കൊട്ടാരക്കര: കാറില്‍ തട്ടി നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. കടയ്ക്കല്‍ ആന്സിമന്സില് ചരുവിളപുത്തന്‍വീട്ടില്‍ റജീം(25) ആണ് മരിച്ചത്. കുടെയുണ്ടായിരുന്ന സുബിന്, തുളസീധരന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ 10.30 ഓടെ എം.സി.റോഡില്‍ ഇഞ്ചക്കാടിന് സമീപമാണ് അപകടം. മസ്ദ ലോറിയില്‍ പെരുമ്പാവൂരില്‍ തടി ഇറക്കിയശേഷം തിരികെ വരികയായിരുന്നു റജീമും കുടെയുണ്ടായിരുന്നവരും. ഇഞ്ചക്കാടിന് സമീപം വച്ച് എതിരെ വന്ന കാറില്‍ തട്ടിയ ലോറി നിയന്ത്രണം വിട്ട സമീപത്തെ വീടിന്റെ മുറ്റത്തേക്ക് വൈദ്യുതപോസ്റ്റും തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു.
കാര്‍ യാത്രികര്‍ക്ക് പരിക്കില്ല. കാറിന് ചെറിയ പോറല്‍ മാത്രമെ പറ്റിയുള്ളൂ. ഓടിക്കൂടിയ നാട്ടുകാരാണ് എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റജീം ചികിത്സയിലിരിക്കെ മരിച്ചു. ആന്‍സിയാണ് റജീമിന്റെ ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: