ഇന്‍ഡിഗോ 70,000രൂപ നഷ്ടപരിഹാരം നല്‍കണം

Friday 14 October 2016 8:41 pm IST

ഹൈദരാബാദ്: യാത്രാ സാമഗ്രികള്‍ നഷ്ടപ്പെട്ടതിനും മാനസിക പീഡനത്തിനും യാത്രക്കാരന് 70,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിനോട് ഹൈദരാബാദ് ജില്ലാ തര്‍ക്ക പരിഹാര കോടതി ആവശ്യപ്പെട്ടു. ഹൈദരാബാദ് സ്വദേശിയും ബി ടെക് വിദ്യാര്‍ത്ഥിയുമായ ഷേഖ് നൂര്‍ മുഹമ്മദാണ് പരാതിക്കാരന്‍.രണ്ടു വര്‍ഷം മുന്‍പായിരുന്നു സംഭവം. ഹൈദരാബാദില്‍ നിന്ന് ദുബായിലെത്തിയപ്പോഴാണ് ബാഗുകള്‍ നഷ്ടമായത് അറിയുന്നത്. 1.18 ലക്ഷം രൂപയുടെ വസ്തുക്കളാണ് അതിലുണ്ടായിരുന്നതെന്ന് യാത്രക്കാരന്‍ പരാതിയില്‍ പറയുന്നു. ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ അധികാര പരിധിയില്‍പ്പെടുന്ന വിഷയമല്ല ഇതെന്നാണ് എയര്‍ലൈന്‍സിന്റെ വാദം. യാത്രയില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ യാത്രക്കാര്‍ കൈവശം വയ്ക്കുന്നതിന് തങ്ങള്‍ ഉത്തരവാദിയല്ല. അക്കാര്യം നേരത്തേ അറിയിക്കണം. കൂടുതല്‍ തുക അടയ്‌ക്കേണ്ടതുമുണ്ട്.വ്യവസ്ഥയനുസരിച്ച് 20020 രൂപ പരാതിക്കാരന് നല്‍കിയെങ്കിലും നിരസിച്ചുവെന്നും ഇന്‍ഡിഗോ അറിയിച്ചു. ടിക്കറ്റ് ഹൈദരാബാദില്‍ നിന്ന് ബുക്ക് ചെയ്തതിനാലും പരാതിക്കാരന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടതിനാലും കേസില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് തര്‍ക്ക പരിഹാര കോടതി വ്യക്തമാക്കി. യാത്രാസാമഗ്രികള്‍ കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും എയര്‍ലൈന്‍സിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.