കോടതികളില്‍ മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം

Saturday 15 October 2016 10:38 pm IST

കൊച്ചി: ഹൈക്കോടതിയിലും ജില്ലാ കോടതികളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) 54 ാം സംസ്ഥാന സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം ഒരു വിഭാഗം അഭിഭാഷകര്‍ കായികമായി തടസപ്പെടുത്തുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിനും പൗരന്റെ അറിയാനുള്ള അവകാശത്തിനുമെതിരെയുള്ള നഗ്‌നമായ കൈയേറ്റമാണിത്. ഹൈക്കോടതി ചീഫ് ജസ്റ്റിസും രാഷ്ട്രീയനേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും അഭിഭാഷകര്‍ പിന്‍മാറാത്തത് ആശങ്കാജനകമാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും എതിരെയുള്ള എല്ലാ നടപടികളില്‍ നിന്നും പിന്‍മാറണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം അഭിഭാഷകരോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഏതാനും അഭിഭാഷകരെ ഒറ്റപ്പെടുത്തണമെന്നും അഭിഭാഷകവൃത്തിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സൗഹാര്‍ദം പുനഃസ്ഥാപിക്കാനും തയ്യാറാകണമെന്നും മുഴുവന്‍ അഭിഭാഷകരോടും സമ്മേളനം അഭ്യര്‍ഥിച്ചു. ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും വര്‍ക്കിംങ് ജേണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പുതിയ വേജ്‌ബോര്‍ഡ് രൂപീകരിക്കുക, മീഡിയ വണ്‍ ടി വി ചാനലിലെ പിരിച്ചുവിടല്‍ നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.