നവീകരിച്ചതോടെ മലമ്പുഴയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടി

Sunday 9 April 2017 12:41 pm IST

മലമ്പുഴ: കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴ ഉദ്യാനം ഏറെ കാലത്തിന് ശേഷം കോടികള്‍ ചിലവഴിച്ച് നവീകരിച്ചതോടെ ഇവിടെ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം പതിമടങ്ങ് വര്‍ദ്ധിക്കുന്നു. അവധി ദിവസങ്ങള്‍ കൂടിയായതോടെ മലമ്പുഴയില്‍ സന്ദര്‍ശകരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മലമ്പുഴയിലെ പ്രധാന കാഴ്ചയായ റോസ് ഗാര്‍ഡന്‍ പുതുമോടിയില്‍ അണിയിച്ചൊരുക്കിക്കഴിഞ്ഞു. അഞ്ഞൂറിലധികം ഇനത്തിലുള്ള ചെടികളാല്‍ സമൃദ്ധമായ പൂന്തോട്ടം സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകമാണ് ഉണര്‍ത്തുന്നത്. ക്യൂറേറ്ററുടെ നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ച 100 ഇനത്തില്‍പെട്ട റോസ് ചെടികള്‍ ഉദ്യാനത്തിനകത്ത് നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങളെ മുന്നില്‍കണ്ട് ഉദ്യാനം കൂടുതല്‍ മനോഹരമാക്കാനായി 3000ത്തോളം ചെടികളുടെ ഉല്‍പാദനവും പരിപാലനവും നഴ്‌സറിയില്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്യാനത്തിലെ വള്ളിക്കുടിലുകളുടെ കാഴ്ച സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവവും പകരുന്നു. ഇവയ്ക്ക് ഉള്ളിലൂടെ സന്ദര്‍ശകര്‍ക്ക് കടന്നു പോകാം. പല കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്ന ജലധാരയ്ക്കും പുനര്‍ജന്മം നല്‍കിക്കഴിഞ്ഞു. ഉദ്യാനനഗരിയില്‍നിന്ന് 60 കിലോമീറ്റര്‍ അപ്പുറമുള്ള നെല്ലിയാമ്പതിയും പാലക്കാടന്‍ കോട്ടയുമൊക്കെ കാണാവുന്ന ടെലസ്‌കോപ്പും പ്രവര്‍ത്തന സജ്ജമായി. ഇതിന് പുറമെ ഗവര്‍ണര്‍ സ്ട്രീറ്റും തുറന്ന് കൊടുത്തു. ഇതിന്റെ ആദ്യഘട്ടമെന്നോണം ഉദ്യാനത്തിനകത്ത് ഝാന്‍സി റാണി അടക്കമുള്ളവരുടെ പ്രതിമകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പെയിന്റടിച്ചു കഴിഞ്ഞു. 15വര്‍ഷത്തോളമായി കുട്ടികളുടെ പാര്‍ക്കില്‍ പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന മിസ്റ്റ് ഫൗണ്ടനും പ്രവര്‍ത്തന സജ്ജമായി. കോടികള്‍ ചിലവില്ലാതെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തും ചുരുങ്ങിയ മുതല്‍മുടക്കിലും മാത്രം പ്രവര്‍ത്തനസജ്ജമായവയെ പ്രവര്‍ത്തിപ്പിച്ച് ഉദ്യാനനഗരിയെ മോടിയാക്കുന്നതു വഴി നിലവിലെ വരുമാനത്തില്‍നിന്ന് ഗണ്യമായ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ജലസേചന വകുപ്പ് എക്‌സി. എഞ്ചിനീയര്‍ സജീവന്‍, അസി.എക്‌സി.എഞ്ചിനീയര്‍ ഷീന്‍ചന്ദ്, അസി.എഞ്ചിനീയര്‍ ദേവകുമാര്‍, ഡാം സെക്ഷന്‍ ഓവര്‍സിയര്‍ ആര്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവര്‍ത്തനമാണ് ഉദ്യാനത്തിനെ മനോഹരമാക്കുന്ന നൂതന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മലമ്പുഴ പരിപൂര്‍ണ്ണമായും കാണാവുന്ന റിങ് റോഡിന്റെ നിര്‍മ്മാണം ഇതുവരെ പൂര്‍ത്തികരിച്ചിട്ടില്ല. അതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. നവീകരണപ്രവര്‍ത്തികള്‍ ഏകദേശം പൂര്‍ത്തിയായതോടെ സന്ദര്‍ശകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണത്ത ഓണം, റംസന്‍, വിജയ ദശമി ദിനത്തില്‍ പതിനായിരക്കണക്കിനാളുകളാണ് മലമ്പുഴയില്‍ എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.