ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും

Sunday 16 October 2016 11:22 pm IST

കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. വ്യവസായി വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സിന്റെ കൊച്ചി ഓഫീസിലെത്താനാണ് ബാബുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിലും ബാബുവിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. ബാര്‍ കോഴക്കേസില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതിലും ബാബു കോടികളുടെ അഴിമതി നടത്തിയെന്ന കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ്‌സ് അസോസിയേഷന്‍ നേതാവ് വി.എം. രാധാകൃഷ്ണന്റെ പരാതിയില്‍ വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈഎസ്പി ഫിറോസ് എം. ഷെഫീക്ക് ആണ് അന്വേഷണം നടത്തുന്നത്. ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് ത്വരിത പരിശോധനയില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന്, ബാര്‍-ബിയര്‍ പാര്‍ലര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട രേഖകള്‍ സെക്രട്ടറിയറ്റില്‍നിന്ന് ശേഖരിച്ചു. ഉദ്യോഗസ്ഥരുടെയും വി.എം. രാധാകൃഷ്ണന്റെയും മൊഴിയെടുത്തു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റി ലീഗല്‍ ഫണ്ടിലേക്ക് ബാറുടമകളില്‍നിന്ന് പിരിച്ചെടുത്ത തുകയുടെ കണക്ക് രാധാകൃഷ്ണന്‍ ഹാജരാക്കി. ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പിരിച്ച തുകയുടെ കണക്ക് ഹാജരാക്കാന്‍ മുഴുവന്‍ ജില്ലാ കമ്മിറ്റികളോടും വിജിലന്‍സ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരാക്കിയില്ല. സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സിന് കൈമാറിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാബുവും കൂട്ടുപ്രതികളായ ബിനാമികളും തമ്മിലുള്ള ഫോണ്‍കോള്‍ വിശദാംശങ്ങളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായാലുടന്‍ ബാബുവിനെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ഫോണ്‍കോള്‍ പരിശോധനയ്ക്ക് സൈബര്‍ സെല്ലിന്റെ സഹായം തേടി. അടുത്തയാഴ്ച അവസാനത്തോടെ ബാബുവിനെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലിന് ബാബുവും ബിനാമികളായ ബാബുറാം, മോഹനന്‍ എന്നിവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.