ജയരാജന്‍ - കോടിയേരി പോര് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട്

Saturday 15 October 2016 10:06 pm IST

തൃശൂര്‍: കണ്ണൂരില്‍ പാര്‍ട്ടി ഉരുക്കുകോട്ടയാണെന്നാണ് സിപിഎം നേതാക്കളും അണികളും അവകാശപ്പെടുന്നത്. എന്നാല്‍, ജയരാജന്റെ രാജിയോടെ അങ്ങനെയല്ലെന്ന് ബോധ്യപ്പെട്ടു. രണ്ടാമനാര് എന്നതിനെച്ചൊല്ലി കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും തമ്മിലുള്ള പോരിന് ഒരുദശകത്തിലേറെ പഴക്കമുണ്ട്. ഒളിഞ്ഞും മറഞ്ഞും നടത്തിയിരുന്ന പോര് ഇപ്പോള്‍ തുറന്ന പോരാട്ടത്തിലായി. പോരില്‍ പിണറായി, ജയരാജനോടൊപ്പമായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിയെ മറികടന്ന് ഇ.പി. ജയരാജനെ പാര്‍ട്ടിസെക്രട്ടറിയാക്കാന്‍ പിണറായി നീക്കം നടത്തിയത് ഉദാഹരണം. പിബി അംഗങ്ങളാരും സെക്രട്ടറിയാകേണ്ടെന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങളിലാരെങ്കിലും സെക്രട്ടറിയാകട്ടെയെന്നും പിണറായി വാദിച്ചു. എന്നാല്‍, കേന്ദ്രനേതൃത്വം ഇത് തള്ളിയതോടെ കോടിയേരിക്ക് നറുക്ക് വീണു. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നിലെല്ലാം ജയരാജനുണ്ടായിരുന്നു. കോടിയേരിക്കും മകന്‍ ബിനീഷിനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം കത്തിച്ചത് ജയരാജനായിരുന്നു. മറ്റുപാര്‍ട്ടി നേതാക്കളെ ഉപയോഗപ്പെടുത്തി കോടിയേരിക്കെതിരെ പത്രസമ്മേളനം വരെ സംഘടിപ്പിച്ചിട്ടുണ്ട് ജയരാജന്‍. ബിനീഷ് കോടിയേരി കോടികളുടെ സ്വത്ത് വാങ്ങിക്കൂട്ടിയെന്ന വെളിപ്പെടുത്തലിന് പിന്നിലും ജയരാജനുണ്ടായിരുന്നു. ജയരാജനെതിരെ കോടിയേരിയും കരുക്കള്‍ നീക്കി. തൃശൂരിലെ ജയരാജന്റെ ഭൂമിയിടപാടുകള്‍, വ്യാപാരി വ്യവസായി സമിതി നേതാവുമായുള്ള വഴിവിട്ട അടുപ്പം എന്നിവയെല്ലാം പുറത്തുവന്നത് കോടിയേരി വഴിക്കാണ്. പാര്‍ട്ടിക്കുള്ളില്‍ വിഎസ് - പിണറായി പോര് കത്തിനില്‍ക്കെ കോടിയേരി - ഐസക് - ബേബി ത്രയം കുറുമുന്നണി ഉണ്ടാക്കിയത് പിണറായിയെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ മറികടന്ന് ജയരാജനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പിണറായി തീരുമാനിച്ചത്. ഇതോടെ കോടിയേരിയും ജയരാജനും തമ്മിലുള്ള പോരിന് മൂര്‍ച്ചയേറി. പി.കെ.ശ്രീമതിയെച്ചൊല്ലി ഇരുവരും തമ്മില്‍ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ശീതസമരവും പോരിന് വീര്യം പകര്‍ന്നു. ബിനീഷ് കോടിയേരിയുടെ സൗഹൃദമാണ് പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ വഴിതെറ്റിക്കുന്നതെന്ന് ജയരാജന്‍ ആരോപിച്ചിരുന്നു. കോടിയേരിയുമായി വളരെ അടുപ്പത്തിലായിരുന്ന ശ്രീമതി ജയരാജന്റെ ഇടപെടലോടെ അകന്നു. ശ്രീമതി ബിനീഷിനെ തള്ളിപ്പറയാനും തയ്യാറായി. പിണറായിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം തേടിയായിരുന്നു ഇരുവരും തമ്മിലുള്ള മത്സരം ശക്തിപ്പെട്ടത്. കിട്ടുന്നിടത്തുവെച്ചെല്ലാം പരസ്പരം പാരവെക്കാന്‍ ഇരുവരും മത്സരിച്ചു. ഒടുവില്‍ സാഹചര്യം ഒത്തുവന്നതോടെ കോടിയേരി കുരുക്ക് മുറുക്കി. ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായി. കണ്ണൂരിലെ സിപിഎം നേതൃത്വത്തിനുള്ളില്‍ നിന്ന് ഞെട്ടിക്കുന്ന പലകഥകളും ഇനിയും പുറത്തുവരാന്‍ ഇടയുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.