യുവാവിനെ കൊലപ്പെടുത്താന്‍ എട്ടംഗ സംഘത്തിന്റെ ശ്രമം

Wednesday 12 October 2016 2:16 pm IST

കൊല്ലം: യുവാവിനെ രാത്രിയില്‍ കൊലപ്പെടുത്താന്‍ എട്ടംഗ സംഘത്തിന്റെ ശ്രമം. പെരുമണ്‍ സ്വദേശി ശ്യാമിനു നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ കടവൂര്‍ സികെപി ജംഗ്ഷന് സമീപമായിരുന്നു ആക്രമണം നടന്നത്. രാത്രിയില്‍ ജോലി കഴിഞ്ഞ് പെരുമണിലെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ശ്യാമിനെ പിന്തുടര്‍ന്ന സംഘം ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കും കൈകാലിനും വെട്ടേറ്റ ശ്യാമിനെ തൊട്ടടുത്ത സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടിവാളും, ത്രാസ് തൂക്കുന്ന കട്ടിയും ഇരുമ്പ് ദണ്ഡുമപയോഗിച്ചുള്ള അക്രമത്തില്‍ ശ്യാമിന്റെ ദേഹമാസകലം ചതഞ്ഞിട്ടുണ്ട്. വടിവാളുകൊണ്ടുള്ള അക്രമത്തില്‍ കാലിനേറ്റ വെട്ട് ഗുരുതരമാണ്. തലയ്ക്ക് കട്ടികൊണ്ടുള്ള അടിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തേവള്ളി മുതല്‍ ഈ സംഘം ശ്യാമിനെ പിന്തുടരുകയായിരുന്നു. സിനിമ സ്റ്റൈലിലായിരുന്നു ആക്രമണം നടന്നത്. തേവള്ളിയില്‍ നിന്നും ഒരു ബൈക്കിലും കടവൂര്‍ ഭാഗത്ത് നിന്ന് രണ്ട് ബൈക്കുകളിലുമായി പിന്നാലെ എത്തിയ സംഘം ശ്യാം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ക്രൂരമായി ആക്രമണം നടത്തിയ സംഘം ബോധരഹിതനായി കിടന്ന ശ്യാം മരിച്ചുവെന്ന് കണ്ട് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അതുവഴി വന്ന യാത്രക്കാരാണ് യുവാവിനെ അക്രമിച്ച വിവരം പോലീസില്‍ പറയുന്നത്. തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ ശ്യാമിന് വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്. കുരീപ്പുഴ നീരാവില്‍ സ്വദേശികളായ യേശുദാസ്, ലാല്‍, രാംകി, പോള്‍സന്‍ എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് ശ്യം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേ സമയം മൃഗീയമായ ആക്രമണം ഉണ്ടായിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അഞ്ചാലുംമൂട് പോലീസ് സ്വീകരിച്ചതെന്ന് ആക്ഷേപമുയരുന്നു. തലയ്ക്കും കാലിനും പരിക്കുണ്ടായിട്ടും നിസാരവകുപ്പ് ചുമത്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കാമാണ് നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.