ഒരു പിണറായിയന്‍

Sunday 16 October 2016 7:53 am IST

ഒടുവില്‍ മഹാനായ ഇ.പി. ജയരാജന്‍ മന്ത്രിപദം ത്യജിച്ചുവത്രെ. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അന്തസും അഭിമാനവും സംരക്ഷിക്കാന്‍ ഒരു കണ്ണൂര്‍ കമ്മ്യൂണിസ്റ്റിന്റെ ത്യാഗം എന്നോ ഒരു ചിറ്റപ്പന്റെ നിവൃത്തികേടെന്നോ പില്‍ക്കാല കേരളത്തിന് വായിച്ച് രസിക്കാനും ത്രസിക്കാനും പാകത്തിലായിരുന്നു വിവാദനിയമന നാടകങ്ങള്‍. അറിവില്ലാപ്പൈതലായി ഇപ്പോഴും നടിക്കുന്ന പിണറായിയില്‍ വിജയനുമേല്‍ കോടിയേരി ബാലകൃഷ്ണന് ഒരു പിടി നല്‍കുന്നതാണ് ജയരാജന്‍ വഴി വന്നുവീണ മക്കള്‍ നിയമനങ്ങള്‍ എന്ന് വിലയിരുത്തുന്നവരും കുറവല്ല. ജയരാജന്‍ നമ്പ്യാരുടെ രാജിയെക്കുറിച്ച് മാലോകരെ അറിയിക്കാന്‍ പത്രസമ്മേളനം വിളിച്ച പാര്‍ട്ടി സെക്രട്ടറിയുടെ ശരീരഭാഷ ആ വിലയിരുത്തല്‍ ശരിവെക്കുന്നതാണ് താനും. കുറച്ചുകാലമായി പാര്‍ട്ടിയും സര്‍ക്കാരുമെല്ലാം പിണറായി അടക്കിവാഴുന്ന പരുവത്തിലായിരുന്നു. തോന്നുന്നതെല്ലാം പറയാനും ചെയ്യാനും ആരെയും ശാസിക്കാനും പ്രതിപക്ഷത്തോടു 'പോയി പണിനോക്ക്' എന്ന് അലറാനുമെല്ലാം വിജയന്‍ കാട്ടിയ ധാര്‍ഷ്ട്യത്തിനുമേലാണ് വിനീതവിധേയന്റെ ബന്ധുസ്‌നേഹം വിനയായി വന്നുവീണത്. ഡിവൈഎഫ്‌ഐക്കാരന്‍ കേരളമാകെ പോത്തിറച്ചി മഹോത്സവം കൊണ്ടാടിയപ്പോള്‍ പലരും ഈ പാര്‍ട്ടിയും പോത്തും തമ്മിലെന്ത് എന്ന് അതിശയത്തോടെ ചോദിച്ചുനിന്നിവരുണ്ട്. ഡിവൈഎഫ്‌ഐ നടത്തിയ ഏറ്റവും വലിയ നവോത്ഥാനപ്രസ്ഥാനമായിരുന്നല്ലോ പോത്തിറച്ചി ഫെസ്റ്റുകള്‍. ആ സംഘടനയുടെ സ്ഥാപകപ്രസിഡന്റാണ് ഇരിണാവുകാരനായ ജയരാജന്‍. ബി.എം. കൃഷ്ണന്‍ നമ്പ്യാരുടെയും ഇ.പി. പാര്‍വതിഅമ്മയുടെയും മകന്‍. അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ഇടക്കാലത്ത് പാര്‍ട്ടി മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചിരുന്ന ആളുമായ കെ.എം. മാണിയുടെ ബാര്‍ കോഴാനന്തര ബജറ്റ് അവതരണത്തിന്റെ കാലത്താണ് ജയരാജന്‍ നമ്പ്യാരുടെ വിശ്വരൂപം മലയാളികള്‍ കാണുന്നത്. അതുവരെ തിര്വന്തോരം ശിവന്‍കുട്ടിയായിരുന്നു താരം. സ്പീക്കറുടെ ചേംബറില്‍ ചാടിക്കയറി അദ്ദേഹത്തിന്റെ കസേര എടുത്ത് മറിക്കുന്ന ജയരാജനെ മറക്കാന്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ആവില്ല. മട്ടന്നൂരില്‍ ഇപ്പറഞ്ഞതിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന് മാത്രമാണ് അര്‍ത്ഥം എന്ന് തെളിയിക്കുന്നതാണ് ജയരാജന്റെ എംഎല്‍എ സ്ഥാനം. കളപ്പുരകളില്‍ ശേഖരിക്കുന്നവനല്ല കമ്മ്യൂണിസ്റ്റെന്ന ആപ്തവാക്യത്തിനുമേല്‍ ജയരാജന് വലിയ വിശ്വാസമാണ്. സ്വകാര്യസ്വത്ത് എന്നത് അലര്‍ജിയാണ്. പകരം സര്‍ക്കാരിന്റെയും മാലോകരുടെയും കയ്യിലുള്ളതെല്ലാം സ്വന്തമായി കരുതുക എന്ന വിശാലമായ പിണറായിയന്‍ ചിന്താഗതിയാണ് അദ്ദേഹത്തിന് ആവേശം പകര്‍ന്നത്. അതുകൊണ്ടാണ് പരിപ്പുവടയും കട്ടന്‍ചായയും ദിനേശ് ബീഡിയുമെന്ന നടപ്പുശീലത്തിനുമേല്‍ ചിക്കന്‍ബിരിയാണിയും പൊറോട്ടയും പോത്തിറച്ചിയുമൊക്കെ ആകാമെന്ന് ജയരാജന്‍ സമര്‍ത്ഥിച്ചത്. പഴയതുപോലെ ജൂബ്ബയും ധരിച്ച് പരിപ്പുവടയും കട്ടന്‍ചായയുമായി സഖാക്കള്‍ നടന്നോളണമെന്ന് പറഞ്ഞാല്‍ പിന്നെ പാര്‍ട്ടി കാണില്ലെന്നാണ് അന്ന് ജയരാജന്‍ മൈക്ക് വച്ചുകെട്ടി വിളിച്ചുപറഞ്ഞത്. സ്വജനപക്ഷപാതം അഴിമതിയാണെന്ന് സിദ്ധാന്തിക്കാന്‍ അഞ്ചുദിവസത്തെ പാര്‍ട്ടി പ്ലീനം നടത്തിയ കൂട്ടരാണ് ജയരാജനെത്തന്നെ മന്ത്രിയാക്കി മാതൃക കാട്ടിയത്. ജയരാജന്റെ മന്ത്രിപദവി തന്നെ ആശ്രിതനിയമനത്തിന്റെ പട്ടികയില്‍ വരുന്നതാണെന്ന് അറിയാതെയാണ് പലരും പാവത്തിനുമേല്‍ കുതിരകയറിയത്. പിണറായിയുടെ ആശ്രിതനായാണ് ജയരാജന്‍ പാര്‍ട്ടിയുടെ പടികളത്രയും കയറിയത്. കേന്ദ്രക്കമ്മറ്റി അംഗമായതും ദേശാഭിമാനിയില്‍ ജനറല്‍ മാനേജരായതും എംഎല്‍എ ആയതും മന്ത്രി ആയതുമെല്ലാം പിണറായിക്കുവേണ്ടിയാണ്. പിണറായി വിശ്വസ്തനുവേണ്ടി അറിഞ്ഞുനീക്കിവെച്ചതാണ് കച്ചവടവും കളിയും. രണ്ടിലും കേമനാണ് ജയരാജനെന്ന് മറ്റാരെക്കാളും നന്നായി അറിയുന്നവനാണ് മുഖ്യമന്ത്രി. പിടിക്കപ്പെട്ടാലും ചിരിച്ചുകാണിച്ചോളും. ജയരാജന്‍ മന്ത്രിയായാല്‍ എന്താവുമെന്ന് ആരെക്കാളും നന്നായി അറിയുന്നയാളും പിണറായി ആണ്. പാര്‍ട്ടിക്കുള്ളിലും പാര്‍ട്ടിസ്ഥാപനങ്ങളിലും വഹിച്ച പദവികളിലൊന്നും നല്ലപേര് സമ്പാദിച്ച ആളല്ല ജയരാജന്‍. എന്നിട്ടും മന്ത്രിസഭയിലെ രണ്ടാമനായി നിയമസഭയില്‍ നിറഞ്ഞാടാന്‍ ഇദ്ദേഹത്തിന് അവസരമൊരുങ്ങിയതില്‍ ആ പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടതല്ലേ. എത്ര തവണയാണ് പാര്‍ട്ടി ജയരാജനെ ശാസിച്ചത്. ജാഗ്രതയില്ലാത്തവന്‍ എന്ന് പുള്ളികുത്തിയത്. ജാഗ്രതയില്ലാത്തവന്‍ എന്നതിന് മറ്റുള്ളവര്‍ അറിയാതെ മോഷ്ടിക്കാനുള്ള കഴിവില്ലാത്തവന്‍ എന്ന് മാത്രമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ അര്‍ത്ഥം. ലോട്ടറി മാഫിയയുടെ തലവന്‍ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടുകോടി വാങ്ങിയത് നാട്ടുകാരറിഞ്ഞപ്പോള്‍ പാര്‍ട്ടി ശാസിക്കുകയും തിരുത്തുകയും വാങ്ങിയ പണം തിരികെക്കൊടുക്കാന്‍ വാക്കാല്‍ ആവശ്യപ്പെടുകയും ചെയ്തു. പാര്‍ട്ടിക്കാരെ സദാചാരം പഠിപ്പിക്കാന്‍ പ്ലീനം കൂടിയ നാളുകളില്‍ ദേശാഭിമാനിയില്‍ വന്നത് ചാക്ക് രാധാകൃഷ്ണന്റെ പരസ്യം. ദേശാഭിമാനിയുടെ ഭൂമി വിറ്റെന്നപേരില്‍ പിന്നെയും വന്നു ആരോപണം. ഇതെല്ലാം ഉണ്ടായിട്ടും ജയരാജന്‍ പിണറായിയുടെ ഭരണത്തില്‍ കച്ചവടവും കളിയും കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രിയായി. കളിയിലായിരുന്നു ആദ്യം കമ്പം. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെ വിളിച്ചുവരുത്തി അപമാനിച്ചയച്ചു. അഞ്ജുവിനോട് ബന്ധുനിയമനത്തിന്റെ പേരില്‍ തട്ടിക്കയറി. ആദര്‍ശഭീകരനാണെന്ന് പി.എം. മനോജിനെക്കൊണ്ട് പാടിച്ചുനടന്നു. ബോക്‌സിങ് ഇതിഹാസം മുഹമ്മദാലിയെ വിവരക്കേടിന്റെ ആധിക്യംകൊണ്ട് കേരളത്തിന്റെ താരമാക്കി അവതരിപ്പിച്ചു. അതിനുശേഷമാണ് മലയാളത്തില്‍ ശുപ്പാണ്ടിക്കഥകളുടെ പേര് ജയരാജന്‍ കഥകളെന്നായിമാറിയത്. 'ഉറി ഉയര്‍ത്തിക്കെട്ടാത്തതുകൊണ്ടല്ലേ പാക്ക് ഭീകരര്‍ ആക്രമിച്ചതെന്നു'വരെയുള്ള തമാശകള്‍ ജയരാജന്‍ മണ്ടത്തരങ്ങളായി പ്രചരിച്ചു. എന്നാല്‍ ജയരാജന്‍ നമ്പ്യാര്‍ വെറും മണ്ടനല്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. വ്യവസായവകുപ്പ് കച്ചവടമാക്കാന്‍ ഇറങ്ങിത്തിരിച്ച പിണറായിയന്‍ കമ്മ്യൂണിസ്റ്റിന്റെ നേര്‍ക്കാഴ്ചയാണ് ഒന്നിനുപിറകെ ഒന്നായി പുറത്തുവന്ന നിയമനങ്ങളുടെ കഥകള്‍ വിളിച്ചുപറഞ്ഞത്. മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ജയരാജന്‍ മുതല്‍ മേഴ്‌സിക്കുട്ടിയമ്മ വരെയുള്ള മന്ത്രിമാര്‍ ബന്ധുക്കളെയും അടുപ്പക്കാരെയും വിവിധ പൊതുമേഖലാസ്ഥാപനങ്ങളുടെ മേധാവികളാക്കിയത്. ബന്ധുക്കളോരാന്നായി രാജിവെക്കുകയും ജയരാജന്റെ ജാഗ്രതക്കുറവില്‍ ഊന്നി നേതാക്കന്മാര്‍ പിന്നെയും മാന്യതയുടെ മുഖപടം അണിയുകയും ചെയ്യുന്നതോടെ പ്രശ്‌നം അവസാനിക്കുമെന്നാണ് കേന്ദ്രക്കമ്മറ്റിയുടെ ധാരണ. പൊട്ടന്റെ ബുള്ളറ്റിനുപിന്നിലിരുന്ന് വരുന്ന ഓണര്‍ ഷണ്മുഖന്റെ ചിത്രമാണ് കേരളത്തില്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്. മേഘം എന്ന ശ്രീനിവാസന്‍ സിനിമയിലെ കഥാപാത്രങ്ങളാണ് ഷണ്മുഖനും പൊട്ടനും. ഗ്രാമത്തില്‍ ആകെയുള്ള തീയറ്ററും തുണിക്കടയും ഷണ്മുഖന്റേതാണ്. പൊട്ടനടക്കം കുറേ സില്‍ബന്ധികള്‍ ഷണ്മുഖന് കൂട്ടിനുണ്ട്. തീയറ്ററില്‍ പടമിടുമ്പോള്‍ സ്‌ക്രീനില്‍ ആദ്യം തെളിയുന്നത് ഷണ്മുഖന്റെ ചിത്രമാണ്. അത് കാണുന്നപാടേ ആളുകള്‍ കൂവും. കൂവല്‍ കേട്ട് കലി കയറിയ ഷണ്മുഖന്‍ സ്‌ക്രീനിന് മുന്നില്‍ വന്ന് വിളിച്ചുപറയും... 'പടം ഞാന്‍ നിര്‍ത്തും. തീയറ്ററങ്ങ് പൂട്ടും. പിന്നെ നീയൊക്കെ എവിടെപ്പോയി സിനിമ കാണുമെന്ന് അറിയണമല്ലോ...' എന്നിട്ടും ബഹളം നിന്നില്ലെങ്കില്‍ 'പൊട്ടന്റെ കയ്യില്‍ നിന്ന് വാങ്ങിയേ അടങ്ങൂ' എന്നാണ് ഷണ്മുഖന്റെ ഭീഷണി. ആജാനുബാഹുവാണ് പൊട്ടന്‍. ഷണ്മുഖന്റെ ബുള്ളറ്റോട്ടുക, ഷണ്മുഖനുവേണ്ടി ആളെത്തല്ലുക, അവിടുന്ന് കിട്ടുന്നതെല്ലാം വാങ്ങുക തുടങ്ങിയവയാണ് കലാപരിപാടികള്‍.... ഒന്നും ഷണ്മുഖനായിട്ട് ചെയ്യില്ല. പൊട്ടന്‍ ചെയ്‌തോളും. പഴിയും അതിനുള്ള പണിയും പൊട്ടന് കിട്ടും. അത്രതന്നെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.