മൂവാറ്റുപുഴ നഗരസഭ ബജറ്റ്‌ പാസ്സാക്കി

Tuesday 27 March 2012 10:36 pm IST

മൂവാറ്റുപുഴ: പ്രതിപക്ഷ ബഹിഷ്കരണത്തിലും നഗരസഭ ബജറ്റ്‌ പാസ്സാക്കി. കഴിഞ്ഞ ദിവസം വൈസ്‌ ചെയര്‍മാന്‍ ആനീസ്‌ ബാബു രാജ്‌ അവതരിപ്പിച്ച 2012 - 13ലെ നഗരസഭ ബജറ്റാണ്‌ ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകിട്ടോടെ പാസാക്കിയത്‌. ഭരണകക്ഷി അംഗങ്ങളായ 12ഉം സ്വതന്ത്രരരായ 2ഉം അംഗങ്ങള്‍ ബജറ്റിനെ പിന്താങ്ങി.
രാവിലെ 11ന്‌ ഭരണകക്ഷി അംഗം കബീര്‍ ബജറ്റ്‌ ചര്‍ച്ചയ്ക്ക്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ പ്രതിപക്ഷ കൗണ്‍സില്‍ അംഗങ്ങളായ സലീം ഹാജി, പി. പി. എല്‍ദോസ്‌, സി. എം. ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. നഗരവാസികളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചും ദീര്‍ഘവീക്ഷണത്തോടെയുള്ള യാതൊരു പദ്ധതിയും ഉള്‍പ്പെടുത്താതെയും പ്രവാസി മലയാളികളുടെ സഹായത്തോടെ ഭവനരഹിതര്‍ക്ക്‌ ഫ്ലാറ്റുകള്‍ നല്‍കുമെന്ന തട്ടിപ്പ്‌ പ്രഖ്യാപനം നടത്തുകയും മാത്രമാണ്‌ ബജറ്റിലുണ്ടായിട്ടുള്ളതെന്ന്‌ പ്രതിപക്ഷ കൗണ്‍സില്‍ നേതാവ്‌ സലീം ഹാജി പറഞ്ഞു. ചര്‍ച്ചകള്‍ക്കൊടുവില്‍ പുതിയ നികുതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന പ്രതിപക്ഷം ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‌ യോഗം ബഹിഷ്കരിച്ചു.
അതിരൂക്ഷമായ സാമ്പത്തിക ബുദ്ധിമുട്ടില്‍ നഗരസഭ നീങ്ങുമ്പോഴും ജനങ്ങള്‍ക്ക്‌ ഉപകാരപ്രദവും കൂടുതല്‍ ഭാരം ഏല്‍പ്പിക്കാതെയും നഗരസഭയുടെ വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ്‌ ബജറ്റ്‌ തയ്യാറാക്കിയിട്ടുള്ളതെന്ന്‌ വൈസ്‌ ചെയര്‍മാന്‍ മറുപടി പറഞ്ഞു. പ്രതിപക്ഷവുമായി ചര്‍ച്ചചെയ്ത്‌ എടുത്ത തീരുമാനമാണ്‌ നികുതി വര്‍ദ്ധനവെന്നും ഇത്‌ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമാണെന്നും നഗരസഭാ ചെയര്‍മാനും സഭയെ അറിയിച്ചു. തുടര്‍ന്നാണ്‌ ബജറ്റ്‌ പാസ്സാക്കിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.