മാധ്യമപ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങണമെന്ന് സെബാസ്റ്റ്യന്‍ പോള്‍

Wednesday 12 October 2016 8:16 pm IST

കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മാധ്യമ സെമിനാര്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ കോടതി വിലക്കിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന, രാജ്യചരിത്രത്തിലില്ലാത്ത മാധ്യമ വിലക്കിന് ജഡ്ജിമാരടക്കം കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ‘മാധ്യമ സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഭിഭാഷകന്‍ സ്ത്രീയെ സന്ധ്യാ സമയത്ത് നടുറോഡില്‍ കടന്നുപിടിച്ചതില്‍ പോലീസ് കേസെടുത്തു. പോലീസിനെതിരെ അഭിഭാഷക അസോസിയേഷന്‍ പ്രമേയം ഇറക്കാനൊരുങ്ങി. എന്നാല്‍, യോഗത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഇത് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന്റെ ചുവടുപിടിച്ച് അഭിഭാഷകര്‍ നിലവിട്ട് പെരുമാറുകയാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഇതിന് കൂട്ടുനില്‍ക്കുന്നു. പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജഡ്ജിമാരുടെയും അഭിഭാഷകരുടെയും യോഗത്തില്‍ പങ്കെടുത്ത ജഡ്ജിമാര്‍ ഒന്നടങ്കം മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായിരുന്നു. ഒരു ജഡ്ജി മാത്രം നിശബ്ദനായിരുന്നു. മാധ്യമ പ്രവര്‍ത്തനമില്ലെങ്കില്‍ സമാധാനം ഉണ്ടായിരുന്നു എന്നു പറഞ്ഞവര്‍ ഇതിനു മുന്‍പും ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി അങ്ങനെ പറഞ്ഞിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ സാഹചര്യം. കോടതി വാര്‍ത്തകള്‍ ഇല്ലാത്തതിനാല്‍ നഷ്ടം മുഴുവന്‍ ജനങ്ങള്‍ക്കാണെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്ന് സെമിനാറില്‍ പങ്കെടുത്ത ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തനത്തെ ഏതെങ്കിലും തരത്തില്‍ വില കുറച്ച് കാണുന്നതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, ജില്ലാ സെക്രട്ടറി എന്‍. രാജേഷ, ട്രഷറര്‍ പി. വിപുല്‍നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.