സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Friday 14 October 2016 1:26 pm IST

ന്യൂദല്‍ഹി: കശ്മീരിലെ സൈനിക നീക്കത്തിന്റെ സുപ്രാധാനവിവരങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. കശ്മീര്‍ പോലീസിലെ കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി തന്‍വീര്‍ അഹമ്മദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡിജിപി രാജേന്ദ്ര കുമാര്‍ അറിയിച്ചു. വാട്‌സ്ആപ്പ് വഴി സുപ്രധാന വിവരങ്ങള്‍ തന്‍‌വീര്‍ അഹമ്മദ് കൈമാറിയതെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് തന്‍വീര്‍ അഹമ്മദ് പറയുന്നത് ഇങ്ങനെ : സൈനിക കമാന്‍ഡറെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ കഴിഞ്ഞ മാസം തന്നെ വിളിക്കുകയും താഴ്‌വരയിലെ വിവിധ സ്ഥലങ്ങളിലെ പോലീസിന്റെയും സൈന്യത്തിന്റെയും വിന്യാസത്തിന്റെ സുപ്രധാന വിവരങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് മേല്‍ ഉദ്യോഗസ്ഥനില്‍ നിന്നും അനുമതി വാങ്ങണമെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അനുമതി വാങ്ങിയിട്ടുണ്ടെന്ന് ഇയാള്‍ തന്നെ പറഞ്ഞ് ധരിപ്പിക്കുകയായിരുന്നെന്നും തന്‍വീര്‍ വ്യക്തമാക്കി. താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്നും തന്‍വീര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ച് കാലമായി പാക്കിസ്ഥാനില്‍ നിന്നും ഭാരത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ഫോണ്‍കോളുകള്‍ ലഭിക്കുന്നത് സാധാരണമാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു. വിളിക്കുന്നവര്‍ മറ്റ് സുരക്ഷാ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നായിരിക്കും പരിചയപ്പെടുത്തുക. തുടര്‍ന്ന് സുപ്രധാന സൈനിക വിവരങ്ങള്‍ ചോദിച്ച് മനസിലാക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ മുകളില്‍ നിന്നും അനുമതി ഇല്ലാതെ ഇത്തരം വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞ് പോലീസുകാര്‍ ഇവരെ ഒഴിവാക്കുകയാണ് പതിവെന്നും ഇന്റലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.