സ്വച്ഛ് ഭാരത് മിഷന്‍ തുണയായി കായലോര വീടുകളിലും കക്കൂസുകള്‍ നിര്‍മ്മിച്ചു

Friday 14 October 2016 8:35 pm IST

തൈക്കാട്ടുശ്ശേരി: സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ പദ്ധതി തുണയായി കായലോര വീടുകളിലും കക്കൂസുകള്‍ നിര്‍മിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ തീരദേശ വാര്‍ഡായ ഉളവയ്പ്പില്‍ 60 ശുചിത്വ കക്കൂസുകള്‍ നിര്‍മ്മിച്ചു. കായലോര മേഖലയിലെ ദുര്‍ഘട പ്രദേശങ്ങളില്‍പ്പോലും ശൗചാലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിലൂടെ ജനങ്ങളുടെ വ്യക്തിശുചിത്വ മനോഭാവത്തില്‍ വലിയ മാറ്റം വരുത്തുവാനും, ശുചിത്വ കക്കൂസിലൂടെ കൈവരിച്ച നേട്ടം നിലനിര്‍ത്തുവാന്‍ പ്രദേശവാസികള്‍ തയ്യാറാണെന്നും തൈക്കാട്ടുശ്ശേരി ഒന്നാം വാര്‍ഡ് ഗ്രാമപഞ്ചായത്തംഗം വിമല്‍ രവീന്ദ്രന്‍ പറഞ്ഞു.സുരക്ഷിതമായ സെപ്റ്റിക് ടാങ്കുകളും കക്കൂസുകളോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട് .സ്വാതന്ത്ര്യാനന്തരം നിരവധി ഫണ്ടുകള്‍ ലഭിച്ചിട്ടുപോലും കക്കൂസുകള്‍ നിര്‍മ്മിക്കുവാന്‍ തയ്യാറാകാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണിന്റെ പ്രവര്‍ത്തനങ്ങളാണ് പ്രചോദനമേകിയത്. സ്വച്ഛ് ഭാരത മിഷന്റെ പ്രവര്‍ത്തനത്തിലൂടെ ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ വീടൊന്നിന് 12,000 രൂപയും, സംസ്ഥാന സര്‍ക്കാര്‍ 3,400 രൂപയും ഉള്‍പ്പെടെ 15,400 രൂപയാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് 10,000 രൂപ അധിക ധനസഹായം ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി നല്‍കുന്നുമുണ്ട്. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ 300 ഉം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ മുഴുവനായി 1,555 ശുചിത്വ കക്കൂസുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശുചിത്വ കക്കൂസിന്റെ നിര്‍മ്മാണ പൂര്‍ണ്ണത നിരീക്ഷിക്കുന്നതിനായി ശുചിത്വമിഷന്റെ ജില്ലാ പരിശോധന ടീമംഗങ്ങള്‍ പഞ്ചായത്തിലുടനീളം വീടുകളിലെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.