പാക്-ചൈന സാമ്പത്തിക ഇടനാഴി പ്രതിസന്ധിയില്‍

Wednesday 12 October 2016 11:08 pm IST

ന്യൂദല്‍ഹി: ഭാരതവും പാക്കിസ്ഥാനും തമ്മിലുടലെടുത്ത സംഘര്‍ഷങ്ങള്‍ ചൈനയെ പ്രതിസന്ധിയിലാക്കി. അറബിക്കടലിലേക്ക് നേരിട്ട് പ്രവേശനം ലക്ഷ്യമിട്ട് പാക്കിസ്ഥാനിലൂടെ നിര്‍മ്മാണം ആരംഭിച്ച ചൈന-പാക് സാമ്പത്തിക ഇടനാഴിയെ അടക്കം സംഘര്‍ഷം ഗുരുതരമായി ബാധിച്ചതോടെ ഏതു വിധേനയും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് ചൈനയുടെ പരിശ്രമം. ഇതോടെ അഞ്ചുമാസമായി ഒഴിഞ്ഞുകിടന്ന ദല്‍ഹിയിലെ ചൈനീസ് സ്ഥാനപതി പദത്തില്‍ മുന്‍ പാക് സ്ഥാനപതി ലുവോ സാവോഹുവിനെ നിയമിച്ച് നയതന്ത്ര നീക്കങ്ങള്‍ ചൈന ശക്തമാക്കി. ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പുതിയ ചൈനീസ് സ്ഥാനപതി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഭാരത-പാക് പ്രശ്‌ന പരിഹാരത്തിന് ഇടനിലക്കാരായി പരിശ്രമിക്കാമെന്ന് ചൈന അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ കൗണ്‍സില്‍ യുവാന്‍ പാക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ രമ്യമായി അവസാനിപ്പിച്ചില്ലെങ്കില്‍ ആത്യന്തിക നഷ്ടം ചൈനയ്ക്കാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു. ദക്ഷിണേഷ്യയില്‍ ശാക്തിക അസന്തുലിതാവസ്ഥയുണ്ടെന്നും ഇതാണ് പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭാരതത്തിന്റെ സാമ്പത്തിക-നയതന്ത്ര മേഖലകളിലെ വളര്‍ച്ചയാണ് ശാക്തിക അസന്തുലിതാവസ്ഥയെന്ന് ചൈനീസ് ഉദ്യോഗസ്ഥന്‍ ഉദ്യേശിച്ചതെന്നാണ് സൂചന. 3,323 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാരത-പാക് അതിര്‍ത്തി പൂര്‍ണ്ണമായും അടയ്ക്കാനുള്ള ഭാരത സര്‍ക്കാരിന്റെ തീരുമാനത്തെയും ചൈന എതിര്‍ക്കുന്നു. ബലൂച്ചിസ്ഥാനിലെ പ്രക്ഷോഭങ്ങളെ ഭാരതം പിന്തുണയ്ക്കുന്നത് ചൈനയ്ക്ക് വലിയ തലവേദനയായിട്ടുണ്ട്. ബലൂച്ചിസ്ഥാന്‍, ഗില്‍ജിത്ത്, പാക് അധീന കശ്മീര്‍ എന്നിവിടങ്ങളിലെല്ലാം പാക്-ചൈന ഇടനാഴിക്കെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഇതിന് ഭാരതത്തിന്റെ പിന്തുണയുണ്ടെന്നാണ് ചൈനയുടെ സംശയം. മൂന്നു ലക്ഷം കോടി രൂപ മുടക്കിയാണ് പാക്കിസ്ഥാനിലൂടെ അറബിക്കടല്‍ ലക്ഷ്യമിട്ട് ചൈന സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നത്. ബലൂച്ചിസ്ഥാനിലെ ഗദ്വാര്‍ തുറമുഖം വരെ നീളുന്ന ഇടനാഴിക്കെതിരെ പ്രക്ഷോഭം ശക്തമായത് ചൈനയെ അസ്വസ്ഥമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.