അപ്പാട് ഭൂസമരം ശക്തിപ്പെടുത്തുമെന്ന് ഭൂ സംരക്ഷണ സമര സമിതി

Wednesday 12 October 2016 7:22 pm IST

അപ്പാട് : അപ്പാട് ഭൂസമരം ശക്തിപ്പെടുത്തുമെന്ന് ഭൂ സംരക്ഷണ സമര സമിതി. കോടതി ഉത്തരവിന്റെ മറവില്‍ പാവപ്പെട്ട വനവാസികള്‍ കുടില്‍ കെട്ടി താമസിക്കുന്ന സ്ഥലങ്ങളില്‍നിന്നും അവരെ തെരുവിലിറക്കാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അപ്പാട് ഭൂസംരക്ഷണ സമിതി വിലയിരുത്തി. അന്യാധീനപ്പെട്ട ആദിവാസി ഭൂമി അവര്‍ക്ക് തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അത് നടപ്പാക്കാന്‍ വിമുഖത കാണിക്കുകയാണ് സര്‍ക്കാരുകള്‍. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കാന്‍ കോടതി ഉത്തരവ് ഉണ്ടായപ്പോള്‍ ഉത്തരവ് നടപ്പാക്കി എന്ന് വരുത്തിതീര്‍ക്കാന്‍ പാവപ്പെട്ട ആദിവാസി വിഭാഗത്തെ തെരുവിലിറക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. ഇത് എന്തുവിലകൊടുത്തും നേരിടും. സമരക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കിയാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അംഗീകരിക്കുന്നതെന്നും സമരസമിതി കുറ്റപ്പെടുത്തി. മലയോര കര്‍ഷകരുടെ കയ്യേറ്റങ്ങള്‍ അംഗീകരിക്കുകയും അവര്‍ക്ക് കൈവശാവകാശ നല്‍കാന്‍ മത്സരിക്കുകയാണ് ഇടത്-വലത് സര്‍ക്കാരുകള്‍. എന്നാല്‍ ആദിവാസികളുടെ കാര്യത്തില്‍ മുഖം തിരിച്ച് അവരെ വഞ്ചിക്കുകയുമാണ് ചെയ്യുന്നത്. സൗജന്യനിരക്കില്‍ ഏക്കര്‍ കണക്കിന് ഭൂമി പള്ളിക്കും പട്ടക്കാര്‍ക്കും കൊടുക്കുന്ന സര്‍ക്കാര്‍ ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലെന്നുപറഞ്ഞ് കൈ മലര്‍ത്തുന്നു. അപ്പാട് ആദിവാസികള്‍ നടത്തുന്ന ഭൂസമരത്തിന് ഹിന്ദു ഐക്യവേദി എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏതുസാഹചര്യം വന്നാലും കുടില്‍നിന്ന് വിട്ടുപോകുന്ന പ്രശ്‌നമില്ലെന്നും സമരത്തില്‍തന്നെ ഉറച്ചുനില്‍ക്കാനും സമരസമിതി ആഹ്വാനം ചെയ്തു. ഭൂസംരക്ഷണസമിതി ചെയര്‍മാന്‍ തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കുറുമസമാജം ജില്ലാ പ്രസിഡന്റ് ബാലന്‍, ആദിവാസി സംഘം ജില്ലാ സെക്രട്ടറി വിജയന്‍, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡന്റ് സി.പി.വിജയന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജഗനാഥകുമാര്‍, താലൂക്ക് സെക്രട്ടറി സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.