ഐസക്കിനും ചിരിക്കാം

Sunday 9 October 2016 10:35 pm IST

  സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ കരുത്തനായ വ്യവസായ മന്ത്രി ഇ. പി. ജയരാജന്റെ പതനത്തില്‍ ചിരിക്കുന്നവരില്‍ വെട്ടിനിരത്തപ്പെട്ട അനേകായിരം സഖാക്കള്‍ മാത്രമല്ല, ധനമന്ത്രി തോമസ് ഐസക്കിനെ പോലുള്ള ഉന്നതനേതാക്കളും. കണ്ണൂര്‍ ലോബിയുടെ കണ്ണിലെ കരടായ നേതാക്കളില്‍ വി. എസ്. അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ അടുത്ത പ്രമുഖന്‍ തോമസ് ഐസക്കാണ്. ഇ. പി. ജയരാജനും തോമസ് ഐസക്കുമായുള്ള പോരിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. പിണറായി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനാകുമെന്ന് വിശ്വസിച്ചിരുന്ന ഐസക്കിനെ ഒതുക്കി രണ്ടാം സ്ഥാനത്ത് സ്വയം അവരോധിതനാകുകയായിരുന്നു ജയരാജന്‍. മന്ത്രിസഭയിലെ മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനെന്ന പ്രചാരണവും ജയരാജന് ലഭിച്ചു. കയര്‍ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ തോമസ് ഐസക്കാകട്ടെ പാര്‍ട്ടിയിലെ ധനകാര്യ വിദഗ്ദ്ധനെന്ന് അടുപ്പക്കാരെക്കൊണ്ട് പ്രചരിപ്പിച്ചു, സമൂഹത്തിലും ആ പ്രതീതി ജനിപ്പിക്കുന്നതില്‍ വിജയിച്ചു. എന്നാല്‍ കണ്ണൂരുകാരിയായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതോടെ ഐസക്ക് നിഷ്പ്രഭനായി. ഈ സാഹചര്യത്തിലാണ് ബന്ധുക്കളെ സ്വന്തം വകുപ്പിലെ സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ച് ജയരാജന്‍ ഊരാക്കുടുക്കിലായത്. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം ഇ. പി. ജയരാജനുമായി പരസ്യമായാണ് ഏറ്റുമുട്ടിയത്. സിപിഎം അനുകൂല സംഘടനയായ വ്യപാരിവ്യവസായി സമിതിയുടെ നേതാവുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റുമുട്ടല്‍. തൃശ്ശൂരുകാരനായ നേതാവിന്റെ തടി ബിസിനസ്സില്‍ നികുതി ഇളവു ചെയ്ത് നല്‍കണമെന്ന സമിതി രക്ഷാധികാരി കൂടിയായ ജയരാജന്റെ ആവശ്യം ഐസക്ക് അംഗീകരിച്ചില്ല. തുടര്‍ന്ന് കോഴിക്കച്ചവടക്കാരുടെ നികുതി വിഷയത്തിലും വ്യാപാരി വ്യവസായി സമിതിയും ഐസക്കുമായി രൂക്ഷമായ ഭിന്നതയുണ്ടായി. പിന്നീട് ഇ.പി.ജയരാജന്‍ വ്യാപാരി വ്യവസായി സമിതിയുടെ ബാനറില്‍ തുറന്ന യുദ്ധംതന്നെ പ്രഖ്യാപിച്ചു. ഉന്നത നേതൃത്വം ഇടപെട്ടാണ് അന്ന് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്കിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ചിലര്‍ കേസ് നല്‍കിയതിന് പിന്നിലും ഇതേസംഘങ്ങള്‍ തന്നെയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന നടത്തി കഴമ്പില്ലെന്ന് കണ്ട് പരാതി തള്ളിക്കളയുകയായിരുന്നു. വിഎസും പിണറായിയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത മാത്രമെ കഴിഞ്ഞ കുറെനാളുകളായി ഐസക്കും ജയരാജനുമായുള്ളൂ. ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധി പിണറായി വിജയന് എതിരായാല്‍ ഐസക്കിന് മുന്നില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കടമ്പ ഇ. പി. ജയരാജനായിരുന്നു. ഇപ്പോഴത്തെ വിവാദത്തില്‍ പാര്‍ട്ടി നടപടി ഉറപ്പായ സാഹചര്യത്തില്‍ ജയരാജന്‍ ഐസക്കിന് ഭീഷണി അല്ലാതെ മാറും. ലാവ്‌ലിന്‍ കേസില്‍ വിചാരണപോലും നടത്താതെ പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിജെഎം കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നത് അടുത്ത മാസം ഒന്‍പതിനാണ്. വിചാരണ നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടാല്‍ സ്വഭാവികമായും പിണറായി രാജിവെക്കേണ്ടി വരും, പാര്‍ട്ടി കീഴ്‌വഴക്കമതാണ്. ഇങ്ങനെ സംഭവിച്ചാല്‍ ധനമന്ത്രി തോമസ് ഐസക്കിനാകും പ്രഥമ പരിഗണന. എം.എ. ബേബി പിബിയില്‍ ഉള്ളതും യെച്ചൂരിയുമായും കാരാട്ടുമായും നല്ല അടുപ്പമുള്ളതും ഐസക്കിന് തുണയാകും. ജയരാജന്റെ പതനം ഐസക്കിന് നേട്ടമാകുകയാണ്. എന്നും കണ്ണൂര്‍ ലോബിയുടെ എതിരാളിയായ അച്യുതാന്ദനും ജി. സുധാകരനും അടക്കമുള്ള തെക്കന്‍ കേരളത്തിലെ ഔദ്യോഗികപക്ഷ നേതാക്കളും ജയരാജനെതിരെ കര്‍ശന നടപടി വേണമെന്ന അഭിപ്രായക്കാരാണ്. വിഎസ് ആകട്ടെ ജയരാജനെതിരെ നടപടി വേണമെന്ന് മാദ്ധ്യമങ്ങളോട് പരസ്യമായി തന്നെ പറയുകയും ചെയ്തു. അബദ്ധം ഒരുതവണ സംഭവിക്കും, പക്ഷെ തുടര്‍ച്ചയായി പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്നും അതിന് ഉചിതമായ ശിക്ഷ ജയരാജന് നല്‍കണമെന്നുമാണ് ബഹുഭൂരിപക്ഷം നേതാക്കളുടെയും അണികളുടെയും അഭിപ്രായം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.