സൈനികന് വീരോചിത സംസ്‌ക്കാരം

Saturday 15 October 2016 9:52 am IST

അന്ത്യപ്രണാമം….. നാഗാലാന്‍ഡില്‍ വീരമൃത്യു വരിച്ച സെക്കന്‍ഡ് ലെഫ്റ്റനന്റ് ഇ.ടി.ജോസഫിന്റെ ഭൗതികാവശിഷ്ടം കോട്ടയം കാഞ്ഞിരമറ്റം മാര്‍ശ്ലീവാ പള്ളിസെമിത്തേരിയില്‍ എത്തിച്ചപ്പോള്‍ ബ്രിഗേഡിയര്‍ മൈക്കിള്‍ എ.ജെ.ഫെര്‍ണാണ്ടസ് അന്ത്യോപചാരം അര്‍പ്പിക്കുന്നു

കോട്ടയം: നാഗാലാന്റില്‍ ഭീകരരോട് ഏറ്റുമുട്ടി 24 വര്‍ഷംമുമ്പ് വീരമൃത്യുവരിച്ച സെക്കന്റ് ലഫ്റ്റനന്റ് തോമസ് ജോസഫിന്റെ ഭൗതികാവശിഷ്ടം ഇന്നലെ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. കോട്ടയം കാഞ്ഞിരമറ്റം മാര്‍സ്ലീബാ പള്ളിയിലെ കുടുംബക്കല്ലറയിലായിരുന്നു സംസ്‌കാരം. ശുശ്രൂഷയ്ക്ക് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങുകള്‍. രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം നടന്ന വിലാപയാത്രയില്‍ സൈനികരാണ് ഭൗതികാവശിഷ്ടം അടങ്ങിയ പേടകം വഹിച്ചത്.
തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം നീണ്ട ശുശ്രൂഷകള്‍ക്ക് ശേഷമാണ് പേടകം സെമിത്തേരിയില്‍ എത്തിച്ചത്. ബന്ധുജനങ്ങളുടെ അേന്ത്യാപചാരത്തിന് ശേഷം ഔദ്യോഗിക ഉപചാരം.
ജില്ലാ പോലീസിന്റെ ഉപചാരത്തിന് ശേഷം കെ.എം. മാണി എംഎല്‍എ, ജോസ് കെ മാണി എംപി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി, ജില്ലാ കളക്ടര്‍, സൈന്യത്തിന്റെ വിവിധ വിഭഗങ്ങളില്‍പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉപചാരങ്ങള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് ബ്രിഗേഡിയര്‍ മൈക്കിള്‍ എ.ജെ. ഫെര്‍ണ്ണാണ്ടസ് പുഷ്പചക്രം അര്‍പ്പിച്ചതോടെ സൈനിക ബഹുമതികള്‍ക്ക് അന്ത്യമായി. തുടര്‍ന്ന് പേടകം കല്ലറയില്‍ അടക്കംചെയ്തു.
മേവട കാഞ്ഞിരമറ്റം ഏഴാച്ചേരിയില്‍ സുബേദാര്‍ മേജര്‍ എ.ടി. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനാണ് സെക്കന്റ് ലഫ്റ്റനന്റ് തോമസ് ജോസഫ്. നാഗാലാന്‍ഡില്‍ 1992 ജൂണ്‍ 12ന് നടന്ന ഭീകരാക്രമണത്തിലാണ് തോമസ് ജോസഫ് വീരമൃത്യു വരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.