ബ്രിക്‌സ് ഉച്ചകോടി: പാക്കിസ്ഥാനെതിരായ നയതന്ത്ര വേദിയാക്കാന്‍ ഭാരതം

Wednesday 12 October 2016 9:16 pm IST

ന്യൂദല്‍ഹി: ഗോവയില്‍ നടക്കുന്ന എട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെതിരായ നയതന്ത്രവേദിയാക്കാന്‍ ഭാരതം നീക്കം തുടങ്ങി. ബ്രിക്‌സ് അംഗരാജ്യങ്ങളുടെ സംയുക്തമായ ഭീകരവിരുദ്ധ പോരാട്ടം പ്രഖ്യാപിക്കാനാണ് ഭാരതത്തിന്റെ ശ്രമം. ബ്രിക്‌സ് അംഗരാജ്യങ്ങളുമായി ഭാരത നയതന്ത്ര പ്രതിനിധികള്‍ ഔപചാരിക ചര്‍ച്ചകളും കൂടിക്കാഴ്ചകളും ആരംഭിച്ചിട്ടുണ്ട്. ഈ മാസം 15 മുതല്‍ 17 വരെയാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലുമായി അതിരു പങ്കിടുന്ന ബംഗ്ലാദേശ്, ഭൂട്ടാന്‍, ഭാരതം, നേപ്പാള്‍, ശ്രീലങ്ക, മ്യന്മാര്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബിംസ്റ്റക് ഉച്ചകോടിയും ഇതോടൊപ്പം നടക്കും. 17ന് ഭാരത-റഷ്യ വാര്‍ഷിക ഉച്ചകോടിയുമുണ്ടാകും. ദക്ഷിണേഷ്യയുടെ മുഴുവന്‍ സമാധാനത്തിന് പാക്കിസ്ഥാന്‍ ഭീഷണിയാണെന്നും പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളെ തുറന്നുകാട്ടാനും ബ്രിക്‌സ് വേദി ഉപയോഗിക്കാനാണ് ഭാരതത്തിന്റെ തീരുമാനം. ബ്രിക്‌സ് അംഗരാജ്യങ്ങളുമായുള്ള വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കാനും ഭാരതം ലക്ഷ്യമിടുന്നുണ്ട്. ബ്രിക്‌സ് അംഗരാജ്യങ്ങളെല്ലാം ഏതെങ്കിലും വിധത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഭീകരവാദത്തിന്റെ ക്രൂരതകള്‍ നേരിടുന്നവരാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും ഭീകവാദമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി അമര്‍ സിന്‍ഹ അറിയിച്ചു. ബ്രിക്‌സ് അംഗരാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പുകളും കഴിഞ്ഞമാസം യോഗം ചേര്‍ന്ന് ഉച്ചകോടിയുടെ അജണ്ടകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങള്‍. ഇതില്‍ ആണവ വിതരണ ഗ്രൂപ്പിലെ ഭാരതത്തിന്റെ അംഗത്വത്തെ ചൈനയ്‌ക്കൊപ്പം നിന്നെതിര്‍ത്ത ബ്രസീല്‍, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂടുതല്‍ പിന്തുണ ഭാരതത്തിന് ആവശ്യമുണ്ട്. ഇതിനു പുറമേയാണ് പാക്കിസ്ഥാനുമായി സംയുക്ത സൈനികാഭ്യാസം ആരംഭിച്ച റഷ്യയുടെ നടപടി. സൈനികാഭ്യാസ വിഷയത്തില്‍ ഭാരതത്തിന്റെ അതൃപ്തി മോസ്‌കോവിലെ ഭാരത സ്ഥാനപതി റഷ്യയെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ഭീകരവാദത്തിനെതിരായ സംയുക്ത പരിശീലനം എന്ന നിലയിലാണ് പാക്കിസ്ഥാന്‍ സൈന്യവുമായി ചേര്‍ന്ന് പരിശീലനം നടത്തിയതെന്നാണ് റഷ്യയുടെ മറുപടി. ഇതിനപ്പുറമുള്ള യാതൊന്നും പാക്കിസ്ഥാനുമായില്ലെന്നും റഷ്യ ഭാരതത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.