ബൈപ്പാസ് റോഡ് പൊളിച്ചു യാത്രക്കാര്‍ ദുരിതത്തില്‍

Wednesday 12 October 2016 6:14 pm IST

ചെങ്ങന്നൂര്‍: കല്ലിശ്ശേരിയില്‍ നിന്നും ആരംഭിക്കുന്ന ബൈപ്പാസ് റോഡും പൊളിച്ചതോടെ ചെങ്ങന്നൂരില്‍ യാത്ര ദുരിതമാവുന്നു. കഴിഞ്ഞ ആഴ്ചയാണ് ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അങ്ങാടിക്കല്‍ ക്ഷേത്രം മുതല്‍ വാഴാര്‍ മംഗലം വരെയുള്ള റോഡിലെ ടാറിംഗ് പൊളിച്ചത്. ഇളക്കിമാറ്റിയ ടാര്‍ ഭാഗങ്ങള്‍ റോഡില്‍ നിന്നും നീക്കിയിട്ടില്ല. മെറ്റിലുകള്‍ ഇളകി കിടക്കുന്നതിനാല്‍ ഇതിലെ വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുന്നു. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന സ്ത്രീകളാണ് അപകടത്തില്‍ പെടുന്നതില്‍ അധികവും. യാത്ര ദുരിതമായതോടെ മിത്രപ്പുഴ പാലം ഇറങ്ങിവരുന്ന വാഹനങ്ങള്‍ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം ഭാഗത്തേക്ക് തിരിഞ്ഞ് ഇടറോഡിലൂടെയാണ് ടൗണില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 19ന് ബൈപ്പാസിന്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി പണികള്‍ ആരംഭിച്ചെങ്കിലും ഒരുഭാഗത്തുപോലും പണി പൂര്‍ത്തിയായിട്ടില്ല. ഓടയുടെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. നാട്ടുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇതിന് കാരണമായി പറയുന്നത്. എംസി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കെഎസ്ടിപിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എംസി റോഡിലൂടെ യാത്രയും ഏറെ പ്രയാസകരമാണ്. കല്ലിശ്ശേരിയില്‍ റോഡിന്റെ ഒരു വശത്തുകൂടിമാത്രമേ ഗതാഗതം സാധ്യമാകൂ. ചെങ്ങന്നൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിച്ചുവിടുന്നത് ബൈപ്പാസ് റോഡിലൂടെയാണ്. ഇതുകാരണം തിരുവല്ല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കല്ലിശ്ശേരി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡിലൂടെ അങ്ങാടിക്കലെത്തിയാണ് ചെങ്ങന്നൂരില്‍ എത്തേണ്ടത്. ബൈപ്പസ് റോഡ് പൊളിച്ചതോടെ ഇതിലൂടെയുള്ള യാത്രയും ദുരിതമായി. കല്ലിശ്ശേരി മുതല്‍ അങ്ങാടിക്കല്‍ ദേവിക്ഷേത്രം വരെ മൂന്നേമുക്കാല്‍ കിലോമീറ്റര്‍ യാത്ര ചെയ്യുവാന്‍ മണിക്കൂറുകളാണ് വേണ്ടിവരുന്നത്. ബൈപ്പാസിന്റെ ഓടയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കുറ്റിക്കാട്ടുപടിയിലെ ഓടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയശേഷം മാത്രം റോഡിന്റെ പണി തുടങ്ങിയാല്‍ മതിയെന്നാവശ്യപ്പെട്ട് ഒരുവിഭാഗം നാട്ടുകാര്‍ റോഡില്‍ നടത്തിവന്നനിര്‍മ്മാണ ജോലികള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് കരാറുകാര്‍ പണി നിര്‍ത്തി. റോഡിലൂടെയുള്ള യാത്ര ദുരിതമാകുമ്പോഴും കരാറുകാര്‍ പലകാരണങ്ങള്‍ പറഞ്ഞ് നിര്‍മ്മാണ ജോലികള്‍ നീട്ടിക്കൊണ്ടുപോവുകയാണന്ന് ആക്ഷേപം ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.