'സ്വച്ഛ് ഭാരത്' ഇവര്‍ക്ക് ജീവിതപാഠം

Thursday 13 October 2016 10:38 pm IST

ന്യൂദല്‍ഹി: കല്യാണ്‍പുരിയിലെ ബ്ലോക് 18 ലെ ചേരിനിവാസികള്‍ക്ക് 'സ്വച്ഛ് ഭാരത്' വെറുമൊരു മുദ്രാവാക്യം മാത്രമല്ല. വൃത്തിയുടെ ദൗത്യവുമായി അധികൃതര്‍ക്ക് ഇവിടെ കയറിയിറങ്ങേണ്ട കാര്യവുമില്ല. വീട്ടമ്മയായ ലാല്‍സാദേവി ഈ ദൗത്യം സ്വയമേറ്റെടുത്തിരിക്കുകയാണ്. അഴുക്കുചാല്‍ വൃത്തിയാക്കി സൂക്ഷിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്ക് ശുചിമുറികളുപയോഗിക്കാനും ലാല്‍സ അയല്‍ക്കാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. എല്ലാവര്‍ക്കുമത് ബോധ്യപ്പെട്ടു തുടങ്ങി. സ്വന്തം അനുഭവത്തില്‍ നിന്നാണ് 'സ്വച്ഛ് ഭാരത്' ദൗത്യം ലാല്‍സ ജീവിതത്തിലേക്ക് പകര്‍ത്തിയത്. ലാല്‍സയുടെ മകന് വിദ്യാഭ്യാസവും ചെറുതെങ്കിലും ജോലിയുമുണ്ട്. അടുത്തയിടെ ബീഹാറില്‍ നിന്ന് മകനൊരു വിവാഹാലോചന വന്നു. വീടും ചുറ്റുപാടും കണ്ടതോടെ പെണ്‍വീട്ടുകാര്‍ പിന്മാറി. കാരണം ശുചിമുറിയില്ല. പൊതുശുചിമുറിയെ ആശ്രയിക്കുന്നുണ്ടെങ്കിലും വായ്പയെടുത്ത് ശുചിമുറി നിര്‍മ്മിക്കാനുളള ഓട്ടത്തിലാണ് ലാല്‍സയിപ്പോള്‍. നാലുകുട്ടികളുടെ അമ്മയായ അഞ്ജു ഗൗറും ലാല്‍സയ്ക്ക് തുണയായുണ്ട്. ലൗഡ് സ്പീക്കറിലൂടെ വൃത്തിയെയും ശുചിത്വത്തെയും കുറിച്ച് ചേരിനിവാസികളെ ബോധവത്കരിക്കലാണ് അഞ്ജുവിന്റെ 'നേരമ്പോക്ക്'.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.