കൂടാളിയില്‍ ബിജെപി ഓഫീസ് സിപിഎം സംഘം അടിച്ച് തകര്‍ത്തു

Saturday 15 October 2016 3:46 pm IST

കൂടാളി: കൂടാളിയില്‍ ബിജെപി ഓഫീസ് സിപിഎം സംഘം അടിച്ച് തകര്‍ത്തു. ബിജെപി കൂടാളി പഞ്ചായത്ത് കമ്മറ്റി ഓഫീസാണ് വ്യാഴാഴ്ച രാത്രി ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തത്. കൂടാളി ബസ് സ്റ്റോപ്പിന് സമീപമുള്ള കെട്ടിടത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ് ഓഫീസിന്റെ കട്ടില, വാതിലുകള്‍, ജനാലകള്‍, മേല്‍ക്കൂര എന്നിവ പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്. തകര്‍ത്ത ജനലുകളും വാതിലുകളും മറ്റ് ഫര്‍ണിച്ചറുകളും റോഡിലേക്ക് വലിച്ചെറിയുകയും ഓടുകളും മേല്‍ക്കുരയും പൂര്‍ണ്ണമായും അടിച്ചു തകര്‍ക്കുകയും ചെയ്തു. ഓഫീസിന് സമീപത്തെ മുരളി സ്റ്റോര്‍ എന്ന കടക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11.15ഓടെയായിരുന്നു സംഭവം. വാഹനത്തിലും മറ്റുമെത്തിയ സിപിഎം ക്രിമിനലുകളാണ് അക്രമം നടത്തിയത്. സംഭവവമറിഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകര്‍ മട്ടന്നൂര്‍ പോലീസില്‍ വിവരമറിയിച്ച് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനു മുമ്പും രണ്ടതവണ ഈ ഓഫീസിന് നേരെ അക്രമമുണ്ടായിരുന്നു. ആദ്യം ഓഫീസ് അടിച്ച് തകര്‍ക്കുകയും പിന്നീട് തീവെച്ച് നശിപ്പിക്കുകയുമാണ് ചെയ്തത്. ഓഫീസിനുള്ളിലുണ്ടായിരുന്ന ഒട്ടേറെ രേഖകളും ഫര്‍ണിച്ചറുകളും സംഘം നശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കൂടാളി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു. കൂടാളി ടൗണില്‍ പ്രതിഷേധയോഗവും വൈകിട്ട് പ്രതിഷേധ കൂട്ടായ്മയും നടത്തി. മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.