മാവോയിസ്റ്റ്‌ ആക്രമണം: 11 ഭടന്മാര്‍ കൊല്ലപ്പെട്ടു

Tuesday 27 March 2012 10:47 pm IST

ഗഡ്ചിറോളി (മഹാരാഷ്ട്ര): സിആര്‍പിഎഫ്‌ ഭടന്മാര്‍ക്ക്‌ നേരെ വീണ്ടും നക്സലാക്രമണം. മഹാരാഷ്ട്രയിലെ പുഷ്ഠോള ജില്ലയില്‍ നക്സല്‍ ഭീകരര്‍ നടത്തിയ കുഴിബോംബ്‌ സ്ഫോടനത്തില്‍ 11 ഭടന്മാര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക്‌ പരിക്കുപറ്റി. നക്സല്‍ ശക്തികേന്ദ്രത്തില്‍ നടന്ന ആക്രമണമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്‌ നടക്കുന്നത്‌. മരണസംഖ്യ ഉയര്‍ന്നേക്കും.
സിആര്‍പിഎഫ്‌ ഭടന്മാര്‍ പുഷ്ഠോളയില്‍നിന്ന്‌ ഗട്ടയിലേക്ക്‌ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ്‌ ശക്തിയേറിയ കുഴിബോംബ്‌ സ്ഫോടനമുണ്ടായത്‌. 16പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി സിആര്‍പിഎഫ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ പര്യടനത്തിലായിരുന്ന സിആര്‍പിഎഫ്‌ മേധാവി കെ.വിജയ്‌ കുമാര്‍ ആക്രമണം നടക്കുമ്പോള്‍ ഗഡ്ചിറോളിയിലായിരുന്നു. പിന്നീട്‌ അദ്ദേഹം സംഭവസ്ഥലത്തേക്ക്‌ തിരിച്ചു. സിആര്‍പിഎഫിന്റെ 192-ാ‍ം ബറ്റാലിയനില്‍പ്പെട്ട ഭടന്മാരെ ആക്രമണസ്ഥലത്ത്‌ വിന്യസിച്ചിട്ടുണ്ട്‌. സ്ഫോടനത്തില്‍ ബസ്‌ പൂര്‍ണമായി തകര്‍ന്നു. ഒട്ടേറെപ്പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ്‌ നാഗ്പൂരില്‍ പറഞ്ഞു.
ഗഡ്ചിറോളിയില്‍നിന്ന്‌ നാല്‌ കിലോമീറ്ററോളം അകലെ കര്‍വഫ-ഫുല്‍ബോഡി ഗട്ടറോഡില്‍ പുഷ്ഠോള ഗ്രാമത്തിനടുത്ത്‌ ഇന്നലെ ഉച്ചയോടെയാണ്‌ നക്സലാക്രമണമുണ്ടായത്‌. അക്രമികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന്‌ സിആര്‍പിഎഫ്‌ നേതൃത്വം അറിയിച്ചു. ഐജി (ഓപ്പറേഷന്‍സ്‌) സുനില്‍ രാമാനന്ദിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്‌. നിയമസഭാ സമ്മേളനം നടക്കുന്ന മഹാരാഷ്ട്ര നിയമസഭയില്‍ ആഭ്യന്തരമന്ത്രി ആര്‍.ആര്‍.പാട്ടീല്‍ ആക്രമണത്തെക്കുറിച്ച്‌ പ്രസ്താവന നടത്തി.
ഇതിനിടെ, ഒഡീഷയില്‍ എംഎല്‍എയെ മാവോയിസ്റ്റുകള്‍ തട്ടിയെടുത്ത സംഭവത്തിന്‌ പരിഹാരം കാണാന്‍ ഭീകരരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചുതുടങ്ങി. നക്സല്‍വേട്ട അവസാനിപ്പിക്കണമെന്നും ജയിലുകളില്‍ കഴിയുന്ന ഭീകരരെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ടാണ്‌ ഭരണകക്ഷിയായ ബിജെഡിയുടെ എംഎല്‍എ ജിനാ ഹികാകയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌. നേരത്തെ ബന്ദികളാക്കിയ രണ്ട്‌ ഇറ്റാലിയന്‍ ടൂറിസ്റ്റുകളില്‍ ഒരാളെ കഴിഞ്ഞദിവസം മാവോയിസ്റ്റുകള്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിയെടുക്കല്‍ സംഭവങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്‌ ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി. പ്രശ്നം പരിശോധിച്ചുവരികയാണെന്നും സര്‍ക്കാരുമായി മധ്യസ്ഥ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ വിസമ്മതിച്ച സാഹചര്യത്തില്‍ വളരെ സൂക്ഷ്മതയോടെയാണ്‌ സര്‍ക്കാര്‍ ഇതിനെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഇറ്റാലിയന്‍ ടൂറിസ്റ്റായ ക്ലോഡിയോ കൊളാന്‍ജെലോയെയാണ്‌ നേരത്തെ മോചിപ്പിച്ചത്‌. ബന്ദിയാക്കപ്പെട്ട രണ്ടാമനും പുരിയില്‍ ടൂര്‍ ഓപ്പറേറ്ററുമായ പൗലോ ബൊസസ്കോയുടെ മോചനം ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊളാന്‍ജെലോ കഴിഞ്ഞദിവസം ഇറ്റാലിയന്‍ കോണ്‍സുല്‍ ജനറല്‍ ജോയല്‍ മെല്‍ചിയോരിക്കൊപ്പം ദല്‍ഹിയിലേക്ക്‌ പോയി.
ഹികാകയ്ക്കുവേണ്ടി തെരച്ചില്‍ നടത്തുകയോ സുരക്ഷാ സേനയെ ഉപയോഗിച്ച്‌ മോചിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആദിവാസി എംഎല്‍എയുടെ ജീവന്‍ അപകടത്തിലാവുമെന്ന്‌ കഴിഞ്ഞദിവസം ഭീകരര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മധ്യസ്ഥരുടെ സഹായം തേടാതെ മാധ്യമങ്ങളിലൂടെ സ്വന്തം നിലപാട്‌ അറിയിക്കാന്‍ മാവോയിസ്റ്റുകള്‍ ഒഡീഷാ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുകയും ചെയ്തു.
ഇതേസമയം, ബന്ദി പ്രശ്നത്തില്‍ ഇളകിമറിഞ്ഞിരുന്ന സംസ്ഥാന നിയമസഭ സാധാരണ നിലയിലായി. എംഎല്‍എ തട്ടിയെടുക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ പ്രതിപക്ഷമായ കോണ്‍ഗ്രസ്‌ കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന്‌ സ്പീക്കര്‍ അനുമതി നല്‍കി. മാവോയിസ്റ്റുകളുമായി സര്‍ക്കാര്‍ രഹസ്യക്കരാറില്‍ ഏര്‍പ്പെട്ടിരിക്കയാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ആരോപിച്ചിരുന്നു. എംഎല്‍എയെ തട്ടിയെടുത്തതോടെ ഇറ്റാലിയന്‍ ടൂറിസ്റ്റുകളുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളും വഴിമുട്ടിയിരുന്നു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.