ഹര്‍ത്താല്‍ ജനം ഏറ്റെടുത്തു

Friday 14 October 2016 12:08 am IST

 

തിരുവനന്തപുരം: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താല്‍ കൊലപാതക രാഷ്ട്രീയത്തിനെതിരായ ജനവികാരമായി. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോട് ജനം സഹകരിച്ചപ്പോള്‍, കേരളം നിശ്ചലം. പ്രതിഷേധ പ്രകടനത്തിനെത്തിയവരെ പ്രകോപിപ്പിച്ച് പ്രശ്‌നം ഉണ്ടാക്കാന്‍ ചില സ്ഥലങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചതൊഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.

തിരുവനന്തപുരത്ത് രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ആക്രമണമുണ്ടായി. അടൂരില്‍ ബിജെപി ഓഫീസ് ആക്രമിച്ചു. കോഴിക്കോട് പെരുവയല്‍ മുണ്ടക്കലില്‍ ബിജെപി പ്രവര്‍ത്തകന്‍ മനുവിന്റെ പലചരക്ക് കടയ്ക്ക് അക്രമികള്‍ തീയിട്ടു.

ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും സിപിഎം ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക്, പോലീസ് നോക്കിനില്‍ക്കെയാണ് ഏഴോളം അക്രമികള്‍ കല്ലെറിഞ്ഞത്.

സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ താക്കീതാണ് സംസ്ഥാനത്തുണ്ടായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസേനയെ വിളിക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മാര്‍ക്‌സിസ്റ്റ് ഫാസിസമാണെന്ന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂര്‍ സംഘര്‍ഷം: കേന്ദ്രം റിപ്പോര്‍ട്ട് തേടി

ന്യൂദല്‍ഹി: കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ കഴിഞ്ഞ ദിവസം നടന്ന രമിത്ത് വധം അടക്കമുള്ള സംഭവങ്ങളെപ്പറ്റിയാണ് ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുന്നത്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അഞ്ഞൂറോളം രാഷ്ട്രീയ സംഘര്‍ഷങ്ങളാണ് നടന്നത്. കണ്ണൂരില്‍ മാത്രം ഏഴു കൊലപാതകങ്ങളുണ്ടായി. ക്രമസമാധാനനില ഇത്രയധികം തകരാറിലായിട്ടും പോലീസിനോ സര്‍ക്കാരിനോ പ്രശ്‌നപരിഹാരത്തിനു സാധിച്ചില്ലെന്നും കേന്ദ്രം വിലയിരുത്തി. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മൂന്നാമത്തെ തവണയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടുന്നത്.

സായുധസേന പ്രത്യേകാവകാശ നിയമം (അഫ്‌സ്പ) കണ്ണൂരില്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ക്രമസമാധാന നില നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്ന റേഞ്ച് ഐജിയുടെ പ്രസ്താവനയും കേന്ദ്ര ഏജന്‍സികള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.

ആഭ്യന്തര സെക്രട്ടറിയേയും ഡിജിപിയേയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തി

തിരുവനന്തപുരം: ക്രമസമാധാനത്തകര്‍ച്ച ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറിയേയും ഡിജിപിയേയും ഗവര്‍ണ്ണര്‍ വിളിച്ചു വരുത്തി വിശദാശംങ്ങള്‍ ആരാഞ്ഞു. ആഭ്യന്തര സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ രാജ്ഭവനിലെത്തി ക്രമസമാധാന നിലയെപ്പറ്റി ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ ധരിപ്പിച്ചു.
കണ്ണൂരില്‍ അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നതിലും കുടുംബങ്ങള്‍ തകരുന്നതിലുമുള്ള ആശങ്ക ഗവര്‍ണ്ണര്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. സംഘര്‍ഷാവസ്ഥയെക്കുറിച്ചു ലഭിച്ച പരാതിയില്‍ നടപടിയെടുത്തു വരികയാണെന്ന് മുഖ്യമന്ത്രി സെപ്റ്റംബര്‍ 26ന് ഗവര്‍ണ്ണറെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.