ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്

Saturday 15 October 2016 1:07 pm IST

വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. മോഡലും മുന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ താരവുമായ യുവതിയാണ് ട്രംപിന്‍റെ മോശം പെരുമാറ്റത്തിനെതിരെ ഏറ്റവുമൊടുവില്‍ രംഗത്ത് വന്നിരിക്കുന്നത്. ലോസ് ഏഞ്ചലസില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് 'ദ അപ്രന്റീസ്' എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ താരമായ സമ്മര്‍ സെര്‍വോസിന്റെ ആരോപണം. ഷോയില്‍ നിന്ന് പുറത്തായ ശേഷം ട്രംപിന്റെ ഗോള്‍ഫ് കോഴ്‌സില്‍ ജോലി അപേക്ഷിച്ചെത്തിയപ്പോഴായിരുന്നു സംഭവമെന്നും  വാര്‍ത്താസമ്മേളനത്തില്‍ യുവതി വ്യക്തമാക്കി. ആദ്യത്തെ തവണ കണ്ടപ്പോള്‍ 'ദ അപ്രന്റീസി'ലെ തന്റെ പ്രകടനം ആകര്‍ഷിച്ചുവെന്നും ജോലി തരാമെന്നും പറഞ്ഞുകൊണ്ടാണ് മറ്റൊരു കൂടിക്കാഴ്ചയ്ക്ക് ട്രംപ് തന്നെ ക്ഷണിച്ചത്. ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവിടെയെത്തിയ തന്നെ സെക്യൂരിറ്റി ഗാര്‍ഡ് ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് ട്രംപ് തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും കിടപ്പറയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്‌തെന്നുമാണ് സെര്‍വോസ് വെളിപ്പെടുത്തിയത്. ട്രംപിനെ തള്ളിമാറ്റി താന്‍ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നും സെര്‍വോസ് വ്യക്തമാക്കി. തന്റെ അഭിഭാഷകയായ ഗ്ലോറിയ ആല്‍റെഡിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ സെര്‍വോസ് വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകളെക്കുറിച്ച് അറിയില്ലെന്ന് ട്രംപ് പ്രതികരിച്ചു. താന്‍ പ്രസിഡന്റ് ആകുമെന്നതില്‍ വിറളി പൂണ്ട ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ അഴിച്ചുവിടുന്ന ആരോപണങ്ങളാണ് ഇതെന്നും ട്രംപ് ആരോപിച്ചു. ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് ആരോപണങ്ങളുമായി രംഗത്ത് വരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.