പുത്തനാറായിരം പാടത്ത് മടവീഴ്ച

Wednesday 12 October 2016 4:51 pm IST

കുട്ടനാട്: പുളിങ്കുന്ന് പഞ്ചായത്തിലെ 'ഡി' ബ്ലോക്ക് പുത്തനാറായിരം പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയില്‍ കര്‍ഷകര്‍ക്ക് വന്‍നഷ്ടം. കൊച്ചാറിന്റെ കിഴക്കേ ബണ്ടില്‍ മധ്യഭാഗത്ത് കുട്ടാനാട് പാക്കേജുമായി ബന്ധപ്പെട്ട പൈല്‍ ആന്‍ഡ് സ്ലാബ് മറിഞ്ഞു വീണാണ് 50 മീറ്റര്‍ നീളത്തിലും 8 മീറ്റര്‍ താഴ്ചയിലുമായി മടവീഴ്ച ഉണ്ടായത്. കഴിഞ്ഞ വര്‍ഷവും ഈ ബണ്ടില്‍ ഇതേ ഭാഗത്ത് മടവീഴ്ച സംഭവിച്ചിരുന്നു. മടവീഴ്ച മൂലം കൃഷി ചെയ്യാതെ തരിശായി കിടന്ന ഈ പാടശേഖരത്തില്‍ അന്ന് 10 ലക്ഷം രൂപ മുടക്കി ബണ്ട് പുനര്‍ നിര്‍മ്മിച്ചിരുന്നു. ഈ വര്‍ഷത്തെ പുഞ്ചകൃഷിക്ക് വേണ്ടി നിലം ഒരുക്കുന്ന അവസരത്തിലാണ് 600 ഏക്കര്‍ വരുന്ന ഈ കായല്‍ നിലത്തില്‍ സമാനരീതിയില്‍ മടവീഴ്ച സംഭവിച്ചിരിക്കുന്നത്. 256 ചെറുകിട നാമമാത്ര കര്‍ഷകരും അതില്‍ തന്നെ 153 ഓളം പേര്‍ ഒരേക്കറില്‍ താഴെയുള്ള മിച്ച ഭൂമി കര്‍ഷകരുമാണ്. ഇവര്‍ക്ക് സ്വന്തം നിലയില്‍ മട ഇടുവാന്‍ സാധിക്കുകയില്ല. ഏകദേശം 10 ലക്ഷത്തോളം രൂപ വീണ്ടും ഈ മടയ്ക്ക് വേണ്ടി ചെലവു വരുന്ന സാഹചര്യത്തില്‍ ബണ്ട് നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര സഹായം പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയരുന്നു. കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് നവംബര്‍ ഒന്നിന് മുമ്പ് കൃഷി ആരംഭിച്ചില്ലെങ്കില്‍ വേനല്‍ മഴയില്‍ വീണ്ടും കൃഷി നാശത്തിന് സാധ്യത വളരെ കൂടുതലാണ്. ആയതിനാല്‍ മടവീഴ്ച മൂലം ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ ക്കാരും കൃഷി വകുപ്പും അടിയന്തിരമായി ഇടപെടണമെന്നും ബണ്ട് പുനര്‍ നിര്‍മ്മിക്കുന്നതിന് സഹായം പ്രഖ്യാപിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.