ശ്രീമാനും ശ്രീമതിയും പുറത്തേക്ക്; ശൈലജയും പ്രതിക്കൂട്ടില്‍

Sunday 9 October 2016 11:02 pm IST

കൊച്ചി: മന്ത്രി ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, എന്നിവരെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തും; ജയരാജന് മന്ത്രിസ്ഥാനം പോകും. കെ.കെ.ശൈലജയും ഇതില്‍പെട്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ തീരുമാനങ്ങള്‍ എടുക്കാവുന്നവിധം നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് പാര്‍ട്ടി. അതിന്റെ ഭാഗമായാണ്, പാപ്പിനിശേരി, മൊറാഴ ലോക്കല്‍ കമ്മിറ്റികളെക്കൊണ്ട് പാപ്പിനിശേരി, തളിപ്പറമ്പ് ഏരിയാ കമ്മറ്റികള്‍ക്ക് പരാതികൊടുപ്പിച്ചതും, ആ പരാതി ജില്ലാ കമ്മറ്റിയില്‍ എത്തിച്ചതും. വെള്ളിയാഴ്ച, സെക്രട്ടേറിയറ്റിനുമുന്നില്‍, ഇവര്‍ക്കെതിരെ നടപടിക്കുള്ള ശുപാര്‍ശ ഉണ്ടാകും. ജയരാജനും ശ്രീമതിയും കേന്ദ്രകമ്മിറ്റി അംഗങ്ങളായതിനാല്‍ ആ ഘടകമാണ് നടപടി എടുക്കേണ്ടത്. അതിനുള്ള ശുപാര്‍ശ സെക്രട്ടേറിയറ്റ് നല്‍കും.

എം.വി.രാഘവനെതിരായ നടപടികള്‍ക്ക് തുടക്കം കുറിച്ചത്, പാപ്പിനിശേരി ലോക്കല്‍ കമ്മിറ്റിയിലായിരുന്നു. പാപ്പിനിശേരിയില്‍ വീടുള്ള ജയരാജനും, ആ വഴിയാണ് പുറത്തേക്കു പോകുന്നത്. രാഘവന്റെ കൂടെ നിന്ന, മാണിക്കര ഗോവിന്ദന്‍ സെക്രട്ടറിയായ പാപ്പിനിശേരി ലോക്കല്‍ കമ്മിറ്റി 1986 ല്‍ പിരിച്ചുവിട്ടിരുന്നു. ഇന്ന്, ആ ലോക്കല്‍ കമ്മിറ്റി, ജയരാജന്റെ കൂടെയില്ല. അതിനോട് അതിരുചേര്‍ന്നുകിടക്കുന്നതാണ്, മൊറാഴ കമ്മിറ്റി.

രണ്ടു കമ്മിറ്റികളോടും പരാതി നല്‍കാന്‍, പിണറായി വിജയന്‍ ആവശ്യപ്പെട്ടെന്നാണ് സൂചന. രണ്ടു ലോക്കല്‍ കമ്മിറ്റികളെയും ജയരാജന്‍, സ്വന്തം ഇടവകകളായി ഉപയോഗിച്ചുവരികയായിരുന്നു. കണ്ണൂരിന്റെ പേരില്‍ ജയരാജന്‍ ഞെളിയേണ്ട എന്നതാണ്, വിജയന്‍ നല്‍കുന്ന സന്ദേശം. ജയരാജനെ മറ്റുള്ളവര്‍ അടിക്കുമ്പോള്‍ വേദിക്കുന്നത് വിജയനാണെങ്കിലും, ഇതല്ലാതെ വേറെ വഴിയില്ല.

മന്ത്രിസഭയില്‍ രണ്ടാം സ്ഥാനത്തിരിക്കേണ്ട ധനമന്ത്രി തോമസ് ഐസക്കിനെ, കേന്ദ്ര കമ്മിറ്റിയില്‍ തനിക്കുള്ള സീനിയോറിട്ടികൊണ്ടു വെട്ടി, മന്ത്രിസഭാ യോഗത്തില്‍ വിജയന്റെ അടുത്തിരിക്കുകയും, വിജയന്റെ അടുത്ത മുറി കരസ്ഥമാക്കുകയും ചെയ്തയാളാണ്, ജയരാജന്‍. അതൊരു അധികാര സന്നിവേശമായിരുന്നു. അങ്ങനെ ചവിട്ടിത്താഴ്ത്തപ്പെട്ടിട്ടാണ്, ഐസക്ക് 13-ാം നമ്പര്‍ കാര്‍ എടുത്തത്. കുഞ്ഞാലിക്കുട്ടിയും സി. ദിവാകരനും ഇരുന്നിടം വെട്ടിപ്പിടിച്ച ജയരാജന് അടികിട്ടുമ്പോള്‍, ഐസക്കിന് ആഹ്ലാദിക്കാം.

പാര്‍ട്ടിയെ സംബന്ധിച്ച വലിയ പ്രതിസന്ധിയാണ്, ഇത്. എ.കെ.ബാലന്‍, കെ.കെ.ശൈലജ, ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി എന്നിവര്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളെന്ന നിലയില്‍, കീഴ്ഘടകങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. അതില്‍, മൂന്നുപേര്‍ വഴിതെറ്റിപ്പോയത്, അതീവ ഗൗരവത്തോടെയാണ് ദുര്‍ബലമായ കേന്ദ്ര നേതൃത്വം കാണുന്നത്.

ശൈലജയുടെ മകളെ കിന്‍ഫ്രയില്‍ നിയമിച്ചിട്ടുണ്ട്; മകനെ കണ്ണൂര്‍ വിമാനത്താവളത്തിലെ ഉയര്‍ന്ന തസ്തികയില്‍ പരിഗണിക്കുന്നു. ദുബായിയിലിരുന്ന്, പ്രശ്‌നം പാര്‍ട്ടി പരിശോധിക്കുമെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയേണ്ടിവന്നത്, പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നു. ചെറിയ പ്രശ്‌നമായിരുന്നെങ്കില്‍, ‘തിരിച്ചുവന്നിട്ടു പറയാം’ എന്ന് കോടിയേരിക്ക് പറഞ്ഞൊഴിയാമായിരുന്നു. കോടിയേരി ദുബായിയിലായതിനാല്‍, അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് പോലും കൂടാനാകാത്ത നിലയുണ്ടായി.

ഇന്നലെ നെടുമ്പാശ്ശേരിയിലെത്തിയ കോടിയേരി പാലക്കാട്ടെ തോല്‍വിയെപ്പറ്റി, സംസ്ഥാന സെക്രട്ടറി നിശ്ചയിച്ച പ്രകാരം, ചര്‍ച്ച ചെയ്യാന്‍ പാലക്കാട്ടേക്കുപോയി. അവധി കഴിഞ്ഞ് വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ചേരാന്‍ നിശ്ചയിക്കുകയായിരുന്നു. ഈ സെക്രട്ടേറിയറ്റില്‍, ജയരാജനും ശ്രീമതിക്കും പുറമെ, പ്രതിപ്പട്ടികയിലുള്ള ശൈലജയും ആനത്തലവട്ടം ആനന്ദനുമുണ്ട്. പ്രതികള്‍ കൂടിയിരുന്നുള്ള ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരെപ്പറ്റിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

അവിടെ തോമസ് ഐസക്കും ഉണ്ടാകും. മന്ത്രിസഭയില്‍ രണ്ടാം ടേം ആയ ഐസക്ക് ആ നിലയില്‍ സീനിയറാണെന്ന പരിഗണന, ജയരാജന്‍ കാണിച്ചിട്ടില്ല.

റിയാബ് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി, പാര്‍ട്ടിയെ സംബന്ധിച്ച് വലിയ പാതകമായ, താന്‍പ്രമാണിത്തമാണ് ജയരാജന്‍ കാട്ടിയിരിക്കുന്നത്- രാഘവനും ഗൗരിയമ്മയും ചെയ്തതായി പറഞ്ഞ കുറ്റം. 45 വയസില്‍ കുറയരുത്, 15 വര്‍ഷം അനുഭവപരിചയം വേണം, എം.ബി.എ വേണം, മധ്യമാനേജ്‌മെന്റ് തലത്തില്‍ പ്രവര്‍ത്തിച്ചിരിക്കണം എന്നിവയാണ് റിയാബ് നിശ്ചയിച്ച യോഗ്യതകള്‍. ഇതൊന്നും, സുധീര്‍ നമ്പ്യാര്‍ക്കില്ല.

ബിഎ പാസായി, ബിനീഷ് കോടിയേരിക്കൊപ്പം ബിനാമി ബാറുകള്‍ നടത്തി, മരുന്നു കച്ചവടം നടത്തി-എത്രമാത്രം താഴ്ന്ന നിലവാരമാണ് അയാള്‍ക്കുള്ളതെന്ന് അയാളുടെ ട്വീറ്റുകള്‍ നോക്കിയാലറിയാം. ”ഞാന്‍ മഹീന്ദ്ര വണ്ടി ബുക്ക് ചെയ്തു” എന്നതൊരു സാംപിള്‍.

പ്രശ്‌നങ്ങള്‍ ഗൗരവകരം; ഉചിതമായ നടപടി- മുഖ്യമന്ത്രി

കോഴിക്കോട്: വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ സ്വന്തക്കാരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചത് ഗൗരവമുള്ള പ്രശ്‌നമാണെന്നും കൂട്ടായി ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭരണത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റോ എന്ന ചോദ്യത്തിന് അത് യുഡിഎഫുകാര്‍ പറയുന്ന കാര്യമാണെന്നും യൂഡിഎഫ് അല്ല എല്‍ഡിഎഫ് എന്നും കോണ്‍ഗ്രസ് അല്ല സിപിഎം എന്നുമായിരുന്നു മറുപടി.

എന്നാല്‍ വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള ചോദ്യത്തിന് പിണറായി മറുപടി നല്‍കിയില്ല. വിവാദം പാര്‍ട്ടിക്കകത്തും പുറത്തും ചര്‍ച്ചയായതോടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

പ്രതിച്ഛായ തകര്‍ന്നു: വിഎസ്

തിരുവനന്തപുരം: ബന്ധുനിയമന വിവാദം പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും വിശദമായി അന്വേഷിക്കണമെന്നും വിഎസ് അച്യുതാനന്ദന്‍.
ഗൗരവകരമായ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ നടപടിയും വേണം.വിഎസ് പറഞ്ഞു.

വിഷയത്തില്‍ ആദ്യമായാണ് വിഎസ് പ്രതികരിക്കുന്നത്. ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളിലടക്കം പരാതി വ്യാപകമാണ്.

ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് 14ന് യോഗം ചേരും. ഈ സാഹചര്യത്തിലാണ് ജയരാജനെതിരെ നിലപാട് കടുപ്പിച്ച് വിഎസ് രംഗത്തെത്തിയത്.

ഐസക്ക് കത്ത് നല്‍കി

കൊച്ചി: തന്നോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അപമര്യാദയായി പെരുമാറിയ വിഷയം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട്, ധനമന്ത്രി ഡോ.തോമസ് ഐസക്ക്, ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തു നല്‍കി.

സര്‍ക്കാര്‍ വിളിച്ച ഒരു യോഗത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ചാണ്, ഐസക്കിനോട് വിജയന്‍ കയര്‍ത്തു സംസാരിച്ചത്.

തുടര്‍ന്ന്, ഐസക്ക്, രാജിക്കൊരുങ്ങിയ സംഭവം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.