കോട്ടയം: ബിജെപി കോട്ടയം ജില്ലാകമ്മിറ്റി ഓഫീസിന് നേരെ സിപിഎം ആക്രമണം. അക്രമത്തില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. പോലീസ് നോക്കിനില്‍ക്കെയാണ് ഏഴോളം വരുന്ന അക്രമിസംഘം ഓഫീസിന് നേരെ കല്ലെറിഞ്ഞത്.
ഓഫീസിന് പുറത്ത് സൂക്ഷിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളും അക്രമികള്‍ നശിപ്പിച്ചു. വിവരം അറിഞ്ഞ് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഓഫീസ് അങ്കണത്തില്‍ തടിച്ചുകൂടി. തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനം രണ്ടുതവണ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് മാര്‍ച്ച് ചെയ്തു.
തിരുനക്കര സെന്‍ട്രല്‍ ജങ്ഷനില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ബിജെപി മദ്ധ്യമേഖലാ അദ്ധ്യക്ഷന്‍ എന്‍.കെ നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, ജില്ലാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്, ആര്‍എസ്എസ്് താലൂക്ക് കാര്യവാഹ് എം.എസ്. മനു, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര്. വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: