കര്‍ണാടക സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു

Tuesday 27 March 2012 10:45 pm IST

ബാംഗ്ലൂര്‍: രണ്ടുലക്ഷം കോടി രൂപയുടെ വഖഫ്‌ സ്വത്ത്‌ തിരിമറി കര്‍ണാടക നിയമസഭയില്‍ വന്‍ബഹളത്തിനിടയാക്കി. തട്ടിപ്പ്‌ കണ്ടെത്തിയ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ വ്യക്തമാക്കി. ശൂന്യവേളയില്‍ സി.ടി. രവി (ബിജെപി), എച്ച്‌.ഡി. രേവണ്ണ (ജെഡിഎസ്‌) എന്നിവരാണ്‌ പ്രശ്നം ഉന്നയിച്ചത്‌. ഗുരുതരമായ സംഭവമാണ്‌ പുറത്തുവന്നിരിക്കുന്നതെന്നും അതില്‍ സത്യമുണ്ടെങ്കില്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തെറ്റാണെങ്കില്‍ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടിയെ ശിക്ഷിക്കണമെന്ന്‌ കോണ്‍ഗ്രസിലെ ഹാരിസ്‌, യു.ടി. ഖാദര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
കര്‍ണാടകയില്‍ രണ്ട്‌ ലക്ഷം കോടി രൂപയുടെ വഖഫ്‌ കുംഭകോണമാണ്‌ പുറത്തായിരിക്കുന്നത്‌. സ്പെക്ട്രം അഴിമതിയെ കടത്തിവെട്ടുന്ന തട്ടിപ്പാണ്‌ സംസ്ഥാനത്തെ വഖഫ്‌ സ്വത്തുക്കളടെ തിരിമറി വഴി നടന്നിരിക്കുന്നതെന്ന്‌ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കണ്ടെത്തി.
കോണ്‍ഗ്രസിലെ ഒട്ടുമിക്ക മുതിര്‍ന്ന മുസ്ലീം രാഷ്ട്രീയ നേതാക്കളെയെല്ലാം കുറ്റപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മണിപ്പാടി മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡക്ക്‌ കൈമാറി. ഇത്‌ ഉടന്‍തന്നെ നിയമസഭയില്‍ വെക്കും. കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എംപിമാരായ ധരംസിംഗ്‌, കെ. റഹ്മാന്‍ഖാന്‍, എംഎല്‍എ ആര്‍. റോഷന്‍ ബെയ്ഗ്‌, മുന്‍കേന്ദ്രമന്ത്രിമാരായ സി.കെ. ജാഫര്‍ ഷെറീഫ്‌, സി.എം. ഇബ്രാഹിം, ഇഖ്ബാല്‍ അന്‍സാരി, പരേതരായ എം.എസ്‌. അന്‍സാരി, അസീസ്‌ സേട്ട്‌, എംഎല്‍എമാരായ തന്‍വീര്‍ സേട്ട്‌, എന്‍.എ. ഹാരിസ്‌, ഖമറുള്‍ ഇസ്ലാം, മുന്‍ എംപിമാരായ സൂര്യവംശി, ഇഖ്ബാല്‍, അഹ്മദ്‌ സരഭഗി, മുന്‍ മന്ത്രി ഹിന്ദുസ്ഗിരി എന്നിവര്‍ ഉള്‍പ്പെടെ ഒട്ടുമിക്ക കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കും അഴിമതിയില്‍ പങ്ക്ണ്ടെന്ന്‌ കമ്മീഷന്‍ പേരെടുത്ത്‌ കുറ്റപ്പെടുത്തിയിരിക്കുന്നു. വഖഫ്‌ സ്വത്ത്‌ ദുരുപയോഗിക്കുകയും കയ്യേറുകയും അനധികൃതമായി കൈവശം വെച്ചിരിക്കുകയും ചെയ്തിരിക്കുന്നവരെ വഖഫ്‌ സ്ഥാപനങ്ങളിലേക്കും ബോര്‍ഡുകളിലേക്കുമുള്‍പ്പെടെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്നും നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍നിന്നുമെല്ലാം വിലക്കാന്‍ 1995 ലെ വഖഫ്‌ നിയമം ഭേദഗതി ചെയ്യാന്‍ കമ്മീഷന്‍ കേന്ദ്രത്തോട്‌ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്‌. തിരിമറിക്ക്‌ കൂട്ടുനിന്ന ഒട്ടേറെ മുതിര്‍ന്ന ഐഎഎസ്‌, ഐപിഎസ്‌, കെഎഎസ്‌ ഉദ്യോഗസ്ഥരെയും അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്‌. 11 വര്‍ഷത്തിനിടെ നടന്ന ഭൂമി ഇടപാടുകളെക്കുറിച്ചായിരുന്നു അന്വേഷണം. കുംഭകോണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ശുപാര്‍ശ ചെയ്തിട്ടുണ്ട്‌.
കഴിഞ്ഞ നവംബറില്‍ ബിദാര്‍ ജില്ലയില്‍ നടത്തിയ അന്വേഷണത്തിന്റെ 7000 പേജ്‌ വരുന്ന റിപ്പോര്‍ട്ടാണ്‌ കഴിഞ്ഞ ദിവസം അന്‍വര്‍ മണിപ്പാടി മുഖ്യമന്ത്രിക്ക്‌ കൈമാറിയത്‌. ബിദാറില്‍ 2,586ഏക്കറില്‍ 1,803 ഏക്കറും കയ്യേറിയിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം 410 ലക്ഷം കോടി മൂല്യമുള്ള വഖഫ്‌ സ്വത്തില്‍ 2 ലക്ഷം കോടിയുടെ സ്വത്ത്‌ കയ്യേറുകയോ നിയമവിരുദ്ധമായി വില്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന്‌ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നു. സംസ്ഥാനത്ത്‌ വഖഫ്‌ ബോര്‍ഡിന്‌ കീഴിലുള്ള 54,000 ഏക്കറുകളില്‍ രജിസ്റ്റര്‍ ചെയ്ത 33,741 സ്വത്തുക്കളാണുള്ളത്‌.
ഗുല്‍ബര്‍ഗ, ബാംഗ്ലൂര്‍ അര്‍ബന്‍, ബാംഗ്ലൂര്‍ റൂറല്‍, രാമനഗരം, കൊപ്പാല്‍ തുടങ്ങി മറ്റ്‌ ജില്ലകളില്‍ നടത്തിയ അന്വേഷണത്തിലും വഖഫ്‌ ബോര്‍ഡിന്റെ മുന്‍ തലവന്മാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ വന്‍ തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയക്കാരും മറ്റുള്ളവരുമെല്ലാം തിരിമറിയിലും തട്ടിപ്പിലും പങ്കാളികളാണത്രേ.
ഗ്രാമപ്രദേശങ്ങളെക്കാള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ വന്‍ ഭൂമി തട്ടിപ്പ്‌ നടന്നിരിക്കുന്നതെന്ന്‌ മണിപ്പാടി വ്യക്തമാക്കി. വഖഫ്‌ ബോര്‍ഡിന്റെ ഭൂമി അഴിമതി അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും വിറ്റ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാന്‍ ദൗത്യസേനയെ നിയോഗിക്കണമെന്നും സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്തതായും അദ്ദേഹം പറഞ്ഞു. അനധികൃത ഭൂമിയിടപാടുകളില്‍ വഖഫ്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമുള്ള പങ്ക്‌ ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതിയെ നിയമിച്ചാണ്‌ അന്വേഷിച്ചതെന്നും അദ്ദേഹം അറിയിച്ചു.
റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഇവരാണ്‌: സലാഹുദ്ദീന്‍ ഐഎഎസ്‌, എം.എഫ്‌. പാഷ റിട്ട. ഐപിഎസ്‌, എം.എ. ഖാലിദ്‌ റിട്ട. കെഎഎസ്‌, മുഹമ്മദ്‌ സനൗള ഐഎഎസ്‌, മാസ്‌ അഹ്മദ്‌ ഷെറീഫ്‌ കെഎഎസ്‌, അനീസ്‌ സിറാജ്‌ കെഎഎസ്‌, സാദിയ സുല്‍ത്താന കെഎഎസ്‌. മുഖ്യമന്ത്രിക്ക്‌ കൈമാറിയ റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ നല്‍കിയിരിക്കുന്ന മറ്റ്‌ ശുപാര്‍ശകള്‍ ഇവയാണ്‌:
ലോകായുക്തയുടെ അന്വേഷണത്തിനായി 12 മാസത്തേക്ക്‌ വഖഫ്‌ ബോര്‍ഡിനെ സസ്പെന്റ്‌ ചെയ്യുക, നഷ്ടപ്പെട്ട സ്വത്ത്‌ വീണ്ടെടുക്കാന്‍ ദൗത്യസേന രൂപീകരിക്കുക, ഇതിന്റെ തലവനായി ഐഎഎസ്‌ഉദ്യോഗസ്ഥനായ രജനീഷ്‌ ഗോയലിനെ നിയോഗിക്കുക, ബോര്‍ഡിന്റെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ക്ക്‌ രൂപം നല്‍കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുക, നിലവിലുള്ള സമിതിയെ ഒരു വര്‍ഷത്തേക്ക്‌ സസ്പെന്‍ഡ്ചെയ്യുക, സമിതിയില്‍ രണ്ട്‌ മുതിര്‍ന്ന ഐഎഎസ്‌ ഉദ്യോഗസ്ഥരെയും റിട്ടയര്‍ ചെയ്ത ഒരു ജഡ്ജിയെയും രണ്ട്‌ എന്‍ജിഒകളെയും ന്യൂനപക്ഷ കമ്മീഷനില്‍നിന്നുള്ള മൂന്ന്‌ പേരെയും ഉള്‍പ്പെടുത്തുക, വഖഫ്‌ സ്വത്തിന്റെ ഭൂമി ഓഡിറ്റ്‌ നടത്തുക, കയ്യേറ്റങ്ങള്‍ ഒഴിവാക്കുക, കയ്യേറുകയോ വില്‍ക്കുകയോ നിയമവിരുദ്ധമായി വാങ്ങുകയോ ചെയ്ത സ്വത്തിന്റെ ഇരട്ടിവില പിഴയായി ഈടാക്കുകയും 5-10 വര്‍ഷം വരെ ജയില്‍ശിക്ഷയും നല്‍കുക, വഖഫ്‌ ബോര്‍ഡിന്റെ ഇപ്പോഴത്തെ ചെയര്‍മാന്‍ അബ്ദുള്‍ റിയാസ്‌ ഖാനെ സസ്പെന്റ്‌ ചെയ്യുക.
ഇതേസമയം കര്‍ണാടകയില്‍ പുറത്തായ വഖഫ്‌ അഴിമതി പ്രശ്നത്തില്‍ തീരുമാനമെടുക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണെന്ന്‌ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ ന്യൂദല്‍ഹിയില്‍ പറഞ്ഞു. ഇത്‌ കേന്ദ്രത്തിന്‌ കൈമാറുകയെന്നത്‌ മറ്റൊരു വിഷയമാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട്‌ പറഞ്ഞു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.