ഭീകരത പ്രോത്സാഹിപ്പിക്കുന്നവര്‍ ശിക്ഷിക്കപ്പെടും: മോദി

Wednesday 12 October 2016 3:54 am IST

തൊഴുകൈയോടെ… ലഖ്‌നൗവില്‍ ദസറ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ
പ്രധാനമന്ത്രി നരേന്ദ്ര മോദി

ലഖ്‌നൗ: ഭീകരത പ്രോത്സാഹിപ്പിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതക്ക് അതിര്‍ത്തിയില്ല. സംഹാരം മാത്രമേയുള്ളു. മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് ഭീകരവാദം. ഇത് തുടച്ചു നീക്കാതെ ലോകത്തിന് സമാധാനം കൈവരിക്കാനാകില്ല. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ ദസറ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാക്ക് ഭീകരര്‍ക്കെതിരായ മിന്നലാക്രമണത്തിന് ശേഷമുള്ള മോദിയുടെ ആദ്യ പൊതുയോഗമായിരുന്നു ഇത്.

എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഭീകരര്‍ക്ക് വിജയിക്കാനാകില്ലെന്ന് മോദി ചൂണ്ടിക്കാട്ടി. സിറിയയിലെ ഭീകരതയുടെ കാഴ്ചകള്‍ കണ്ണ് നനയിക്കുന്നതാണ്. ഭീകരത അവസാനിപ്പിക്കാതെ ലോകത്തിന് സമാധാനമുണ്ടാകില്ല. ഭീകരര്‍ക്ക് താവളമൊരുക്കുന്നവരോട് ദയകാണിക്കാനാകില്ല. പാക്കിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് മോദി വ്യക്തമാക്കി.

രാവണനെതിരെ പോരാടിയ ജഡായുവാണ് ഭീകരതയ്‌ക്കെതിരെ ആദ്യമായി രംഗത്തെത്തിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ 125 കോടി ജനങ്ങള്‍ ജഡായുമാരായി മാറി ഭീകരതയെ എതിര്‍ത്തു തോല്‍പ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനമായ ഇന്നലെ നടത്തിയ പ്രസംഗത്തില്‍ ലിംഗ വിവേചനം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് മോദി ആഹ്വാനം ചെയ്തു. സീതയോട് ചെയ്ത മോശം പ്രവൃത്തികള്‍ക്ക് എല്ലാ വര്‍ഷവും രാവണനെ നമ്മള്‍ അഗ്നിക്കിരയാക്കുന്നു. ഗര്‍ഭപാത്രത്തില്‍ തന്നെ സ്ത്രീകളെ ഇല്ലാതാക്കുന്ന നമ്മുടെ മനസിലുള്ള രാവണനെയാണ് നാം ഇല്ലാതാക്കേണ്ടത്. മോദി ചൂണ്ടിക്കാട്ടി.

ലോകത്തിന് മുന്നില്‍ ഭാരതം കരുത്ത് തെളിയിച്ചെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രകോപനമില്ലാതെ ഭാരതം ആക്രമിക്കില്ല. ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്, സംസ്ഥാന ഗവര്‍ണ്ണര്‍ രാം നായിക് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.