകരിക്കുന്ന സൗന്ദര്യത്തോടുകൂടിയ അവള്‍ക്ക്- പതിനെട്ട് ഭുജങ്ങളും, ആയിരം കൈകളുമുണ്ടായി. ശങ്കരന്റെ തേജസില്‍നിന്ന് വെളുത്ത ശോഭയുള്ള മുഖവും, യമതേജസില്‍നിന്ന് കറുത്ത ഇടതൂര്‍ന്ന നീണ്ട മുടിയുണ്ടായി. അഗ്‌നിതേജസില്‍നിന്ന് മൂന്ന് കണ്ണുകളും വായുതേജസില്‍നിന്ന് ചുവന്ന ചുണ്ടുകളും, വിഷ്ണുതേജസില്‍നിന്ന് പതിനെട്ട് കൈകളും ഇന്ദ്രതേജസില്‍നിന്ന് മൂന്ന് മടക്കുള്ള വയറും (അത് സുന്ദരീലക്ഷണമാണ്), വരുണ തേജസില്‍നിന്ന് അതിമനോഹരമായ കണങ്കാലുകളും തുടയും അഗ്‌നിതേജസില്‍നിന്ന് നല്ല ആകാരവും ശബ്ദവും ഉണ്ടായി. ആ തേജോരൂപം കണ്ട വിഷ്ണുഭഗവാന്‍ ദേവന്മാരോട് പറഞ്ഞു- ''ഹേ, ദേവന്മാരെ! നിങ്ങളുടെ പക്കലുള്ള എല്ലാ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും ഈ ദേവിക്ക്കൊടുക്കൂ''-എന്ന്. അതുകേട്ട പാലാഴി, ദേവിക്ക് ദിവ്യവും പുതിയതും, നേര്‍ത്തതുമായ ചുകന്ന പട്ടുവസ്ത്രവും നല്ല പവിഴമാലയും കൊടുത്തു. വിശ്വകര്‍മ്മാവ്, കോടിസൂര്യപ്രഭയുള്ള ചൂഡാമണിയും മുടിയില്‍ ചൂടാന്‍ കൊടുത്തു. പിന്നീട് നാനാ രത്നങ്ങള്‍ പതിച്ച കുണ്ഡലങ്ങള്‍ കാതിലണിയാനും, വളകള്‍, തോള്‍വളകള്‍ മുതലായവയും ആഭരണങ്ങളായി വിശ്വകര്‍മ്മാവ് കൊടുത്തു. കാലുകളില്‍ അണിയാന്‍ ശബ്ദിക്കുന്ന, സൂര്യനെപ്പോലെ തിളങ്ങുന്ന പൊന്‍ചിലമ്പുകള്‍ ത്വഷ്ടാവു കൊടുത്തു. കഴുത്തിലണിയാന്‍ തിളങ്ങുന്ന രത്നമാലയും മോതിരങ്ങളും വണ്ടുവരുന്നതും വാടാത്തതുമായ അതിദിവ്യമായ താമരമാലയും മഹാര്‍ണവം കൊടുത്തു. (വണ്ടുവരണമെങ്കില്‍ മണം (വാസന) വേണം, പക്ഷേ മണമുള്ളത് പിന്നീട് വാടുകയും ചെയ്യും. അതുകൊണ്ടാണ് വാസനയുള്ളതും വാടാത്തതുമായ ആ മാല അതിദിവ്യമായത്). ഇതെല്ലാം കണ്ട ഹിമവാനാകട്ടെ, തന്റെ ഗുഹകളില്‍ പാര്‍ക്കുന്ന നല്ല ലക്ഷണമൊത്ത സിംഹത്തേയും ദേവിക്ക് വാഹനമായി കൊടുത്തു. അങ്ങനെ സര്‍വാഭരണവിഭൂഷിതയായി സ്വര്‍ണവര്‍ണമുള്ള ആ സിംഹത്തിന്റെ പുറത്ത് ദേവി ആസനസ്ഥയായി. അപ്പോള്‍ മഹാവിഷ്ണു തന്റെ സുദര്‍ശനചക്രം ദേവിക്ക് നല്‍കി. ശ്രീ പരമേശ്വരന്‍ തൃശൂലവും ഇന്ദ്രന്‍ വജ്രായുധവും ബ്രഹ്മാവ് ഗംഗാജലം നിറച്ച കമണ്ഡലുവും വരുണന്‍ പാശവും (കയറ്) വാളും പരിചയും കൊടുത്തു. വിശ്വകര്‍മ്മാവ് തന്റെ മൂര്‍ച്ചയുള്ള മഴുവും അമൃത് നിറച്ച രത്നപാത്രം കുബേരനും ദേവിക്ക് നല്‍കി. വിഷ്ണുഭഗവാന്‍ എല്ലാവരോടുമായി പറഞ്ഞു- ''നിങ്ങള്‍ക്കുള്ളതെല്ലാം ദേവിക്ക് സമര്‍പ്പിക്കൂ. നിങ്ങളെ ഭയത്തില്‍നിന്നും മോചിപ്പിച്ച് ദേവി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരും'' എന്ന്. ഹിമവാന്‍ ദേവിക്ക് വാഹനമായി സിംഹത്തെ നല്‍കി ഇരിപ്പിടം കൊടുത്തതിനാലാണ് ദേവിതന്നെ ഹിമവാന്റെ പുത്രിയായി പാര്‍വതി (പര്‍വതനന്ദിനി) എന്ന പേരില്‍ ജനിച്ച് പിതൃസ്ഥാനം നല്‍കി ഹിമവാനെ അനുഗ്രഹിച്ചത്. ക്രോധം, ദ്വേഷം, രാഗം മുതലായ ശത്രുക്കളില്ലാതാകാന്‍ നമുക്ക് ഈ നവരാത്രിദേവിയെ ഭജിയ്ക്കാം! 'സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീം വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.'

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.