ഹൗസ്‌ബോട്ട് മാലിന്യം കായലിലേക്ക്

Friday 14 October 2016 3:57 am IST

ആലപ്പുഴ: പുന്നമട, കുമരകം കേന്ദ്രീകരിച്ച് വേമ്പനാട്ട് കായലില്‍ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം ഹൗസ് ബോട്ടുകളില്‍ നിന്നും ഇപ്പോള്‍ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നത് വേമ്പനാട്ട് കായലിലേക്ക്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആര്‍ ബ്ലോക്കില്‍ സ്ഥാപിച്ച മാലിന്യസംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലെ പ്രതിസന്ധിയാണ് കായലിലേക്ക് മാലിന്യം തള്ളുന്നതിന് കാരണമാകുന്നത്. ആയിരത്തഞ്ഞൂറിലധികം ഹൗസ് ബോട്ടുകളാണ് ആലപ്പുഴ, കുമരകം കേന്ദ്രീകരിച്ച് വേമ്പനാട്ട് കായലില്‍ സര്‍വീസ് നടത്തുന്നത്. ടൂറിസം സീസണ്‍ ആരംഭിച്ചതോടെ ഹൗസ് ബോട്ടുകളുടെ ബുക്കിങ് വര്‍ദ്ധിച്ചിട്ടുണ്ട്. ലൈസന്‍സുള്ള ഹൗസ് ബോട്ടുകളില്‍ മാലിന്യ ടാങ്ക് നിര്‍മ്മിക്കുന്നുണ്ടെങ്കിലും ലൈസന്‍സില്ലാതെ സര്‍വീസ് നടത്തുന്ന ബോട്ടുകളാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. 2012ല്‍ 54 ലക്ഷത്തോളം രൂപ മുടക്കിയാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ ഹൗസ് ബോട്ടുകളിവിടെയെത്തി മാലിന്യം നിക്ഷേപിക്കാറുണ്ടായിരുന്നു. എന്നാല്‍ സമയലാഭവും സാമ്പത്തിക ലാഭവും ലക്ഷ്യമാക്കിയാണ് പലപ്പോഴും ഹൗസ് ബോട്ടുകളില്‍ നിന്ന് കായലിലേക്ക് മാലിന്യം തള്ളുന്നത്. ഈ വര്‍ഷം ഇരുന്നൂറ്റമ്പതോളം ഹൗസ് ബോട്ടുകള്‍ മാത്രമാണ് പ്ലാന്റിലെത്തി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. ഹൗസ്‌ബോട്ടുകള്‍ എത്താത്തതിനു പിന്നില്‍ ടാങ്കുകള്‍ നിറയുമ്പോള്‍ കായലിലേക്ക് ഒഴുക്കിവിടുന്നതിനാലാണ്. പുന്നമടയില്‍ നിന്ന് ഒന്നര മണിക്കൂറോളം സഞ്ചരിച്ചാലേ ആര്‍. ബ്ലോക്കിലെത്താന്‍ കഴിയുകയുള്ളു. അവിടെയെത്തിയാല്‍ പ്ലാന്റില്‍ വൈദ്യുതി തടസമുണ്ടായാല്‍ ഹൗസ് ബോട്ടില്‍ നിന്ന് മാലിന്യം എടുക്കാന്‍ കഴിയാതെ വരുന്നു. ഇത് ഒരു ദിവസത്തെ ഓട്ടവും ജീവനക്കാരുടെയും ഡീസല്‍ച്ചെലവുമെല്ലാം കണക്കുകൂട്ടുമ്പോള്‍ ഹൗസ് ബോട്ടുടമകള്‍ക്ക് വലിയ നഷ്ടമുണ്ടാകുന്നു. കൂടാതെ മാലിന്യം നിക്ഷേപിക്കണമെങ്കില്‍ ഡിടിപിസിയില്‍ 2,000 രൂപാ നല്‍കുകയും വേണം. ഇതാണ് പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കാന്‍ ഹൗസ് ബോട്ടുടമകള്‍ മടിക്കുന്നത്. സെപ്ടിക് ടാങ്കുകളിലെ മാലിന്യങ്ങള്‍ മൂന്ന് മാസത്തിലൊരിക്കല്‍ നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. എങ്കില്‍ മാത്രമേ ഹൗസ് ബോട്ടുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു. പ്ലാന്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച ശേഷം അവിടെനിന്ന് ലഭിക്കുന്ന ബില്ലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഹൗസ്‌ബോട്ട് ഉടമ സമര്‍പ്പിക്കേണ്ടത്. മാലിന്യം കായലിലേക്ക് തള്ളിവിടുന്നതിനായി ലിവര്‍ വലിച്ചാല്‍ അടപ്പുതുറക്കുന്ന ടാങ്കുകളും ചില ഹൗസ്‌ബോട്ടുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഹൗസ് ബോട്ടുടമകള്‍ തന്നെ സമ്മതിക്കുന്നു. പ്ലാന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നാലുലക്ഷത്തോളം രൂപാ മുടക്കിയാല്‍ ജനറേറ്റര്‍ സംവിധാനം ഒരുക്കാന്‍ കഴിയും. എന്നാല്‍ ഡിടിപിസി അധികൃതര്‍ ഈ ആവശ്യം അവഗണിക്കുകയാണെന്നും പുന്നമടയില്‍ തന്നെ ഹൗസ് ബോട്ടുകളില്‍ നിന്ന് കക്കൂസ് മാലിന്യം എടുക്കുന്നതിനുള്ള മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ കായലിലേക്ക് മാലിന്യം തള്ളല്‍ കുറയ്ക്കാന്‍ കഴിയുമെന്നും ഹൗസ്‌ബോട്ടുടമകള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.