24 വര്‍ഷം കഴിഞ്ഞ് അമ്മ കണ്ടു, കൂട്ടിക്കൊണ്ടു പോന്നു...

Wednesday 12 October 2016 11:39 pm IST

സെക്കന്‍ഡ് ലഫ്റ്റനന്റ് ഇ. ടി. ജോസഫ്

നാഗാലാന്‍ഡ്/കൊച്ചി: ത്രേസ്യാമ്മ ജോസഫ് എന്ന അമ്മയ്ക്ക് ഇത് തികച്ചും അപ്രതീക്ഷിതമാണ്. 24 വര്‍ഷം മുമ്പ്, നാഗാലാന്‍ഡില്‍, ഭീകരരോട് ഏറ്റുമുട്ടി രാജ്യത്തിനു വേണ്ടി ജീവന്‍ ബലി നല്‍കിയ മകന്റെ ദേഹം അവസാനമായി കാണാന്‍ അന്ന് ആ അമ്മയ്ക്ക് കഴിഞ്ഞില്ല. ആ ശവകുടീരം കാണാന്‍ പോലും അവസരം ഇതുവരെ വന്നില്ല. എന്നാല്‍, നിയോഗം പോലെ അതു സംഭവിച്ചു, മകന്റെ കുടീരം നാഗാലാന്‍ഡിലെത്തി കണ്ടു, മാത്രമല്ല, ഭൗതികാവശിഷ്ടം നാട്ടിലേക്ക് കൊണ്ടുപോരാനും സാധിച്ചു. ഔദ്യോഗിക സൈനിക ബഹുമതികളോടെ.

സെക്കന്‍ഡ് ലഫ്റ്റനന്റ് ആയിരിക്കെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇ. ടി. ജോസഫിന്റെ ഭൗതികാവശിഷ്ടം ഇന്നുച്ചയ്ക്ക് ഒന്നരയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും.
മകന്റെ സംസ്‌കാരകര്‍മ്മം യഥാവിധി നടത്താന്‍ കഴിയാഞ്ഞതില്‍ ത്രേസ്യാമ്മക്ക് വിഷമം മാറിയിരുന്നില്ല. മകന്റെ നാഗാലാന്റിലെ ശവകുടീരം സന്ദര്‍ശിക്കാന്‍ അവസരം വന്നപ്പോള്‍ കഴിഞ്ഞ ദിവസം ത്രേസ്യാമ്മ ഭര്‍ത്താവ് സുബേദാര്‍ മേജര്‍ എ.ടി. ജോസഫിനൊപ്പം അവിടെയെത്തി.

നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ഡിഎ)യുടെ 1991 ബാച്ച് രജതജൂബിലി ആഘോഷംനടത്താന്‍ ആലോചിച്ചിടത്താണ് തുടക്കം. അന്ന് ഒന്നിച്ചുണ്ടായിരുന്നവര്‍ എവിടെയൊക്കെ എന്ന് അന്വേഷണം തുടങ്ങി. അങ്ങനെയാണ് ഇ.ടി. ജോസഫിന്റെ വിവരങ്ങളില്‍ കൂട്ടുകാര്‍ എത്തിയത്. 1992 ജൂണില്‍ നാഗാ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ബലിദാനിയായതും അച്ഛന്‍ ജോസഫും അമ്മ ത്രേസ്യാമ്മയും എറണാകുളം-കോട്ടയം ജില്ലാതിര്‍ത്തിയില്‍, കാഞ്ഞിരമറ്റത്തുണ്ടെന്നും വിവിധ മാദ്ധ്യമങ്ങളിലൂടെ കൂട്ടുകാര്‍ കണ്ടെത്തി.
രജത ജൂബിലിയാഘോഷത്തിന്റെ ഭാഗമായി അന്ന് എന്‍ഡിഎയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം കൊടുക്കാനുദ്ദേശിച്ച സ്മരണോപഹാരം കൈമാറാന്‍ എത്തിയപ്പോഴാണ്, സൃഹൃത്തിന്റെ സംസ്‌കാര ചടങ്ങില്‍ അമ്മ പങ്കെടുത്തിട്ടില്ലെന്നും ശവകുടീരം സന്ദര്‍ശിച്ചിട്ടു പോലുമില്ലെന്നും ചങ്ങാതിമാര്‍ അറിയുന്നത്. സഹപാഠികള്‍ ത്രേസ്യാമ്മയ്ക്കും മക്കള്‍ മേരി, റോസമ്മ എന്നിവര്‍ക്കും ജോസഫിന്റെ നാഗാലാന്‍ഡിലെ അന്ത്യവിശ്രമ സ്ഥലം സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി.

സുബേദാര്‍ എ. ടി. ജോസഫും ഭാര്യ ത്രേസ്യാമ്മ ജോസഫും മകന്‍ ഇ. ടി. ജോസഫിന്റെ നാഗാലാന്‍ഡിലെ ശവകുടീരത്തില്‍

ജോസഫ് നാഗാലാന്‍ഡില്‍ മരിക്കുമ്പോള്‍ അച്ഛന്‍ സുബേദാര്‍ മേജര്‍ എ.ടി. ജോസഫ് സെക്കന്തരാബാദില്‍ ജോലിയിലായിരുന്നു. അന്ന് അദ്ദേഹം മാത്രമാണ് സംസ്‌കാരത്തില്‍ പങ്കെടുത്തത്. നാഗാലാന്‍ഡിലെ ചക്കബാമയില്‍ സൈനിക ശ്മശാനത്തില്‍ ഇ. ടി. ജോസഫിന് അന്ത്യവിശ്രമമമൊരുക്കുകയായിരുന്നു.

ജോസഫിന്റെ കൂട്ടുകാര്‍ ചണ്ഡിഗഢിലും ചെന്നൈയിലും കേരളത്തിലും ഹൈദരാബാദിലും മറ്റും ജോലി ചെയ്യവേ, ഔദ്യോഗിക അനുമതികള്‍ നേടി, ആവശ്യമായ പണം സ്വരൂപിച്ച് ഈ മാസം ആദ്യം അമ്മയേയും മക്കളേയും അച്ഛനേയും നാഗാലാന്‍ഡില്‍ എത്തിച്ചു. അവിടെ അമ്മ, മകന്റെ സ്മരണയില്‍ കണ്ണും മനസും നിറച്ചു.

ക്രിസ്തീയ വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ക്ക് കത്തോലിക്ക പുരോഹിതനെയും പ്രദേശത്തെ ക്രിസ്തീയ വിശ്വാസികളില്‍ ചിലരേയും സ്ഥലത്ത് എത്തിച്ചിരുന്നു. ചടങ്ങുകള്‍ വിശ്വാസപ്രകാരം നടത്തി. സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ദിമാപൂര്‍ സൈനിക ആസ്ഥാനത്ത് ബഹുമതികളോടെ ഭൗതികാവശിഷ്ടങ്ങള്‍ സ്വീകരിച്ചു, സംരക്ഷിച്ചു. അവിടുന്ന് വിമാനമാര്‍ഗ്ഗം നാട്ടിലേക്ക്. ഇന്നുച്ചയ്ക്ക് നെടുമ്പാശേരിയില്‍ ഔദ്യോഗികമായി സ്വീകരിക്കാന്‍ കൊച്ചിയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തും. എല്ലാ ബഹുമതികളോടെയും ജോസഫിന്റെ രക്ഷിതാക്കള്‍ നിശ്ചയിക്കുന്ന സ്ഥലത്ത് സംസ്‌കരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.