പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കുന്നു

Saturday 15 October 2016 12:59 pm IST

പരപ്പനങ്ങാടി: കേന്ദ്ര സര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിക്കപ്പെടുന്നതായി പരാതി. നഗരസഭകള്‍ ഗുണഭോക്താക്കള്‍ക്ക് അപേക്ഷകള്‍ വിതരണം ചെയ്ത് തുടങ്ങിയെങ്കിലും പദ്ധതിയുമായി സഹകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. അതാത് നഗരസഭകളുടെ ആഭിമുഖ്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗങ്ങള്‍ നടന്നു വരികയാണ്. പദ്ധതിയെ സംബന്ധിച്ച് യാതൊരു സര്‍ക്കുലറുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന മുടന്തന്‍ ന്യായമാണ് ബാങ്കുകള്‍ മുന്നോട്ട് വെക്കുന്നത്. ജില്ലയില്‍ 22045 വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗുണഭോക്താകള്‍ക്ക് വായ്പ ലഭ്യമാക്കുമെന്നാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഏജന്‍സി വ്യക്തമാക്കിയിരുന്നത്. ഈ മാസം 30 വരെയാണ് നഗരസഭകള്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത്. അതിനുശേഷം ധനകാര്യ സ്ഥാപനങ്ങളുടെയും അപേക്ഷകരുടെയും പദ്ധതി വിശദീകരണ സെമിനാര്‍ നടക്കും. ബാങ്കുകളുടെ വായ്പ മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത വരുമാന പരിധിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താകള്‍ക്ക് വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. വായ്പകളുടെ തവണനകള്‍ കൃതൃമായ തിരിച്ചടക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആറ് ശതമാനം പലിശ സബ്സിഡിയായി നല്‍കുന്നുമുണ്ട്. 15 വര്‍ഷം കാലവധിയില്‍ പരമാവധി ആറ് ലക്ഷം വായ്പയാണ് ഭവനനിര്‍മ്മാണത്തിന് നല്‍ക്കുന്നത്. ക്രഡിറ്റ് ലിങ്ക്ഡ് സ്‌കീമായതിനാല്‍ പ്രതിമാസ വരുമാനം 50000 രൂപയുള്ളവര്‍ക്കായിരിക്കും പദ്ധതി പ്രകാരം വായ്പകള്‍ ലഭ്യമാക്കുക. പ്രധാനമന്ത്രിയുടെ ആവാസ് യോജന കൂടുതല്‍ ജനപ്രിയമാക്കുമ്പോള്‍ ചില നഗരസഭകളിലെ രാഷ്ട്രീയ കക്ഷികള്‍ അടിസ്ഥാനമില്ലാത്ത പുകമറകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ ഭവന പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയില്‍ നഗരസഭ പ്രദേശങ്ങളില്‍ ഭവനരഹിതരായവരുടെ വിവരങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ശേഖരിച്ചിട്ടുണ്ട്. ഈ ലിസ്റ്റില്‍ നിന്നും ഏജന്‍സി സര്‍വ്വേ നടത്തിയാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ലിസ്റ്റിലെ ഗുണഭോക്താകള്‍ക്ക് 3.5 ലക്ഷം രൂപ തിരിച്ചടക്കേണ്ടതില്ലാത്ത വായ്പയായി ലഭിക്കും. ഇതില്‍ 1.5 ലക്ഷം രൂപ കേന്ദ്രസര്‍ക്കാരും, 1.5 ലക്ഷം രൂപ കേരളസര്‍ക്കാരും അന്‍പതിനായിരം രൂപ അതാത് നഗരസഭകളുമാണ് നല്‍കേണ്ടത്. ഭവനരഹിതര്‍ക്ക് ആശ്വാസമേക്കുന്ന ഈ പദ്ധതിക്ക് വിഹിതം വകയിരുത്തുവാന്‍ നഗരസഭകള്‍ക്ക് ഏറെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്. ഈ വര്‍ഷം രൂപീകരിക്കപ്പെട്ട നഗരസഭകള്‍ക്ക് പലതിലും 45 ഡിവിഷനുകളോളമുണ്ട്. ഒരു ഡിവിഷനില്‍ ഒരു ഗുണഭോക്താവിന് ആനുകൂല്യം നല്‍കിയാല്‍ തന്നെ ഓരോ നഗരസഭകളിലും 25-30 ലക്ഷം രൂപയോളം ഇതിനായി നീക്കിവെക്കേണ്ടി വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.