കുട്ടനാട്ടില്‍ നിലം നികത്തുന്നു

Tuesday 11 October 2016 7:50 pm IST

മങ്കൊമ്പ്: കുട്ടനാട്ടില്‍ നിലംനികത്തല്‍ വീണ്ടും വ്യാപകമാകുന്നു. ഒരു വിഭാഗം സിപിഎം നേതാക്കള്‍ ഒത്താശ ചെയ്യുന്നു. സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ചില പ്രദേശങ്ങളിലെ നിലം നികത്തലിനെതിരെ പാര്‍ട്ടിക്കാര്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മാമ്പുഴക്കരിയില്‍ റവന്യുരേഖകളില്‍ തിരിമറി നടത്തി നിലംനികത്തുന്നതായി പരാതി ഉയര്‍ന്നു. സര്‍വെ 236/2, 236/2–2, 236/2/1–2, 236/2/–3 എന്നീ നമ്പരുകളില്‍പ്പെട്ട രണ്ട് ഏക്കറോളംവരുന്ന നീര്‍ത്തടമാണ് അനധികൃതമായി നികത്തുന്നത്. തണ്ണീര്‍ത്തടം നികത്തുന്നത് റവന്യു അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. ചില സിപിഎം നേതാക്കളാണ് നികത്തലിന് സഹായം നല്‍കുന്നത്. ഇവരെ എതിര്‍ക്കുന്ന മറ്റു സിപിഎം നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. നികത്തുന്ന ഈ നീര്‍ത്തടം രേഖകളില്‍ കരഭൂമിയാണെന്നും മണ്ണിട്ടുനികത്തുന്നതിന് കുട്ടനാട് തഹസില്‍ദാരുടെ രേഖാമൂലമുള്ള ഉത്തരവ് ഉണ്ടെന്നുമാണ് ഉടമകള്‍ പറയുന്നത്. പതിറ്റാണ്ടുകളായി നെല്‍വയലിന്റെ ഭാഗവും നീര്‍ത്തടവുമായി ഈ വസ്തു എങ്ങനെ റവന്യുരേഖകളില്‍ പുരയിടമായി എന്നുള്ളത് അന്വേഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന മാമ്പുഴക്കരിയിലെ അനധികൃത നിലംനികത്തല്‍ തടയണമെന്ന് ആവശ്യം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.