അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍

Tuesday 11 October 2016 10:49 pm IST

പത്തനംതിട്ട: അറിവിന്റെയും അക്ഷരത്തിന്റേയും ലോകത്തേക്ക് കുരുന്നുകള്‍. ക്ഷേത്രങ്ങളിലും ആശ്രമ ങ്ങളിലും മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളിലുമായി നൂറുകണക്കിന് പിഞ്ചുകുട്ടികളാണ് വിജയദിശമിദിനമായ ഇന്നലെ അക്ഷരങ്ങളുടെ മധുരം നുകര്‍ന്ന് അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചത്. സ്വര്‍ണ്ണമോതിരത്താല്‍ നാവിലും കുരുന്നു കൈകളാല്‍ അരിയിലും ആദ്യാക്ഷരങ്ങള്‍ ആചാര്യന്മാര്‍ പകര്‍ന്നു നല്‍കിയപ്പോള്‍ ചിരിച്ചും ചിണുങ്ങിയും കുരുന്നുകള്‍ അറിവിനെ ആവാഹിച്ചു. സരസ്വതി മന്ത്രജപത്തില്‍ മുഖരിതമായ ക്ഷേത്രങ്ങളില്‍ വാഗ്‌ദേവതയുടെ കടാക്ഷത്തിനായി ആയിരങ്ങളാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ഭഗവത് സന്നിധിയില്‍ പൂജവെച്ച പുസ്തകങ്ങളും പഠനോപകരണങ്ങളും തിരികെ വാങ്ങി വാഗ്‌ദേവതയെ വന്ദിച്ച് ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്ന പ്രസാദവും സ്വീകരിച്ചാണ് ഏവരും മടങ്ങിയത്. ജന്മഭൂമിയും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അടൂര്‍ അമ്മകണ്ടകര ശ്രീരാമകൃഷ്ണാശ്രമ സന്നിധിയില്‍ ശ്രീ ശാരദാ വിദ്യാപീഠത്തിന്റേയും വിവേകാനന്ദ ബാലാശ്രമത്തിന്റേയും സഹകരണത്തോടെയാണ് ജന്മഭൂമി വിദ്യാരംഭം കുറിക്കാനുള്ള സൗകര്യം ഒരുക്കിയത്. റിട്ട.ഡി.ഇ.ഒ ജി.ഭാസ്‌ക്കരന്‍നായര്‍ കുട്ടികളെ എഴുത്തിനിരുത്തി. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ അടൂര്‍ ഡിവൈഎസ്പി എസ്.റഫീക്ക് വിജയദശമി സന്ദേശം നല്‍കി. വിദ്യാഭ്യാസപരവും കലാപരവുമായ നന്മയുടെ തുടക്കമാണ് വിജയദശമി ദിനത്തില്‍ കുറിക്കുന്നതെന്ന് വിജയദശമി സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. വരുംതലമുറയെ തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാനുള്ള വഴിയാണ് ഇത്തരം ആഘോഷങ്ങളിലൂടെ നേടിയെടുക്കേണ്ടത്. രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ പുതുതലമുറയെ പ്രാപ്തരാക്കാന്‍ ഈ ദിനാചരണത്തിന് കഴിയട്ടെയെന്നും ഡിവൈഎസ്പി റഫീക്ക് പറഞ്ഞു. ശ്രീ ശാരദാ വിദ്യാപീഠം പ്രിന്‍സിപ്പാള്‍ ഡി.വിജയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പ്രൊഫ.എന്‍.ആര്‍.നായര്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ റിട്ട.പ്രിന്‍സിപ്പാള്‍, പി.ജി.ശശികല, സ്വാമി വിവേകാനന്ദബാലാശ്രമം പ്രസിഡന്റ് , ഡോ.കുളങ്ങര രാമചന്ദ്രന്‍നായര്‍, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കലാചന്ദ്രന്‍, ബിജെപി ജില്ലാ സെക്രട്ടറി എം.ജി.കൃഷ്ണകുമാര്‍, ജന്മഭൂമി പത്തനംതിട്ട ബ്യൂറോ ചീഫ് കെ.ജി.മധുപ്രകാശ്,വിദ്യാലയ സമിതി സെക്രട്ടറിയും ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസറുമായ രൂപേഷ് അടൂര്‍, ലേഖകന്‍ രാധാകൃഷ്ണകുറുപ്പ,് അഡ്വ.കെ.കെ.സേതു, ഗോപന്‍മിത്രപുരം, തുടങ്ങിയവര്‍ സംബന്ധിച്ചു. ശ്രീ ശാരദാവിദ്യാപീഠം സംഗീതാദ്ധ്യാപിക ശ്രീലതയുടെ സംഗീതാര്‍ച്ചനയും നടന്നു. ജ്യോതിഷ് ശര്‍മ്മ പൂജയെടുപ്പിന് മുഖ്യകാര്‍മികത്വം വഹിച്ചു. തിരുവല്ല: വിജയ ദശമി ആഘോഷങ്ങളുടെ ഭാഗമായി നിരണം തൃക്കപാലീശ്വം ദക്ഷിണാ മൂര്‍ത്തി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണശ്ശ പറമ്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് സുരേഷ് കുമാര്‍, കോട്ടയം ശമഡിക്കല്‍ കോളേജ് പ്രഫ: ഡോ: ശശി കുമാര്‍, മുന്‍ ലേബര്‍ കമ്മീഷണര്‍ എ.ജെ രാജന്‍, പി. അംബികാദേവി, ഫിലിപ്പ് വര്‍ഗീസ്, ലതാ രാമന്‍ നായര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. തിരുവല്ല: നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണശ്ശ പറമ്പില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. വിദ്യാരംഭ ചടങ്ങുകള്‍ക്ക് ശേഷം കണ്ണശ്ശ സ്മൃതി മണ്ഡപത്തില്‍ കാവ്യ പൂജ നടന്നു. പ്രൊഫ: എ.ലോപ്പസ്, പ്രൊഫ: ജി.രാജശേഖരന്‍ നായര്‍, എ. ഗോകുലേന്ദ്രന്‍, ഡോ: വര്‍ഗീസ് മാത്യു, പ്രൊഫ: കെ.വി സുരേന്ദ്രനാഥ്, പ്രൊഫ: പി.കെ ഭാസ്‌ക്കരന്‍, പ്രൊഫ: നാരായണ സ്വാമി എന്നിവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എം.പി ഗോപാലകൃഷ്ണന്‍, പി.ആര്‍ മഹേഷ് കുമാര്‍, പി. രാജേശ്വരി, എസ്.ഹരികൃഷ്ണന്‍, കെ.ജി നാരായണന്‍ നായര്‍, ഗീതാ സി കൃഷ്ണന്‍, ആനി പ്രസാദ്, സുനീഷ് ജി കൃഷ്ണന്‍, സി.സി വര്‍ഗീസ് എന്നിവര്‍ പടിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരുവല്ല: പെരിങ്ങര യമ്മര്‍കുളങ്ങര ഗണപതിക്ഷേത്രത്തില്‍ രാവിലെ 8ന് മേല്‍ശാന്തി കേശവ ഭട്ടതിരിയുടെ കാര്‍മികത്വത്തില്‍ എഴുത്തിനിരുത്തല്‍ നടന്നു. വേദജപം,ഗണപതി പ്രാതല്‍ എന്നിവയും നടന്നു. ചാത്തങ്കരി ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തി എ.ഡി.നമ്പൂതിരി കുട്ടികളെ എഴുത്തിനിരുത്തി. മതില്‍ഭാഗം ഗോവിന്ദന്‍കുളങ്ങര ക്ഷേത്രത്തില്‍ മേല്‍ശാന്തി ടി.ജി.ശങ്കരന്‍ നമ്പൂതിരി ആചാര്യനായി. കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ വിവര്‍ത്തന സാഹിത്യകാരന്‍ പ്രൊഫ.വി.ഡി.കൃഷ്ണന്‍ നമ്പ്യാര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. മലയാലപ്പുഴ: മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. രാവിലെ 1.15 ന് പൂജയെടുപ്പ് നടന്നു. തുടര്‍ന്ന് നടന്ന വിദ്യാരംഭത്തില്‍ ക്ഷേത്രം മേല്‍ശാന്തി പി.ശ്രീധരന്‍നമ്പൂതിരി, മലപ്പുറം ജില്ലാ ജഡ്ജി കെ.എന്‍.സുജിത്ത്, പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ.എം.ഒ ലക്ഷ്മിരേഖ എന്നിവര്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി.ബൈജു, ഉപദേശകസമിതി പ്രസിഡന്റ് എസ്.ജയകുമാര്‍, സെക്രട്ടറി ശരത് കൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.കെ.അനില്‍, ജോ.സെക്രട്ടറി മനുമോഹന്‍, അംഗങ്ങളായ ഡി.ശിവദാസ്, ഷിജു.വി, പ്രകാശ് എം.ജി., ബിജു എസ് പുതുക്കുളംട വിജയകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഓമല്ലൂര്‍: ഉഴുവത്ത് ദേവീക്ഷേത്രത്തില്‍ ഹരിമുരളി സംഗീതോത്സവത്തിന്റെ വിജയദശമി സംഗീതാരാധന ബള്‍ഗേറിയയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ വിജയിയായ ലിറ്റില്‍ മിസ് വേള്‍ഡ് അനാമിക സജീഷ് ഉദ്ഘാടനം ചെയ്തു. ഹരിമുരളി സംഗീത വിദ്യാലയം പ്രസിഡന്റ് എം.എം.പ്രസന്നകുമാര്‍ അദ്ധ്യക്ഷതവഹിച്ചു.ഡയറക്ടര്‍ ഓമല്ലൂര്‍ മുരളി, കെ.ആര്‍.വത്സലാദേവി, കെ.കെ.ആനന്ദ്, വിജി. വിജയകുമാര്‍, രവീന്ദ്രവര്‍മ്മഅംബാനിലയം, ജയപ്രകാശ്, കെ.എം.രാജേന്ദ്രകുമാര്‍, അജി പന്ന്യാലി, ധന്യാദേവി എന്നിവര്‍ പ്രസംഗിച്ചു. പൂജയെടുപ്പിനോടബന്ധിച്ച് തൂലികാര്‍ച്ചന നടന്നു. പൂജയെടുപ്പിനോടനുബന്ധിച്ച് നടന്ന ഗ്രന്ഥ ഘോഷയാത്ര ആര്യഭാരതി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കോശി കൊച്ചുകോശി ഉദ്ഘാടനംചെയ്തു. അടൂര്‍:വിജയദശമിയോടനുബന്ധിച്ച് അടൂര്‍ ഈവി കലാമണ്ഡലം വിവിധ പരിപാടികളോടുകൂടി വിദ്യാരംഭ ദിനം ആഘോഷിച്ചു. ഇളം തലമുറക്കായുള്ള അക്ഷരപൂജ പ്രൊഫ.ജി.മാധവന്‍നായര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് സംഗീത പൂജ, ചിലങ്കദാനം, ഗുരുപാദ പൂജ എന്നിവ നടന്നു. ആഘോഷപരിപാടികളോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക കൂട്ടായ്മ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന്‍ ശരത് ഭദ്രദീപം തെളിച്ചു. പ്രൊഫ.കടമ്മനിട്ട വാസുദേവന്‍പിള്ള, കെ.പി.ഉദയഭാനു, പിന്നണി ഗായിക ചന്ദ്രലേഖ, പഴകുളം ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു. പെരിങ്ങനാട് ഗവ.എംജിഎച്ച്എസ്എസിന് ഭൂമിദാനം ചെയ്ത റിട്ട.അധ്യാപക രമണിക്കുട്ടി ടീച്ചറിനെ കലാമണ്ഡലം ഡയറക്ടര്‍ മാന്നാനം ബി.വാസുദേവന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ദേശീയ പുരസ്‌കാര ജേതാക്കളായ അധ്യാപകരെ കലാമണ്ഡല ഭാരവാഹികള്‍ ചേര്‍ന്ന് ആദരിച്ചു. കെ.ജി.വാസുദേവന്‍ സ്വാഗതവും പി.രവീന്ദ്രന്‍ കൃതജ്ഞതയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.