മീഡിയവണ്‍ ചാനലില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ നീക്കം

Friday 14 October 2016 4:31 am IST

  കോഴിക്കോട്: മീഡിയ വണ്‍ ചാനലില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടാന്‍ നീക്കം. പ്രോഗ്രാം പ്രൊഡ്യൂസറടക്കം നാല്‍പ്പതിലധികം ജീവനക്കാരോടാണ് ഡിസംബര്‍ 31 ന് മുമ്പ് പിരിഞ്ഞു പോകാന്‍ വാക്കാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ ദൃശ്യമാധ്യമം എന്ന നിലയിലാണ് മീഡിയ വണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മറ്റ് പ്രമുഖ ചാനലുകളില്‍ നിന്ന് ജോലി രാജിവെച്ച് മീഡിയ വണ്ണില്‍ ചേര്‍ന്നവര്‍ക്കാണ് ഈ ഇരുട്ടടി. ന്യൂസ് ചാനല്‍ എന്ന നിലയിലാണ് മീഡിയ വണ്ണിന് ലൈസന്‍സ് ലഭിച്ചത്. പ്രോഗ്രാം വിഭാഗത്തില്‍ ഉള്ളവരെ പിരിച്ചുവിടുന്നു എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണമെന്ന് ജീവനക്കാര്‍ പറയുന്നു. പ്രോഗ്രാം പ്രൊഡ്യൂസര്‍മാര്‍ അടക്കമുള്ള നാല്‍പ്പത്തിയൊന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതോടെ ചാനലിന്റെ ആശയ പ്രചരണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നവരെ മാത്രം കൂടെ നിര്‍ത്താമെന്നാണ് കമ്പനി ചിന്തിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. മീഡിയ വണ്‍ ചാനലിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. പിരിച്ചുവിടല്‍ ആവശ്യവുമായി കമ്പനി ഇതിനകം ലേബര്‍ ഓഫീസറെ ബന്ധപ്പെട്ടുവെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. അനധികൃതമായി പിരിച്ചുവിടുന്നതിനെതിരെ തൊഴില്‍ വകുപ്പ്, പത്രപ്രവര്‍ത്തക യൂണിയന്‍, മറ്റു ട്രേഡ് യൂണിയനുകള്‍ എന്നിവയുമായി ബന്ധപ്പെടാനാണ് ജീവനക്കാര്‍ ഒരുങ്ങുന്നത്. ട്രെയിനികളായി ജോലി ചെയ്യുന്നവരോട് ഉടന്‍ പിരിഞ്ഞുപോകാനാണ് ലഭിച്ച നിര്‍ദ്ദേശമെന്ന് ജീവനക്കാര്‍ പറയുന്നു. 2013 ഫെബ്രു 10 നാണ് മീഡിയ വണ്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ജീവനക്കാര്‍ക്ക് ജോലി സംബന്ധമായ രേഖകള്‍ നല്‍കിയിരുന്നത്. ഇതില്‍ പ്രോഗ്രാം വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവെന്ന ഒറ്റ കാരണം കൊണ്ടാണ് തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. ജീവനക്കാരെ അന്യായമായി പിരിച്ചുവിടുന്നതിനെതിരെ വ്യാപകമായി പോസ്റ്ററുകള്‍ ഇറങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മാനേജ്‌മെന്റ് നിലപാടിനെ പിന്തുണച്ച് വിശദീകരണങ്ങള്‍ പ്രചരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.