വിലക്കില്ലെന്ന് വീണ്ടും കുറിപ്പ്

Friday 14 October 2016 10:59 pm IST

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ പ്രവേശിക്കാന്‍ വിലക്കില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാര്‍ വീണ്ടും പത്രക്കുറിപ്പ് ഇറക്കി. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിലക്കുണ്ടെന്ന് തരത്തില്‍ തുടര്‍ച്ചയായി വാര്‍ത്ത വരുന്ന സാഹചര്യത്തിലാണിതെന്ന് ് രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനെ അഭിഭാഷകര്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് തടസമില്ലെന്ന് പരസ്യ പ്രസ്താവന ഇറക്കുമെന്നും മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിക്ക് മറുപടി നല്‍കുമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി വിശദീകരിച്ചു. ഇതനുസരിച്ചാണ് രജിസ്ട്രാര്‍ പത്രക്കുറിപ്പ് ഇറക്കിയത്. എന്നാല്‍ സെപ്തംബര്‍ 30 ന് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, കോടതികളില്‍ വാര്‍ത്ത ശേഖരിക്കാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും പത്രക്കുറിപ്പില്‍ പരാമര്‍ശമില്ല. ഒരു യുവതിയെ കടന്നു പിടിച്ച കേസില്‍, സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാനെ പോലീസ് അറസ്റ്റു ചെയ്ത സംഭവം മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ജൂലായ് 19,20 തീയതികളില്‍ ഹൈക്കോടതിക്ക് അകത്തും പുറത്തുമായി മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടുമൊക്കെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം തുടര്‍ന്നു. ഇതോടെ ഹൈക്കോടതിയിലുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കയറാനാവാത്ത നില വന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.