ജയരാജന്‍ ത്യാഗിയെന്ന് കോടിയേരി: സംഘടനാ നടപടികള്‍ പിന്നീട്

Saturday 15 October 2016 10:13 am IST

ജയരാജന്റേത് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തലയില്‍ വെടിയുണ്ടയും പേറി ജീവിക്കുന്ന വ്യക്തിയാണ്. പാര്‍ട്ടിയുടെ പല പ്രതിസന്ധികളും അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരാളാണെങ്കില്‍പോലും തെറ്റുചെയ്താല്‍ പാര്‍ട്ടി നടപടിയെടുക്കും. ജയരാജനെതിരായ സംഘടനാ തലത്തിലുള്ള നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. ബന്ധുനിയമനത്തില്‍ തനിക്കു തെറ്റുപറ്റിയെന്ന് സിപിഎം സെക്രട്ടേറിയറ്റിനു മുന്നില്‍ ഇ.പി.ജയരാജന്‍ ഏറ്റുപറഞ്ഞു. മുന്‍കാല സര്‍ക്കാരില്‍നിന്നു വ്യത്യസ്തമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നു തെളിയിക്കാന്‍ മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കാന്‍ അനുമതി നല്‍കണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാനാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് രാജിക്ക് അനുമതി നല്‍കിയതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലും പുറത്തും ഇപ്പോള്‍ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും കണക്കിലെടുത്താണ് ജയരാജന്‍ രാജിവയ്ക്കാന്‍ സന്നദ്ധനായി മുന്നോട്ടുവന്നത്. യുഡിഎഫില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ പാര്‍ട്ടിയാണ് സിപിഎം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ നിരവധി മന്ത്രിമാര്‍ക്കുനേരെ ആരോപണങ്ങളുണ്ടായി. അവരൊന്നും രാജിവയ്ക്കാന്‍ തയ്യാറായില്ല, അധികാരത്തില്‍ തുടര്‍ന്നു. എന്നാല്‍ സിപിഎം അങ്ങനെയല്ല. ഒരു മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അതിന്റെ നിജസ്ഥിതി മനസ്സിലാക്കുന്നതുവരെ അയാളെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്നതാണ് സിപിഎം നയം. ഈ നയമാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ സിപിഎം സ്വീകരിച്ചത്. സിപിഎമ്മിലെ സമുന്നത നേതാവാണ് ജയരാജന്‍. സംഘടനാ നടപടി കേന്ദ്രകമ്മിറ്റി സ്വീകരിക്കും. പകരം മന്ത്രിയുടെ കാര്യം തീരുമാനിച്ചിട്ടില്ല. ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി കൈകാര്യം ചെയ്യും. ഒരു നിയമനംകൊണ്ട് നഷ്ടമാകുന്ന പ്രതിച്ഛായയല്ല സര്‍ക്കാരിന്റേതെന്നും കോടിയേരി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.